മെറ്റയും ടിക് ടോക്കും ഡിജിറ്റല്‍ സര്‍വീസസ് ആക്ട് ലംഘിച്ചതായി ഇയു കമ്മീഷന്‍ കണ്ടെത്തല്‍

New Update
Bvb

ബ്രസല്‍സ്: മെറ്റയും ടിക് ടോക്കും ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡി എസ് എ) ലംഘിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍.പൊതു ഡാറ്റയിലേക്ക് ഗവേഷകര്‍ക്ക് മതിയായ ആക്‌സസ് നല്‍കുന്നതിനുള്ള ബാധ്യതയും സുതാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങളും ടിക് ടോക്കും മെറ്റയും ലംഘിച്ചതായാണ് യൂറോപ്യന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.നിയമവിരുദ്ധമായ ഉള്ളടക്കം അറിയിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ലളിതമായ സംവിധാനങ്ങള്‍ ഇന്‍സ്റ്റാഗ്രാമിനും ഫേസ്ബുക്കിനുമില്ല.

Advertisment

ഐറിഷ് മീഡിയ റെഗുലേറ്ററുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളെന്ന് കമ്മീഷന്‍ പറഞ്ഞു.ഡി എസ് എ ലംഘനങ്ങളെക്കുറിച്ച് ആളുകളില്‍ നിന്നും ലഭിച്ച 97 പരാതികള്‍ അന്വേഷണത്തിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന് ഐറിഷ് മീഡിയ റെഗുലേറ്റര്‍ കൈമാറിയിരുന്നു.

കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിക്കാനും രേഖാമൂലം മറുപടി നല്‍കാനും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയ്ക്ക് കമ്മീഷന്‍ അവസരം നല്‍കും.നിയമലംഘനം സ്ഥിരീകരിച്ചാല്‍ പ്ലാറ്റ്ഫോമുകളുടെ ലോകമെമ്പാടുമുള്ള മൊത്തം വാര്‍ഷിക വിറ്റുവരവിന്റെ 6% വരെ പിഴ ചുമത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു.

ചട്ടലംഘനത്തിന്റെ മെറ്റാ വഴികള്‍

ഗവേഷകര്‍ക്ക് പൊതു ഡാറ്റയിലേക്ക് ആക്‌സസ് നേടുന്നതിന് ലളിതമായ നടപടികളേ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയില്‍ ഭാരിച്ച നടപടിക്രമങ്ങളും ടൂളുകളുമാണുള്ളത്. അതിനാല്‍ നിയമവിരുദ്ധ കണ്ടെന്റുകളെ നോട്ടിഫൈ ചെയ്യാനോ മോഡറേറ്റ് ചെയ്യാനോ കഴിയുന്നില്ല.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തീവ്രവാദവുമടക്കമുള്ള നിയമവിരുദ്ധ കണ്ടെന്റുകള്‍ ഫ്ളാഗ് ചെയ്യുന്നതിനും ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ല.എളുപ്പത്തില്‍ ഇവയെ തിരിച്ചറിയുന്നതിന് നോട്ടീസ് ആന്റ് ആക്ഷന്‍ സംവിധാനം ഫേസ്ബുക്കോ ഇന്‍സ്റ്റാഗ്രാമോ നല്‍കുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

അനാവശ്യ നടപടികളും അധിക ബാധ്യതകളും

മെറ്റയുടെ നിലവിലെ സംവിധാനങ്ങള്‍ അനാവശ്യ നടപടികളും അധിക ആവശ്യങ്ങളും ഉപഭോക്താക്കളില്‍ ചുമത്തുന്നു.നോട്ടീസ് ആന്റ് ആക്ഷന്‍ മെക്കാനിസത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഡാര്‍ക്ക് പാറ്റേണുകളോ ഡിസെപ്ടീവ് ഇന്റര്‍ഫേസ് ഡിസൈനുകളും ഉപയോഗിക്കുന്നു.ഇത്തരം രീതികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും പിന്തിരിപ്പനുമാണ്. നിയമവിരുദ്ധമായ ഉള്ളടക്കം ഫ്ളാഗ് ചെയ്യാനും നീക്കം ചെയ്യാനുമുള്ള മെറ്റയുടെ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കളുടെ അവകാശം ചോദ്യം ചെയ്യുന്നു

ഉള്ളടക്കം നീക്കുമ്പോഴോ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോഴോ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശംഡി എസ് എ ഇയുവിലെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഫേയ്സ് ബുക്കിനും ഇന്‍സ്റ്റഗ്രാമിനും ഇത്തരം അപ്പീല്‍ സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ ഉപയോക്താക്കള്‍ക്ക് അപ്പീലുകള്‍ നല്‍കുന്നതിനോ വിശദീകരണമോ തെളിവുകളോ നല്‍കാനോ അനുവദിക്കുന്നല്ലെന്നും കമ്മീഷന്‍ കണ്ടെത്തി.

വിയോജിച്ച് മെറ്റയും ടിക് ടോക്കും

നിയമം ലംഘിച്ചെന്ന കണ്ടെത്തലിനോട് വിയോജിച്ച മെറ്റ ഈ കാര്യങ്ങളില്‍ യൂറോപ്യന്‍ കമ്മീഷനുമായി ചര്‍ച്ച തുടരുകയാണെന്നും പറഞ്ഞു.

സുതാര്യത ഉറപ്പാക്കിയിട്ടണ്ടെന്നും 1000 ഗവേഷണ സംഘങ്ങളുമായി ഡാറ്റ പങ്കിടലില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ടിക് ടോക്ക് പറഞ്ഞു.യൂറോപ്യന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അവലോകനം ചെയ്യുകയാണെന്ന് ടിക് ടോക്ക് വക്താവ് പറഞ്ഞു.

Advertisment