/sathyam/media/media_files/2025/09/24/bbv-2025-09-24-03-52-55.jpg)
ഡബ്ലിനിലെ ആശുപത്രികള്‍ക്കിടയില്‍ രോഗികളെ ആംബുലന്‍സില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് യുനൈറ്റ് അറിയിച്ചു.
ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കിടയിലായി രോഗികളെ പരസ്പരം ആംബുലന്‍സുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ പുറത്തു നിന്നുള്ള സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ യുനൈറ്റ്, സിപ്റ്റു എന്നീ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞയാഴ്ച സമരം നടത്താന്‍ ആലോചിച്ചിരുന്നു. എമര്‍ജന്‍സി ആംബുലന്‍സുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് കരാര്‍ പുറത്ത് ഏല്‍പ്പിക്കാന്‍ നീക്കം നടന്നത്. എന്നാല്‍ ഇത് തങ്ങളുമായി കൂടിയാലോചിച്ചില്ല എന്നു പറഞ്ഞ സംഘടനകള്‍, ഇത്തരത്തില്‍ കരാര്‍ പുറത്ത് കൊടുക്കുന്നതിന് പകരമായി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് നിലപാടെടുക്കുകയും, തീരുമാനവുമായി മുന്നോട്ട് പോയാല്‍ സമരം വേണ്ടിവരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
തീരുമാനം പിന്‍വലിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം തൊഴിലാളികളുടെയും, രോഗികളുടെയും വിജയമാണെന്ന് യുനൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. ഇത്തരത്തില്‍ പുറം കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് തടസം സൃഷ്ടിക്കുമെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.