ഡബ്ലിനിലെ മലയാളി നഴ്സിന് 56000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി, പെര്‍മനന്റ് ജോലി നിഷേധിച്ചത് ചട്ടലംഘനം

New Update
bvfdert67

ഡബ്ലിന്‍ : ഗര്‍ഭിണിയായതിന്റെ പേരില്‍ പെര്‍മനന്റ് ജോലി നിഷേധിക്കപ്പെട്ട നഴ്സിന് 56,160 യൂറോ നഷ്ടപരിഹാരം.

Advertisment

എംപ്ലോയ്‌മെന്റ് ഇക്വാലിറ്റി ആക്ട് വ്യവസ്ഥകള്‍ അനുസരിച്ചുള്ള മെറ്റേണിറ്റി അവകാശം നിഷേധിച്ചതിനെതിരെ ഡബ്ലിന്‍ സെല്‍ബ്രിഡ്ജിലെ മലയാളിയായ നഴ്‌സ് ടീന മേരി ലൂക്കോസ് വര്‍ക്ക് പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍ണ്ണായകമായ വിധിയുണ്ടയത്.

1998ലെ എംപ്ലോയ്‌മെന്റ് ഇക്വാലിറ്റി ആക്ട് വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള പരമാവധി പിഴയായ രണ്ട് വര്‍ഷത്തെ വേതനമാണ്  ഗ്ലെനാഷ്‌ലിംഗ് നഴ്‌സിംഗ് ഹോമിന്റെ ഉടമകളായ റിയാദ കെയര്‍ ലിമിറ്റഡിന് കമ്മീഷന്‍ വിധിച്ചത്. 104 ആഴ്ചത്തെ ശമ്പളമാണ് പിഴയിട്ടത്.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവേചനം തൊഴില്‍ നിയമത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളില്‍ ഒന്നാണെന്ന് മുമ്പൊരു കേസില്‍ ലേബര്‍ കോടതി നിരീക്ഷിച്ചത് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തുക കുറയ്ക്കണമെന്ന മറുവാദമൊന്നും പ്രതിഭാഗം ഉന്നയിക്കാത്തതിനാല്‍ പരമാവധി പിഴത്തുക വിധിക്കുകയാണെന്നും കമ്മീഷന്‍ അഡ് ജുഡിക്കേറ്റര്‍ വ്യക്തമാക്കി.

ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിശ്ചിതകാല കരാറിന് ശേഷം സ്ഥിരമായ കരാര്‍ നല്‍കിയില്ലെന്നായിരുന്നു ടീന മേരി ലൂക്കോസിന്റെ പരാതിയുടെ കാതല്‍.ഇത് തികഞ്ഞ വിവേചനപരമായ നടപടിയാണെന്ന് ടീന മേരി ലൂക്കോസ് വാദിച്ചു.മറ്റ് ജീവനക്കാര്‍ക്കെല്ലാം ഇത്തരം സാഹചര്യത്തില്‍ കരാര്‍ പുതുക്കി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

2022 ഓഗസ്റ്റിലായിരുന്നു ഇവരുടെ കരാര്‍ തീരുന്നത്.ജനുവരിയില്‍ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്നും സെപ്തംബറില്‍ വാര്‍ഷിക അവധി അനുവദിക്കണമെന്നും ജൂലൈയില്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.ജോലിയുടെ കരാര്‍ ഓഗസ്റ്റ് 4 ന് അവസാനിക്കുമെന്നും സ്ഥിരം കരാര്‍ നല്‍കാന്‍ പദ്ധതിയില്ലെന്നുമായിരുന്നു കമ്പനി അറിയിച്ചത്.

തുടര്‍ന്ന് പ്രസവാവധിയുടെ തുടക്കം വരെ കരാര്‍ നീട്ടാമെന്ന് കമ്പനിയുടെ ഓഫര്‍ മേരി അംഗീകരിച്ചു.കൂടാതെ ഒക്ടോബര്‍ 22 മുതല്‍ പുതിയ ജോലി കരാറും കമ്പനിയുമായി ഒപ്പുവെച്ചു.ഗര്‍ഭിണിയായ ഘട്ടത്തില്‍ പുതിയൊരു ജോലി പ്രായോഗികമല്ലെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു ഈ ഓഫര്‍ സ്വീകരിച്ചതെന്ന് ഇവര്‍ കമ്മീഷനെ ഐ എന്‍ എം ഒ പ്രതിനിധി ബെര്‍ണഡെറ്റ് സ്റ്റെന്‍സണ്‍ ബോധിപ്പിച്ചു.

നഴ്സിന്റെ പരാതി റിയാദ കെയര്‍ ലിമിറ്റഡിന് ബാധകമല്ലെന്നായിരുന്നു കമ്പനി അഭിഭാഷകന്റെ വാദം.ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരിന്റെ സ്ഥാനത്ത് ഗ്ലെനാഷ്ലിംഗ് നഴ്സിംഗ് ഹോം എന്നാണ് രേഖപ്പെടുത്തിയതെന്ന വിചിത്ര വാദമാണ് കമ്പനി അഭിഭാഷകന്‍ ഇതിനായി ഉന്നയിച്ചത്.

ഈ നഴ്സിംഗ് ഹോമിന് നിയമപരമായ നിലനില്‍പ്പില്ലെന്നും അതിനാല്‍ പരാതി അസാധുവാണെന്നും കമ്പനി വാദിച്ചു. ഇക്കാരണത്താല്‍ത്തന്നെ കമ്മീഷന് പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്നും കമ്പനി വാദിച്ചു.എന്നാല്‍ ഈ വാദങ്ങളൊന്നും കമ്മീഷന്‍ അംഗീകരിച്ചില്ല.

indian nurse
Advertisment