ഡബ്ലിൻ: ഇതാദ്യമായി ഡബ്ലിന്‍ 15 പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ബ്ലാഞ്ചരട്സ്ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്ക് ഫോഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുകയും, ഉപയോഗിക്കുകയും ചെയ്യുന്നതിന് തെളിവുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വെളിപ്പെടുത്തിയത്. ഡബ്ലിന്‍ 15-ലെ എല്ലാ സെക്കന്‍ഡറി സ്‌കൂളിലും ഇത്തരത്തില്‍ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മയക്കമരുന്ന് ഉപയോഗവും കുട്ടികകളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോ, സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണമോ ഒന്നും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത് സമൂഹത്തിലെ എല്ലാ ചുറ്റുപാടിലുമുള്ള കുട്ടികളും മയക്കുമരുന്ന് വില്‍പ്പനയും, ഉപയോഗവും നടത്തുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ ശരാശരി പ്രായം 12 ആണെന്നും, വില്‍ക്കുന്നവരുടേത് 15 ആണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത് പ്രദേശത്തെ പല കുടുംബങ്ങളെയും മോശമായി ബാധിച്ചിട്ടുണ്ടെന്നും, ഒരു സാമൂഹികപ്രശ്‌നം തന്നെയായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രദേശത്ത് മയക്കമരുന്നിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. 2024-ലെ കണക്കുകള്‍ പ്രകാരം 18 വയസിന് താഴെയുള്ള 77 പേരാണ് ഇവിടെ അഡിക്ഷന് ചികിത്സ തേടിയത്. 2021-നെക്കള്‍ 51% അധികമാണിത്.
പ്രായപൂര്‍ത്തിയായവരില്‍ അഡിക്ഷന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 2016 അപേക്ഷിച്ച് 152% വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. പോയ വര്‍ഷം 616 പേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയത്.
ഈയിടെ നിരോധിച്ച എച്ച് എച്ച് സി വാപ്പ് ഓയിൽ, നൈട്രസ് ഓക്സിഡ് (ഫാസ്റ്റ് ഗ്യാസ്), എംഡിഎംഎ, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങി എല്ലാതരം മയക്കുമരുന്നുകളുടെയും ഉയോഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഭൂരിഭാഗം പേരും ഒന്നിലധികം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുമാണ്.
മയക്കുമരുന്ന് ലഭിക്കുന്നത് എളുപ്പമാകുക, ആവശ്യക്കാര്‍ വര്‍ദ്ധിക്കുക, വില്‍പ്പനക്കാര്‍ വര്‍ദ്ധിക്കുക എന്നിവയാണ് ഡബ്ലിന്‍ 15 പ്രദേശത്ത് മയക്കമുരുന്ന് ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. മദ്യത്തിന്റെ ഉപയോഗമാണ് പിന്നീട് മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്ക് എത്തിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.