/sathyam/media/media_files/2025/09/21/vvv-2025-09-21-03-48-09.jpg)
ലോകത്ത് കാറുമായി യാത്ര ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഡബ്ലിന്‍. ‘ഡബ്ലിനില്‍ കാര്‍ ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാണോ’ എന്ന് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 100% വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമായ നാഷൻവൈഡ് വെഹിക്കിൾ കോൺട്രാക്ടസ് നടത്തിയ ഗവേഷണത്തില്‍, ലോകത്ത് കാര്‍ യാത്ര ഏറ്റവും ദുഷ്‌കരമായിട്ടുള്ള നഗരം മെക്‌സിക്കോ സിറ്റിയാണ്. ബാങ്കോക്ക്, മഡ്രിഡ്, ഇസ്താബുള്‍ എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍. അഞ്ചാമത് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനും. ടോക്കിയോ, ലോസാഞ്ചലസ് മുതലായ ലോകനഗരങ്ങളെക്കാള്‍ ബുദ്ധിമുട്ടാണ് ഡബ്ലിനില്‍ കാര്‍ ഡ്രൈവ് ചെയ്യാനെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികയില്‍ ജോഹന്നാസ്ബര്‍ഗ് ആറാം സ്ഥാനത്ത് എത്തിയപ്പോള്‍, ടോക്കിയോ ഏഴ്, കെയ്‌റോ എട്ട്, ഹോങ്കോങ് ഒമ്പത്, ലോസാഞ്ചലസ് പത്ത് എന്നീ സ്ഥാനങ്ങളിലാണ്.
ഗതാഗതക്കുരുക്ക്, ദിശ സെര്‍ച്ച് ചെയ്യല്‍ (ഡയറക്ഷൻ ബേസ്ഡ് സെർച്ചേസ്) എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദിശ നോക്കിയുള്ള സെര്‍ച്ചുകളില്‍ ലോകനഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഡബ്ലിന്‍. വഴി മനസിലാകാത്തതോ, തെറ്റിപ്പോയതോ കാരണമുള്ള സെര്‍ച്ചുകള്‍ക്കാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യത്തില്‍ ഡബ്ലിന് മുന്നില്‍ മഡ്രിഡ് മാത്രമാണുള്ളത്.
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തുമാണ് ഡബ്ലിന്‍. 10 കി.മീ സഞ്ചരിക്കാന്‍ ശരാശരി 32 മിനിറ്റ് 45 സെക്കന്റ് എന്നതാണ് ഡബ്ലിനിലെ സ്ഥിതി.