ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിമാനത്താവളം അധികൃതർ

New Update
R

ഒരു മണിക്കൂറോളം ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിക്കിടന്ന കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിമാനത്താവളം അധികൃതർ. കിൽഡെയറിൽ നിന്നുള്ള ഓൺ നോളാൻ , മകൾ ഐൽഭ (9) ആൺമക്കളായ ഹുഗ് (5) മാക്സ് (2) എന്നിവരാണ് 2022 മെയ്‌ 30-ന് 50 മിനിറ്റ് നേരം എയർപോർട്ടിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയത്. സ്പെയിനിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുകയായിരുന്നു കുടുംബം.

Advertisment

കുടുംബത്തെ കാണാതായത്തോടെ എയർലൈൻ സ്റ്റാഫ്‌ നിരന്തരം ഇവർക്കായി അനൗൺസ്‌മെന്റുകൾ നടത്തുകയും, അമ്മയാകട്ടെ തന്റെ കുട്ടികളെ ആശ്വസിപ്പിക്കാനും അവരില്ലാതെ വിമാനം പറന്നുയരുന്നത് തടയാനും ശ്രമിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്നു.

ശുചിമുറിയിൽ നിന്ന് ഇവരെ പുറത്തെത്തിക്കാൻ മെയിന്റനൻസ് ജീവനക്കാർ നടത്തിയ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു മണിക്കൂറോളം കഴിഞ്ഞ് അഗ്നിരക്ഷാ സേന എത്തി വാതിൽ പൊളിച്ചാണ് കുടുംബത്തെ രക്ഷിച്ചത്. കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിലിന്റെ അകത്തെ ഹാൻഡിൽ ഊരിപ്പോയതാണ് ഇതിനെല്ലാം കാരണമായത്.

സമയത്ത് തന്നെ കുടുബത്തിന് വിമാനം കയറാൻ സാധിച്ചെങ്കിലും, ഈ സംഭവത്തെ തുടർന്നുണ്ടായ മാനസിക ആഘാതം അവരുടെ ഒരാഴ്ച നീണ്ടുനിന്ന അവധിക്കാലത്തെയും ബാധിച്ചു.

സംഭവത്തിൽ ആൺകുട്ടികൾ ഇരുവർക്കും 7,000 യൂറോ വീതം നഷ്ടപരിഹാരം നൽകാൻ നേരത്തെ ജില്ലാ കോടതി വഴി തീരുമാനമായിരുന്നു. ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച പെൺകുട്ടിയായ അലിഭേന് ചെലവുകൾ അടക്കം 21,000 യൂറോ നഷ്ടപരിഹാരം നൽകാനാണ് എയർപോർട്ട് അധികൃതർക്ക് ഇൻജുറീസ് ബോർഡ് നിർദ്ദേശം നൽകിയത്. ഇതിൽ സംതൃപ്തരാണെന്ന് കുടുംബം അറിയിച്ചു.

Advertisment