ഡബ്ലിന്‍ കോവാലനിലെ ഇന്ത്യക്കാരടക്കമുള്ള 400 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

New Update
H

ഡബ്ലിന്‍: മെറ്റയുടെ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന്റെ ആഘാതം അയര്‍ലണ്ടിലേയ്ക്കുമെത്തി.മെറ്റയ്ക്ക് സര്‍വ്വീസ് നല്‍കിയിരുന്ന ഐറിഷ് കമ്പനിയായ കോവാലനിലെ 400 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു.ക്രിസ്മസ് അടുത്തുവരുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ പിരിച്ചുവിടല്‍ വാര്‍ത്ത തൊഴിലാളികളെയാകെ ഞെട്ടിച്ചുകളഞ്ഞു.

Advertisment

എ ഐ അനോട്ടേറ്റര്‍ റോളുകളിലുള്ള 310ലധികം പേര്‍ക്കും ക്വാളിറ്റി അനലിറ്റിക്സിലെ 59 പേര്‍ക്കും മാനേജ്മെന്റ്, സപ്പോര്‍ട്ട് റോളുകളിലുള്ള 51 പേര്‍ക്കും ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.

കൂട്ട പിരിച്ചുവിടല്‍ പ്രക്രിയയുടെ ഭാഗമായി തൊഴിലുടമയുമായി ബന്ധപ്പെടേണ്ട ജീവനക്കാരുടെ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തിങ്കളാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്.

അയര്‍ലണ്ടിലെ നിലവിലെ നിയമമനുസരിച്ച് 30 ദിവസത്തില്‍ കുറയാത്ത കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയാണ് ഉണ്ടാവുകയെന്ന് കോവാലന്‍ പറഞ്ഞു.അയര്‍ലണ്ടില്‍ എത്ര വര്‍ഷം ജോലി ചെയ്തിട്ടുണ്ടെങ്കിലും, നിയമപരമായി നല്‍കേണ്ട പിരിച്ചുവിടല്‍ വേതനം മാത്രമേ നല്‍കുകയുള്ളുവെന്നാണ് നിലപാടെന്ന് കോവാലന്‍ ഇതിനകം തന്നെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

തീര്‍ത്തും അപ്രതീക്ഷിതമാണ് പിരിച്ചുവിടാനുള്ള തീരുമാനമെന്ന് ജീവനക്കാര്‍ പറയുന്നു.രണ്ടാഴ്ച മുമ്പും പ്രോജക്റ്റ്-വൈഡ് മീറ്റിംഗ് നടത്തിയിരുന്നു.മികച്ച ജോലിയാണ് ചെയ്യുന്നതെന്നാണ് കമ്പനി അന്ന് പറഞ്ഞത്.റോബോട്ടിക് രീതിയിലുള്ളതുമായ ആശയവിനിമയമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു. ഉയര്‍ന്ന വാടകയും മോര്‍ട്ട്ഗേജുകളും അടയ്ക്കാനുള്ളവരാണ് നല്ലൊരു ശതമാനം ജീവനക്കാരും.ഇവരുടെ വരുമാനം കൊണ്ട് മാത്രമാണ് കുട്ടികളെയും കുടുംബത്തെയും പോറ്റുന്നത്.

അവിചാരിതമായ പിരിച്ചുവിടല്‍ നീക്കത്തിനെതിരെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ശക്തമായി രംഗത്തുവന്നു. ക്രിസ്മസ് നാളുകളില്‍ നൂറുകണക്കിന് തൊഴിലാളികളെ ഭയത്തിലും ഉത്കണ്ഠയിലും തള്ളിവിടുന്നത് അപലപനീയമാണെന്ന് സിഡബ്ല്യുയു സംഘാടകന്‍ ജോണ്‍ ബോഹാന്‍ പറഞ്ഞു.സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാര്‍ ഇതിനകം തന്നെ വ്യാവസായിക നടപടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

ജാപ്പനീസ് ഗ്രൂപ്പായ ഔട്ട്‌സോഴ്‌സിംഗ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള സിപിഎല്ലിന്റെ കീഴിലാണ് കോവാലന്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും മെറ്റയുടെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുകയും എഐക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് കോവാലന്‍.മെറ്റായ്ക്കായി ദീര്‍ഘകാലമായി പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച ജീവനക്കാരെല്ലാം. കോവാലന് അയര്‍ലണ്ടിലാകെ 2,000 ജീവനക്കാരുണ്ടെന്നാണ് കണക്ക്.

എ ഐ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പിരിച്ചുവിടലുണ്ടാകുമെന്ന് മെറ്റയുടെ ചീഫ് എ ഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ പ്രഖ്യാപനം വന്നത്.ജൂലൈയില്‍ മെറ്റയുടെ ലാമ എഐ പ്രോഗ്രാം മോഡറേറ്റ് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തത് കോവാലന്‍ ജീവനക്കാരായിരുന്നു.

Advertisment