/sathyam/media/media_files/rpEsRo0FT5yVSKvEST23.jpg)
ഡബ്ലിന്‍ : മാരകമായ രോഗ ബാധിതര്‍ക്ക് ദയാവധത്തിന് സമാനമായി മരണം അനുവദിക്കുന്ന നിയമം (അസിസ്റ്റഡ് ഡൈയിംഗ്) അയര്‍ലണ്ടിലും വൈകാതെ വന്നേക്കും. മാരകമായ രോഗം ബാധിച്ചയാള്‍ കുറച്ചുകാലം മാത്രമേ ജീവിക്കുകയുള്ളൂവെങ്കില്‍ മെഡിക്കല്‍ സഹായത്തോടെ മരിക്കാന്‍ നിയമമുണ്ടാകണമെന്ന് ഇതിനായി നിയോഗിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തതോടെയാണിത്.
അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച സംയുക്ത സമിതി മാര്‍ച്ച് 20ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. നിരവധി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടിന്റെ രൂപരേഖ അംഗീകരിച്ചത്. അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച നിയമനിര്‍മ്മാണവും നയവും രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് സംയുക്ത സമിതിയെ കഴിഞ്ഞ വര്‍ഷമാണ് നിയോഗിച്ചത്.
ആറ് മുതല്‍ പന്ത്രണ്ട് വരെ മാസങ്ങള്‍ക്കിടയില്‍ മരിക്കാന്‍ സാധ്യതയുള്ളയാള്‍ക്ക് ജീവിതം നേരത്തെ തന്നെ അവസാനിപ്പിക്കാന്‍ സഹായം ലഭ്യമാകുന്ന വിധത്തില്‍ നിയമം മാറ്റണമെന്നാണ് കമ്മിറ്റിയിലെ ഭൂരിഭാഗം ടിഡിമാരും സെനറ്റര്‍മാരും അഭിപ്രായപ്പെട്ടത്.
ഭേദമാകാത്തതും മാറ്റാനാകാത്തതുമായ രോഗമോ മെഡിക്കല്‍ അവസ്ഥയോ ഉള്ളവരെയും ആറുമാസത്തിനുള്ളില്‍ മരിക്കുമെന്ന് ഉറപ്പുള്ളവരെയുമായിരിക്കും പ്രാഥമികമായി നിയമം പരിഗണിക്കുക. ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകള്‍ക്ക് ഈ സമയപരിധി 12 മാസമായി ദീര്‍ഘിപ്പിക്കും.
രോഗിയ്ക്ക് സഹിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുരിതവും കഷ്ടപ്പാടുകളുമാണ് അസുഖം ഉണ്ടാക്കുന്നതെന്ന പ്രസ്താവന നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തില്‍ ഉണ്ടാകണമെന്നും കമ്മിറ്റി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍, അസിസ്റ്റഡ് ഡൈയിംഗിന് വ്യക്തിക്ക് അര്‍ഹതയുണ്ടാകും. ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ മേല്‍നോട്ടവും ഇക്കാര്യത്തിലുണ്ടാകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us