ഡബ്ലിൻ സിറ്റിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവർ 67% വർദ്ധിച്ചു; ഗാർഡയുടെ ശക്തമായ നിരീക്ഷണം വിജയം കണ്ടുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ

New Update
Gggb

ഡബ്ലിന്‍ സിറ്റിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ 67% വര്‍ദ്ധിച്ചതായി ഗാര്‍ഡ. ഇത്തരക്കാരെ പിടികൂടാനായി ഗാര്‍ഡ പൊലീസിങ് ശക്തമാക്കിയതാണ് ഇതിന് കാരണം.

Advertisment

മാര്‍ച്ച് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നതിന് പിടിക്കപ്പെടുന്നത് 18%, മദ്യപിച്ച് വാഹനമോടിക്കുന്നത് 67%, മയക്കുമരുന്ന് വിതരണം 3%, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെടുന്നത് 30% എന്നിങ്ങനെ വര്‍ദ്ധിച്ചതായും ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡബ്ലിൻ സിറ്റി ഹൈ വിസിബിലിറ്റി പോളിസിങ് പ്ലാനിന്റെ ഭാഗമായി ഡബ്ലിൻ’സ് ഡോക്‌ളേണ്ട്സില്‍ പോപ്പ്-അപ്പ്‌ ക്ലിനിക്സ് സ്ഥാപിച്ചത് അടക്കമുള്ള നടപടികളാണ് നിമലംഘകരെ കൂടുതലായി പിടികൂടാന്‍ സഹായകരമായതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ക്ലയണ റീചാർഡ്‌സൺ പറഞ്ഞു. ഈ ക്ലിനിക്കുകള്‍ വഴി എളുപ്പത്തില്‍ ഗാര്‍ഡയുമായി പൊതുജനത്തിന് ബന്ധപ്പെടാന്‍ സാധിക്കും. പൊലീസ് നിരീക്ഷണം വിപുലപ്പെടുത്തിയത് വലിയ ഗുണം ചെയ്തുവെന്നാണ് ആദ്യ ആറ് മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നും റീചാർഡ്‌സൺ കൂട്ടിച്ചേര്‍ത്തു.

ആറ് മാസത്തിനിടെ ആളുകളില്‍ നിന്നുള്ള പിടിച്ചുപറി 30%, ആളുകളില്‍ നിന്നുള്ള മോഷണം 28%, സ്ഥാപനങ്ങളിലെ കൊള്ള 9%, ഭിക്ഷാടനം 57%, ചെറിയ അക്രമസംഭവങ്ങള്‍ 4%, പരിക്ക് പറ്റുന്ന രീതിയിലുള്ള അക്രമങ്ങള്‍ 17% എന്നിങ്ങനെ വര്‍ദ്ധിച്ചു. 3,750-ധികം അറസ്റ്റുകള്‍, 8,000-ലധികം ചാര്‍ജ്ജുകള്‍/സമന്‍സുകള്‍ നല്‍കല്‍ എന്നിവയും ഈ കാലയളവിനിടെ ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതല്ല, മറിച്ച് നിരീക്ഷണം ശക്തമാക്കിയതിലൂടെ കുറ്റം ചെയ്യുന്നത് പിടിക്കപ്പെടുന്നത് വര്‍ദ്ധിച്ചു എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത് എന്നും ഗാര്‍ഡ പറഞ്ഞു.

Advertisment