ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ ഇ യൂ ഒന്നിച്ചു നേരിടും

New Update
F

ഷാങ്ഹായ്: ഗ്രീന്‍ലാന്റുമായി ബന്ധപ്പെട്ട അമേരിക്കന്‍ നടപടികള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍.ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാണ്.യൂറോപ്യന്‍ യൂണിയന്‍ ഡെന്മാര്‍ക്കിന് പിന്നില്‍ ഉറച്ചുനില്‍ക്കും.ആര്‍ട്ടിക് പ്രദേശത്തെക്കുറിച്ചുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മാര്‍ട്ടിന്‍. ചൈനയിലെ ഷാങ്ഹായില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഈ വിഷയത്തില്‍ സാമാന്യബുദ്ധിയാണ് വിജയിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

Advertisment

ഗ്രീന്‍ലാന്‍ഡില്‍ യു എസിന് എല്ലായ്പ്പോഴും സൈനിക താവളമുണ്ടായിരുന്നു.ഏതൊരു പ്രശ്‌നവും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണം.യു എസ് ഈ ദ്വീപ് വാങ്ങുന്നത് യാഥാര്‍ത്ഥ്യപരമാണെന്ന് കരുതുന്നില്ല.ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല, അത് ഏറ്റെടുക്കാനുള്ളതുമല്ല.അതിന്റെ പരമാധികാരവും ഭാവിയും തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങള്‍ മാത്രമാണ്.യു എസിന് എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ അത് തുറന്ന് ചര്‍ച്ച ചെയ്യണം. വെനിസ്വേലയില്‍ കണ്ടത് ആശങ്കാജനകമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

അമേരിക്ക വ്യത്യസ്തമായിരിക്കാം. ഒരുപക്ഷേ, അവര്‍ സ്വീകരിക്കുന്ന സമീപനവും വ്യത്യസ്തമാകാം. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാറിയിട്ടില്ല. സ്വതന്ത്ര രാജ്യങ്ങളുടെ സമഗ്രതയും പരമാധികാരവും ബഹുമാനിക്കണം- മാര്‍ട്ടിന്‍ വ്യക്തമാക്കി.

അതിനിടെ, പ്രസിഡന്റ് ട്രംപിന്റെ സൈനിക വിപുലീകരണത്തിനെതിരെ റിപ്പബ്ലിക്കന്‍മാരും എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് വാങ്ങുക എന്നതാണ് ട്രംപിന്റെ പ്രധാന ഓപ്ഷനെന്ന് റൂബിയോ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കുമെന്ന് ഫ്രാന്‍സ്

അതേസമയം, ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ യു എസ് നടപടിയെടുത്താല്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രതികരിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞു.ജര്‍മ്മനിയിലെയും പോളണ്ടിലെയും വിദേശകാര്യ മന്ത്രിമാരുമാടെ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് പറഞ്ഞു.സൈനിക നടപടിയുണ്ടാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ബാരറ്റ് അറിയിച്ചു.

അതേ സമയം,യു എസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രീന്‍ലാന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.ഡെന്‍മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും ജനങ്ങള്‍ യു എസ് നീക്കത്തില്‍ ആശങ്കാകുലരാണെന്ന് ഡാനിഷ് എംപിയും ഡാനിഷ് പാര്‍ലമെന്റിലെ ഗ്രീന്‍ലാന്‍ഡ് കമ്മിറ്റി അംഗവുമായ ട്രൈന്‍ മാക്ക് അറിയിച്ചു.

നാറ്റോ തകരുമെന്ന് ഡെന്മാര്‍ക്ക്

ഗ്രീന്‍ലാന്‍ഡിനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള ഏതൊരു നീക്കവും നാറ്റോയുടെ 80 വര്‍ഷത്തെ അടുത്ത അറ്റ്ലാന്റിക് സുരക്ഷാ ബന്ധങ്ങളുമുള്‍പ്പെടെ എല്ലാം അവസാനിപ്പിക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗ്രീന്‍ലാന്‍ഡിനെതിരായ യുഎസ് സൈനിക നടപടി നാറ്റോയെ തകര്‍ക്കും. സഖ്യത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ച് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിനെതിരായ യു എസ് സൈനിക നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റൂബിയോയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രി വിവിയന്‍ മോട്ട്സ്ഫെല്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഈ കൂടിക്കാഴ്ച ചില തെറ്റിദ്ധാരണകള്‍ നീക്കുമെന്ന് ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ പ്രതികരിച്ചു.

ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും 57,000 പേരായിരിക്കും അതിന്റെ ഭാവി തീരുമാനിക്കുകയെന്നും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്റ്.നാറ്റോയില്‍ സ്വതന്ത്ര അംഗമല്ലെങ്കിലും അംഗമായ ഡെന്‍മാര്‍ക്കിലുള്‍പ്പെട്ടതാണ് ഈ പ്രദേശം.

യൂറോപ്പിനും നോര്‍ത്ത് അമേരിക്കയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പതിറ്റാണ്ടുകളായി യു എസ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ നിര്‍ണായക കേന്ദ്രവുമാണ്.

ഗ്രീന്‍ ലാന്റ് മോഹവുമായി യു എസ്

ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് സമീപ ദിവസങ്ങളില്‍ ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ഡാനിഷ് ഉദ്യോഗസ്ഥരെ കാണുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കിയിരുന്നു. ആദ്യമായി പ്രസിഡന്റായ 2019മുതല്‍ ഈ ആശയം ട്രംപ് ഉന്നയിക്കുന്നതാണ്. ദ്വീപ് യു എസ് സൈന്യത്തിന് പ്രധാനമാണെന്നും അത് സംരക്ഷിക്കാന്‍ ഡെന്‍മാര്‍ക്ക് വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം.സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ ഓപ്ഷനുകളും പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു എന്നാല്‍ ഈ നീക്കം നാറ്റോ സഖ്യത്തെ നശിപ്പിക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യു എസിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞാല്‍, സൈനിക മാര്‍ഗങ്ങളിലൂടെ അത് പരിഹരിക്കാനുള്ള ഓപ്ഷന്‍ പ്രസിഡന്റുമാര്‍ക്കുമുണ്ടെന്ന് റൂബിയോ വിശദീകരിച്ചു.,ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് വാങ്ങുന്നതിനെക്കുറിച്ചും പ്രസിഡന്റ് ട്രംപ് സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.ആര്‍ട്ടിക് മേഖലയിലെ റഷ്യയുടെയും ചൈനയുടെയും ആക്രമണം തടയുന്നത് അമേരിക്കയുടെ ഏറ്റവും നല്ല മാര്‍ഗ്ഗമായിട്ടാണ് ഇതിനെ അദ്ദേഹം കാണുന്നത്.

Advertisment