/sathyam/media/media_files/2025/12/11/c-2025-12-11-04-37-38.jpg)
വാഷിംഗ്ടണ്‍ : യൂറോപ്യന്‍ യൂണിയനെ പരസ്യമായി ഇകഴ്ത്തി സംസാരിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധമുയര്‍ന്നു.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ എന്നിവര്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു.
യൂറോപ്യന്‍ യൂണിയന്‍ വളരെ ദുര്‍ബലമാണെന്നും നശിച്ചുകൊണ്ടിരിക്കുകയുമാണെന്നായിരുന്നു പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഹാസം.ഇ യു ക്ഷയിക്കുകയാണെന്നും കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു.
ലിബറല്‍ കുടിയേറ്റ നയങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രതിരോധം വളര്‍ത്തിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ ആക്ഷേപം വന്നത്.ഈ വിഷയത്തില്‍ തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ സ്വീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ അവര്‍ യു എസ് സഖ്യകക്ഷികളായി തുടരില്ലെന്ന സൂചനയും ട്രംപ് നല്‍കി.
‘അവര്‍ ദുര്‍ബലരാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ രാഷ്ട്രീയമായി ശരിയായിരിക്കണെന്നും ആഗ്രഹിക്കുന്നു’ ട്രംപ് അഭിപ്രായപ്പെട്ടു.ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, സ്വീഡന്‍ എന്നിവയെ കുടിയേറ്റത്താല്‍ നശിപ്പിക്കുന്ന രാജ്യങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടി. ലണ്ടനിലെ ആദ്യത്തെ മുസ്ലീം മേയറായ സാദിഖ് ഖാനെതിരെ രൂക്ഷമായ ആക്രമണവും ട്രംപ് നടത്തി. ‘ഭയാനകം, ക്രൂരം, വെറുപ്പുളവാക്കുന്നത്’ എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം പരിഹരിക്കുന്നതില്‍ യൂറോപ്പിന്റെ പങ്കിനെയും ട്രംപ് വിമര്‍ശിച്ചു.വെറുതെ സംസാരിക്കുകയല്ലാതെ മറ്റൊരും ഫലവും അവര്‍ ഉണ്ടാക്കുന്നില്ലെന്നും യുദ്ധം തുടരുകയാണെന്നും ട്രംപ് ആക്ഷേപിച്ചു.
വാഷിംഗ്ടണ്‍ ബ്ലോക്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ തിരിച്ചടിച്ചു.യൂറോപ്യന്‍ യൂണിയനും യു എസും സഖ്യകക്ഷികളാണ്. സഖ്യകക്ഷികള്‍ സഖ്യകക്ഷികളായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ട്രംപിനെ ഓര്‍മ്മിപ്പിച്ചു.
യൂറോപ്യന്‍ യൂണിയന്‍ സ്ട്രോംഗാണെന്നും ട്രംപിന്റെ പരിഹാസത്തെ തള്ളിക്കളയുന്നതായും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി. ഉക്രെയ്‌നിനെതിരായ അന്യായമായ യുദ്ധം അവസാനിപ്പിക്കുന്നതുവരെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം തുടരണമെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.
പ്രതിരോധത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ പുതിയ വെല്ലുവിളികളുണ്ട്, പക്ഷേ ഇ യു അവ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ലോകത്തിലെ ഏറ്റവും ശക്തമാണ്. യുഎസുമായുള്ള സമീപകാല കരാര്‍ ആ വസ്തുതയെ അംഗീകരിക്കുന്നതാണ്. കോവിഡ്-19 പാന്‍ഡെമിക്കിനുള്ള പ്രതികരണം യൂറോപ്യന്‍ യൂണിയന്റെ ശക്തിയുടെ മറ്റൊരു ഉദാഹരണമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us