യൂറോപ്പ് തോറ്റു പോയി മക്കളെ…..’,രക്ഷപ്പെടാന്‍ വഴിയുണ്ട്

New Update
G

ബ്രസല്‍സ് : യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നിരാശാജനകമായി പ്രതികരിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്.വ്യാപാരത്തിനും സുരക്ഷയ്ക്കുമായി മൂന്നാം രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാവുകയാണെന്ന മുന്നറിയിപ്പും സെന്‍ട്രല്‍ ബാങ്ക് മേധാവി നല്‍കി.

Advertisment

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.ഇയു രാജ്യങ്ങള്‍ തമ്മിലുള്ള സേവനങ്ങള്‍ക്കും ചരക്ക് വ്യാപാരത്തിനുമുള്ള തടസ്സങ്ങള്‍ കുറയ്ക്കുകയെന്നതാണ് മുന്നേറാനുള്ള ഏക മാര്‍ഗ്ഗം. സേവനങ്ങള്‍ക്ക് 100% താരിഫും സാധനങ്ങള്‍ക്ക് 65% താരിഫും ഈടാക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ തടസ്സങ്ങളെന്ന് ഇസിബി കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന തുറന്ന സമ്പദ്വ്യവസ്ഥയായ നെതര്‍ലാന്‍ഡ്‌സിന്റെ അതേ നിലവാരത്തിലേക്ക് തടസ്സങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ യു എസ് താരിഫുകളില്‍ നിന്നുള്ള ആഘാതം പൂര്‍ണ്ണമായും നികത്താനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ ബാങ്കിംഗ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. നയരൂപകര്‍ത്താക്കള്‍ യൂറോപ്പിന്റെ ബലഹീനതകളെ നിശബ്ദമായി മറച്ചുവെച്ചുവെന്നും ഇവര്‍ ആരോപിച്ചു.ഇതെല്ലാം നമ്മെ പിന്നോട്ടടിച്ചു.ഡിജിറ്റല്‍ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ ഭാവി വളര്‍ച്ചയെ രൂപപ്പെടുത്തുന്ന മേഖലകളും, മൂലധന വിപണികളുമടങ്ങുന്ന നമ്മുടെ ആഭ്യന്തര വിപണി നിശ്ചലമായി.

യൂറോപ്പ് സ്വന്തം രക്ഷ തേടുന്ന ‘ദുഷിച്ച വൃത്തത്തെ’ അഭിമുഖീകരിച്ചു.ഇവര്‍ യു എസ് സ്റ്റോക്കുകള്‍ക്ക് പണം നല്‍കി. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഇ യുവിനേക്കാള്‍ വേഗത്തില്‍ മുന്നേറാന്‍ ഇത് സഹായിച്ചു. സ്വദേശത്തെ ഉല്‍പാദനക്ഷമത സ്തംഭിച്ചു. മറ്റുള്ളവരെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചു- ഇ സി ബി മേധാവി വിശദീകരിച്ചു.

Advertisment