/sathyam/media/media_files/2025/09/16/ygvv-2025-09-16-03-22-02.jpg)
ഡബ്ലിന്‍:ഡബ്ലിന്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിന്മേലുള്ള നിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിന്റെ കരട് വൈകാതെ ഗതാഗത മന്ത്രി ദാരാ ഒ ബ്രിയന്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ഗതാഗതമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.എയര്‍പോര്‍ട്ടിനും എയര്‍ലൈനുകള്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനമാകുമിതെന്നാലും റസിഡന്‍സ് ഗ്രൂപ്പുകളും ക്ലൈമറ്റ് കാംപെയിനേഴ്സും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.നിലവില്‍ യാത്രക്കാരുടെ എണ്ണം 32 മില്യണായാണ് നിജപ്പെടുത്തിയിട്ടുള്ളത്.ഈ പരിധിയാണ് നീക്കുക.ഇതേ പ്രശ്നത്തെ തുടര്‍ന്നാണ് ഡബ്ലിനിലേയ്ക്ക് ഇന്ത്യയില്‍ നിന്നടക്കമുള്ള കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാതിരുന്നതിനും കാരണം പറഞ്ഞിരുന്നത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി 2007 മുതലാണ് ഡബ്ലിന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. അന്നുമുതല്‍ ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നു.
ഡബ്ലിന്‍ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് പരിധിയേര്‍പ്പെടുത്തിയത് ദീര്‍ഘകാലമായി തുടരുന്ന വിവാദമാണ്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയെന്ന് റയ്നെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് മീഹോള്‍ ഒ ലിയറി ഈ ആഴ്ച ആദ്യം ആരോപിച്ചു.’ഞങ്ങള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തു. ജനുവരിയില്‍ അവര്‍ ഒരു പരിപാടി പ്രസിദ്ധീകരിച്ചു, എത്രയും വേഗം പരിധി നീക്കം ചെയ്യുമെന്ന് പറഞ്ഞു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും നടപടിയുമില്ല. ഒന്നും ചെയ്യാത്ത സര്‍ക്കാരും മന്ത്രിയുമാണ് നമ്മുടേത് ‘ മീഹോള്‍ ഒ ലിയറി പറഞ്ഞു.
അതേ സമയം പരിധി പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ സെന്റ് മാര്‍ഗരറ്റ്‌സ് ദി വാര്‍ഡ് റസിഡന്റ്‌സ് ഗ്രൂപ്പിന്റെ വക്താവ് നിയാം മഹര്‍ രംഗത്തുവന്നു. കൂടുതല്‍ രാത്രി സര്‍വീസുകളും മറ്റും വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് നിയാം മഹര്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യേണ്ട മന്ത്രി മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചില്‍ഡ്രന്‍സ് റൈറ്റ്സ് ഓവര്‍ ഫ്ളൈറ്റ്സ് ആരോപിച്ചു.
2023 ഡിസംബറില്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന് സമര്‍പ്പിച്ച പ്ലാനിംഗ് അപേക്ഷയില്‍ യാത്രക്കാരുടെ പരിധി 40 മില്യണായി ഉയര്‍ത്തുന്നത് വിമാന ഉദ്വമനം 24% വര്‍ദ്ധിപ്പിക്കുമെന്ന് ഡി എ എ വെളിപ്പെടുത്തിയിരുന്നു.