/sathyam/media/media_files/2025/10/25/hhbb-2025-10-25-03-22-45.jpg)
ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ രണ്ട് ദിവസമായി നടന്നുവന്ന പ്രതിഷേധം കഴിഞ്ഞ രാത്രിയില്‍ കാര്യമായ അനിഷ്ടസംഭവങ്ങളില്ലാതെ പിരിഞ്ഞു. ഇത് കളിയല്ല എന്നും, ആളുകള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ കലാപത്തില്‍ ഏര്‍പ്പെടരുതെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച പ്രദേശത്ത് ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26-കാരനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ കുടിയേറ്റക്കാരനാണ് എന്നതാണ് കുടിയേറ്റവിരുദ്ധര്‍ ഒത്തുചേര്‍ന്നുള്ള പ്രക്ഷോഭത്തിലേയ്ക്ക് നയിച്ചത്.
ചൊവ്വ, ബുധന്‍ രാത്രികളിലായി നടന്നുവന്ന പ്രതിഷേധം കലാപത്തിന് വഴിമാറിയതിനെ തുടര്‍ന്ന് ഗാര്‍ഡയുടെ വാഹനം തീവച്ച് നശിപ്പിക്കുകയും, മറ്റനേകം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നാല് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
31 പേരാണ് കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ 28 പേര്‍ പുരുഷന്മാരാണ്. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരും അറസ്റ്റിലായി. 15 സ്‌കൂട്ടറുകളും, ഇ-ബൈക്കുകളും ഗാര്‍ഡ പിടിച്ചെടുക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളും, ബോഡി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കലാപത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ഗാര്‍ഡ ശ്രമം തുടരുകയാണ്. കലാപത്തില്‍ പങ്കാളികളായവര്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാനും മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us