അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തലാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. മിക്ക വീടുകളും ബിന്നുകളിലാണ് മാലിന്യം സൂക്ഷിക്കുന്നതെങ്കിലും നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ബിന്നുകള്‍ വയ്ക്കാന്‍ സ്ഥലസൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണം.
ഡബ്ലിന്‍ നഗരത്തിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ അമിതമായി മാലിന്യമുണ്ടെന്നും, ഇതിന് പ്രധാന കാരണം പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം ശേഖരിക്കുന്നതാണെന്നും ഐറിഷ് ബിസിനസ് എഗൈൻസ്റ്റ് ലിറ്റർ ഈയിടെ വ്യക്തമാക്കിയിരുന്നു.
ഇത്തരമൊരു പ്രശ്‌നം നഗരത്തിലെ മറ്റ് പലയിടങ്ങളിലും ഉണ്ടെന്ന് പറഞ്ഞ സിറ്റി കൗണ്‍സില്‍ വക്താവ് ഡെറിക് കെല്ലി, നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും കൗണ്‍സില്‍ എടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുകൂടി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തലാക്കാന്‍ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, എന്നാല്‍ അതത്ര എളുപ്പമല്ലെന്നും കെല്ലി പറഞ്ഞു. ആദ്യ ഘട്ടമായി ഗ്രാഫട്ടൻ സ്ട്രീറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. ഇവിടെ രണ്ട് പ്രധാന ഇടങ്ങളിലായി രണ്ട് വേസ്റ്റ് കമ്പക്ടർസ് സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലാകമാനം പ്ലാസിറ്റിക് ബാഗിലെ മാലിന്യശേഖരണം അവസാനിപ്പിക്കാന്‍ 18 മുതല്‍ 24 മാസം വരെ എടുക്കുമെന്നും കെല്ലി വ്യക്തമാക്കി.