പൊതു ഇടങ്ങളിലെ ‘ലോക്ക് ബോക്സുകൾ’ ശല്യം തന്നെ; നിരോധിക്കാൻ തയ്യാറെടുത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ

New Update
Hftjvhkvg

ഡബ്ലിന്‍ നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലോക്ക് ബോക്‌സുകള്‍ക്ക് ഈ വരുന്ന ഏപ്രില്‍ 14 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് സിറ്റി കൗണ്‍സില്‍. എയർബൻബ് പോലുള്ള ഹ്രസ്വകാല വാടക കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൊടുക്കുന്നതിന് അടക്കം വ്യാപകമായി ഇത്തരം ലോക്ക് ബോക്‌സുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ലോക്ക് ബോക്‌സില്‍ താക്കോല്‍ വച്ച ശേഷം വാടകക്കാര്‍ക്ക് ബോക്‌സ് തുറക്കാനുള്ള കോഡ് നല്‍കുകയാണ് ചെയ്യുന്നത്. വാടകക്കാര്‍ ഉടമയെ നേരിട്ട് കാണാതെ തന്നെ കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് താക്കോല്‍ എടുക്കുന്നതാണ് രീതി.

Advertisment

എന്നാല്‍ ഇത്തരം ലോക്ക് ബോക്‌സുകള്‍ പൊതു ഇടങ്ങളില്‍ പലയിടത്തായി സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കണ്ടാണ് സിറ്റി കൗണ്‍സില്‍ ഇവ നിരോധിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ബൈക്ക് സ്റ്റാന്‍ഡുകള്‍, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം ലോക്ക് ബോക്‌സുകള്‍ കൂട്ടമായി സ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ആളുകള്‍ക്ക് നടക്കാനും മറ്റും ഇവ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. റോഡ്‌സ് ആക്ട് പ്രകാരം ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ശ്രദ്ധയില്ലാതെ നിലത്ത് കിടക്കുന്ന ബോക്‌സുകളില്‍ ക്രമേണ രോഗാണുക്കള്‍ നിറയാനുള്ള സാധ്യതയും കൂടുതലാണ്.

വാടകക്കാര്‍ക്ക് താക്കോല്‍ നല്‍കുന്നതിനായി പകരം സംവിധാനങ്ങള്‍ കണ്ടെത്താന്‍ എയർബ്ൻബ് അടക്കമുള്ള സംവിധാനങ്ങളോട് കൗണ്‍സില്‍ ആവശ്യപ്പെടും. ഏപ്രില്‍ 14 മുതല്‍ ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ കാണപ്പെടുന്ന ബോക്‌സുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment