/sathyam/media/media_files/2025/10/18/vvvv-2025-10-18-03-08-12.jpg)
ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഐറിഷ് സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും.ഇന്ത്യക്കാര്‍ക്കെതിരെ അയര്‍ലണ്ടില്‍ ആവര്‍ത്തിച്ചുണ്ടായ വംശീയ ആക്രമണങ്ങള്‍ ഇന്ത്യയില്‍ സംഘടിപ്പിച്ച എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ടിന്റെ വാര്‍ഷിക റോഡ്‌ഷോകളിലും പരക്കെ ചര്‍ച്ചയായ സാഹചര്യത്തിലാണിത്. കഴിഞ്ഞ വര്‍ഷം 10,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടിലേക്ക് എത്തിയത്.ഈ വര്‍ഷം പക്ഷെ ,ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതിലും കുറവാണ്.
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ സംഘടിപ്പിച്ച റോഡ്‌ഷോകളില്‍ 21 ഐറിഷ് സര്‍വകലാശാലകള്‍ പങ്കെടുത്തിരുന്നു.ഈ പരിപാടികളിലെല്ലാം പങ്കെടുത്ത രക്ഷിതാക്കളും കുട്ടികളുമെല്ലാം ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ഉയത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വരവ് കുറയുമോയെന്ന ചോദ്യവുമുയര്‍ത്തി.
വിദ്യാര്‍ത്ഥികളുടെ ഈ ഒഴുക്ക് നിലനിര്‍ത്തണമെന്നാണ് ഐറിഷ് സര്‍വകലാശാലകളെല്ലാം ആഗ്രഹിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും തീരുമാനമെന്നാണ് കരുതുന്നത്.വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗാര്‍ഡയുമായി അടുത്ത് പ്രവര്‍ത്തിക്കും. സെന്‍സിറ്റൈസേഷന്‍, ബോധവല്‍ക്കരണ പരിപാടികളും വിദ്യാര്‍ത്ഥികളുമായി റഗുലര്‍ ഫീഡ്ബാക്ക് സെഷനുകളും സംഘടിപ്പിക്കും.
പ്രായോഗിക സുരക്ഷാ നടപടികള്‍, സാംസ്‌കാരിക സംയോജനം, സര്‍വകലാശാലയുടെ അന്താരാഷ്ട്ര ഓഫീസുമായി ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും വിശദമായ പ്രീ-ഡിപ്പാര്‍ച്ചര്‍ സെഷനുകളും നല്‍കും. ഇതിലൂടെയെല്ലാം സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനാകുമെന്നാണ് സര്‍വകലാശാലകള്‍ കരുതുന്നത്.
ഇതു കൂടാതെ അയര്‍ലണ്ടിന്റെ പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസ ബ്രാന്‍ഡ്, ‘ട്രസ്റ്റ് ഇഡി’ അയര്‍ലണ്ട് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജയിംസ് ലോലെസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.ഭാഷാ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഐറിഷ് സ്ഥാപനങ്ങള്‍ക്കും ഗുണകരമാകുന്ന ഈ സംരംഭം ഏജന്റ് പരിശീലനത്തിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങളും മറ്റും ഉറപ്പാക്കും. സര്‍വകലാശാലകളെല്ലാം തന്നെ ഈ വഴിയ്ക്കാണ് നീങ്ങുന്നത്.ഇന്‍-മാര്‍ക്കറ്റ് ഓഫീസര്‍മാരും ഏജന്റുമാരും തമ്മില്‍ നല്ല സഹകരണം നിലനിര്‍ത്തുകയെന്നതാണ് ഇവരുടെയും നയം.
സമാധാനത്തിന് പേരു കേട്ട അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെ തുടര്‍ച്ചയായുണ്ടായ വംശീയ ആക്രമണങ്ങള്‍ ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ എംബസിയും പ്രശ്നത്തിലിടപെട്ടു.അയര്‍ലണ്ടിലെ ഓരോ ഇന്ത്യക്കാരും സുരക്ഷയുടെ കാര്യത്തില്‍ തികച്ചും വ്യക്തിപരമായി ശ്രദ്ധിക്കണമെന്ന എംബസിയുടെ ഉപദേശം മാധ്യമലോകമാകെ ശ്രദ്ധിച്ചു.അയര്‍ലണ്ടിന്റെ പ്രസിഡന്റ് മീഹോള്‍ ഡി. ഹിഗ്ഗിന്‍സ് അടക്കമുള്ള ഉന്നത രാഷ്ട്ര നേതൃത്വവും ആക്രമണങ്ങളെ അപലപിച്ചിരുന്നു.
അയര്‍ലണ്ടിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.2023/24ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കടന്നുവരവ് 15% വര്‍ദ്ധിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. 40,400 പേരാണ് അയര്‍ലണ്ടിലെത്തിയത്. എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ തൊഴിലാളി ക്ഷാമം നേരിടുമ്പോഴാണ് ഈ വിദ്യാര്‍ത്ഥികളുടെ വരവെന്നതും പ്രധാന്യമര്‍ഹിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ്,എ ഐ, ഹെല്‍ത്ത് സയന്‍സ്, ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളിലെ പ്രോഗ്രാമുകള്‍ക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ഐറിഷ് സര്‍വകലാശാലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആര്‍സിഎസ്‌ഐയുടെ സ്‌കൂള്‍ ഓഫ് ഫാര്‍മസി ആന്‍ഡ് ബയോമോളിക്യുലാര്‍ സയന്‍സസ് (പിബിഎസ്) പ്രോഗ്രാമിലെ 30 വിദ്യാര്‍ത്ഥികളില്‍ ഒമ്പത് പേരും കഴിഞ്ഞ വര്‍ഷത്തെ റോഡ്‌ഷോയിലൂടെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്തവരാണ്.
അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അവസാനിച്ചശേഷവും സ്പോണ്‍സര്‍ഷിപ്പ് സാധ്യമാക്കാനാകുമെന്നതും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിനും നേട്ടമാകും.അയര്‍ലണ്ടിന്റെ പോസ്റ്റ് സ്റ്റഡി വിസയ്ക്ക് പ്രചാരമേറുമ്പോള്‍ അയല്‍രാജ്യമായ യുകെ 2027 ജനുവരി മുതല്‍ ഗ്രാജുവേറ്റ് റൂട്ട് വിസയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയ്ക്കാന്‍ ഒരുങ്ങുകയാണ്.ഇതും അയര്‍ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്.