/sathyam/media/media_files/2025/09/03/mnnn-2025-09-03-05-22-10.jpg)
അയര്‍ലണ്ടില്‍ ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പനയില്‍ മുന്നേറി ഇലക്ട്രിക് കാറുകള്‍. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോർ ഇൻഡസ്ടറിയുടെ കണക്കുകള്‍ പ്രകാരം 2025-ല്‍ ഇതുവരെ വിറ്റ കാറുകളില്‍ 17.8 ശതമാനവും ഫുള്ളി ഇലക്ട്രിക് കാറുകളാണ്. അതേസമയം ഈ വര്‍ഷം വിറ്റഴിച്ചവയില്‍ ഡീസല്‍ കാറുകള്‍ 17.3 ശതമാനമാണ്.
ഫുള്ളി ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിലെ ഏറിയ പങ്കിലും ഇലക്ട്രിക് കാറുകള്‍, ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പന നേടുന്നത്.
കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമായതും, ഫോക്‌സ് വാഗണ്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭ്യമായതുമാണ് വില്‍പ്പനയ്ക്ക് ഇന്ധനമായതെന്നാണ് നിഗമനം. ഈ വര്‍ഷം ആകെ 20,656 പുതിയ ഇലക്ട്രിക് കാറുകളാണ് വില്‍പ്പന നടത്തിയത്.
അതേസമയം രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം ആവശ്യക്കാരുള്ളത് പെട്രോള്‍ കാറുകള്‍ക്ക് തന്നെയാണ്. ആകെ കാര്‍ വില്‍പ്പനയുടെ 26.3% പെട്രോള്‍ കാറുകളാണ്. 22.3% ഹൈബ്രിഡ് പെട്രോള്‍ കാറുകള്‍, 17.7% പ്ലഗ്-ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് കാറുകള്‍ എന്നിങ്ങനെയാണ് വിപണിയിലെ മറ്റ് കണക്കുകള്‍.
അയര്‍ലണ്ടില്‍ 2025-ല്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് ഫോക്‌സ് വാഗണിന്റേത് ആണ്. കിയ, ഹ്യുണ്ടായ്, ടെസ്ല, സ്‌കോഡ എന്നിവയാണ് പിന്നാലെ. ഏറ്റവുമധികം വിറ്റഴിച്ച ഇലക്ട്ട്രിക് കാര്‍ മോഡല്‍ ഫോക്‌സ് വാഗണ്‍ ഐഡി 4 ആണ്. കിയ ഇ വി 3, ടെസ്ല മോഡൽ 3, കിയ ഇ വി 6, ഹ്യുണ്ടായ് ഇൻസ്റ്റർ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
അതേസമയം ഓഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വിറ്റുപോയ ഇലക്ട്രിക് കാര്‍ ബി വൈ ഡിയുടെ സീൽഷൻ ആണ്. ആകെ കാറുകളില്‍ ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിച്ചത് സ്‌കോഡയുടെ ഒക്ടവിയയും.