സസ്പെൻസിന് വിട; ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാതറിൻ കോനോളിയെ പിന്തുണയ്ക്കുമെന്ന് സിന്ന് ഫെയിൻ

New Update
Vvv

ഒടുവില്‍ സസ്‌പെന്‍സിന് വിരാമമിട്ടുകൊണ്ട് ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോനോളിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി സിന്ന് ഫെയിൻ. മറ്റ് പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ, നിലവിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയറിക്കുകയോ ചെയ്തിരുന്നുവെങ്കിലും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ Sinn Fein ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും നല്‍കിയിരുന്നില്ല. ശനിയാഴ്ച നടന്ന പാര്‍ട്ടി യോഗത്തിന് ശേഷമാണ് നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് ആണ് കോനോളിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വ്യക്തമാക്കിയത്.

Advertisment

കോനോളിക്ക് പിന്തുണ നല്‍കുന്നതിന് പുറമെ പ്രചാരണത്തിനായും, സാമ്പത്തികമായി സഹായം നല്‍കിയും പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മക്‌ഡൊണാള്‍ഡ് അറിയിച്ചു.

ഫൈന്ന ഫൈല്, ഫൈൻ ഗെൽ എന്നീ പാര്‍ട്ടികളെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കുക, ഇവരുടെ സ്ഥാനാര്‍ത്ഥി പ്രസിഡന്റാകുന്നത് തടയുക എന്നിങ്ങനെ രണ്ട് കാര്യങ്ങള്‍ക്കായിരുന്നു തങ്ങള്‍ ചര്‍ച്ചകളില്‍ മുന്‍ഗണന നല്‍കിയിരുന്നതെന്ന് പറഞ്ഞ മക്‌ഡൊണാള്‍ഡ്, ഇതിന് രണ്ടിനും സഹായകമാകുന്ന അവസരമാണ് കോനോളിക്ക് പിന്തുണ നല്‍കുന്നത് വഴി ലഭിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ സിന്ന് ഫെയിൻ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ഊഹാപോഹത്തിനും അന്ത്യമായി.

ഐക്യ അയര്‍ലണ്ടിന് വേണ്ടി നിലകൊള്ളുകയും, ലോകരാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിനെ നിഷ്പക്ഷമാക്കി നിര്‍ത്താന്‍ പ്രയത്‌നിക്കുകയും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും, നീതിക്കു വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ആളെ നമുക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കാം എന്നും പിന്നീട് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ഫൈന്ന ഫൈലിനായി ജിം ഗാവിന്‍, ഫൈൻ ഗെലിനായി ഹെതര്‍ ഹംഫ്രിസ് എന്നിവരും, സ്വതന്ത്രയായി കാതറിന്‍ കോനോളിയുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവില്‍ മത്സരരംഗത്തുള്ളത്. സോഷ്യൽ ഡെമോക്രറ്റ്സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻ പാർട്ടി, നിരവധി സ്വതന്ത്ര ടിഡിമാര്‍, സെനറ്റര്‍മാര്‍ എന്നിവർ നേരത്തെ കോനോളിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 24-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Advertisment