ഡിജിറ്റല്‍ യൂറോ: യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഭിന്നത- മെയ്മാസം വോട്ടെടുപ്പുണ്ടാകും

New Update
H

ബ്രസല്‍സ്: ഇ സി ബിയുടെ ഡിജിറ്റല്‍ യൂറോ പദ്ധതിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍ ഇടങ്കോലിടുന്നു.ചില സെന്‍ട്രിസ്റ്റ് തീവ്ര വലതുപക്ഷ എം ഇ പിമാരുമാണ് എതിര്‍പ്പുമായി രംഗത്തുള്ളത്.യൂറോപ്യന്‍ പാര്‍ലമെന്റില്‍ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (ഇ പി പി) സ്പാനിഷ് നിയമനിര്‍മ്മാതാവ് ഫെര്‍ണാണ്ടോ നവാറെറ്റ് റോജാസ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ചേര്‍ന്ന് രൂപീകരിച്ച ന്യൂനപക്ഷ ബ്ലോക്കാണ് ഡിജിറ്റല്‍ യൂറോയുടെ വഴി മുടക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. അടുത്ത യോഗം മാര്‍ച്ച് 10ന് നടക്കും. മെയ് മാസത്തില്‍ ഇതിന്മേല്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

പദ്ധതി നടപ്പാക്കുന്നതിനുള്ള ഭൂരിപക്ഷം പാര്‍ലമെന്റിലുണ്ടായിട്ടില്ല. ബെര്‍ലിനില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനിടയിലും ജര്‍മ്മന്‍ പ്രതിനിധി സംഘം ശക്തമായി ഇതിനെ അനുകൂലിക്കുന്നു.പുതിയ ഒത്തുതീര്‍പ്പും ഭേദഗതികളും കമ്മീഷന്റെ പദ്ധതിയുടെ വ്യാപ്തി കുറയ്ക്കുമെന്ന ആശങ്കയും വന്നിട്ടുണ്ട്.കൗണ്‍സിലില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഡിജിറ്റല്‍ യൂറോ അംഗീകരിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ, നിയമനിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാവില്ല.

ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ രൂപത്തിലുള്ള പണമാണ് ബ്രസ്സല്‍സ് നിര്‍ദ്ദേശിച്ചത്.ഓഫ്‌ലൈന്‍ മോഡലിനാണ് നവാറെറ്റ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ ശ്രമം.ഒത്തുതീര്‍പ്പെന്ന നിലയില്‍ നവാറെറ്റ് അവതരിപ്പിച്ച ഭേദഗതികള്‍ നിയമനിര്‍മ്മാണത്തെ സ്തംഭിപ്പിക്കുമെന്ന ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.

ഡിജിറ്റല്‍ യൂറോയ്ക്ക് പാര്‍ലമെന്റ് നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഇതുള്‍പ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് ഫെബ്രുവരി 10ന് നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചിരുന്നു. ഡിജിറ്റല്‍ യൂറോയെ അനുകൂലിക്കുന്നതിന് രണ്ട് ഭേദഗതികളും കൊണ്ടുവന്നു. ഡിജിറ്റല്‍ യൂറോയെ എതിര്‍ക്കുന്നവര്‍ യൂറോപ്പിന് ദോഷം ചെയ്യുന്നവരാണെന്ന് വൈസ് ചാന്‍സലര്‍ ലാര്‍സ് ക്ലിംഗ്ബെയ്ല്‍ വ്യക്തമാക്കിയിരുന്നു.

ഡിജിറ്റല്‍ യൂറോ

യൂറോപ്യന്‍ യൂണിയനും യു എസും തമ്മിലുള്ള സാമ്പത്തിക സംഘര്‍ഷങ്ങളാണ് ഡിജിറ്റല്‍ യൂറോയ്ക്ക് രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നത്. അമേരിക്കന്‍ ഡിജിറ്റല്‍ ഭീമന്മാരെ യൂറോപ്പ് ആശ്രയിക്കുന്നതും ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂട്ടി.

യു എസ് ആസ്ഥാനമായ വിസയും മാസ്റ്റര്‍കാര്‍ഡുമാണ് യൂറോപ്പിലെ ദൈനംദിന കാര്‍ഡ് ചെലവിന്റെ ഭൂരിഭാഗവും നിറവേറ്റുന്നത്.യൂറോപ്യന്‍ യൂണിയനിലെ കാര്‍ഡ് പേയ്‌മെന്റുകളുടെ 61% എല്ലാ ക്രോസ്-ബോര്‍ഡര്‍ കാര്‍ഡ് പേയ്‌മെന്റുകളും ഈ രണ്ട് നെറ്റ്വര്‍ക്കുകളുമാണ് നടത്തുന്നതെന്ന് 2025ലെ ഇ സി ബി ഡാറ്റ കാണിക്കുന്നു.

അതിന് ബദലെന്ന നിലയിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇലക്ട്രോണിക് രൂപത്തിലുള്ള പണം അവതരിപ്പിച്ചത്.ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും പേയ്‌മെന്റുകള്‍ക്ക് ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കാനാകും. ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയാത്ത വിധത്തിലാകും അത് രൂപകല്‍പ്പന ചെയ്യുകയെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Advertisment