റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിരോധിക്കുന്ന നിയമവുമായി യൂറോപ്യന്‍ യൂണിയന്‍

New Update
N

ബ്രസല്‍സ്: റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം.യൂറോപ്പിന്റെ ഊര്‍ജ്ജ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനും റഷ്യന്‍ ആധിപത്യത്തെ ഇല്ലാതാക്കുന്നതിനും നിയമനിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ചേര്‍ന്നുള്ള നിയമമാണ് രൂപപ്പെട്ടത്. ഇതനുസരിച്ച് അടുത്ത വര്‍ഷം ആദ്യം മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കിലേക്കുള്ള എല്ലാ റഷ്യന്‍ വാതക ഇറക്കുമതിയും നിരോധിക്കും.

Advertisment

അടുത്ത വര്‍ഷം ജനുവരി ഒന്നിന് നിയമം പ്രാബല്യത്തില്‍ വരും. സ്പോട്ട് മാര്‍ക്കറ്റ് ഗ്യാസ് വാങ്ങലുകള്‍ ഉടന്‍ നിരോധിക്കും. നിലവിലെ ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ 2026ലും 2027ലും അവസാനിപ്പിക്കും. സ്ലൊവാക്യ, ഹംഗറി തുടങ്ങിയ റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത് പൈപ്പ്‌ലൈന്‍ ഗ്യാസ് നിരോധനം 2027 സെപ്റ്റംബറിലേ പ്രാബല്യത്തില്‍ വരുത്തൂ.

യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഊര്‍ജ്ജ ആശ്രിതത്വം ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ നിയമം. ആറുമാസത്തിനുള്ളിലാണ് ഈ നിയമം അന്തിമമാക്കിയത്. 2022 മുതല്‍ യൂറോപ്പിന്റെ റഷ്യന്‍ വാതക ഇറക്കുമതി കുത്തനെ കുറച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും മൊത്തം ഉപഭോഗത്തിന്റെ 19 ശതമാനം റഷ്യയുടെ വകയാണ്.

യൂറോപ്യന്‍ യൂണിയന്‍ ഇപ്പോഴും റഷ്യന്‍ വാതക ഇറക്കുമതി അനുവദിക്കുന്നുണ്ട്. എന്നാല്‍ താല്‍ക്കാലികവും ഓരോ ആറ് മാസത്തിനിടെ പുതുക്കേണ്ടതുമാണ് ഈ നടപടികള്‍. ഈ ഗ്യാപ് സ്ഥിരമാക്കുന്നതിനും നിയമ നടപടിയുണ്ടായാല്‍ റഷ്യയുമായി ഇപ്പോഴും കരാറുകള്‍ നടത്തുന്ന അംഗരാജ്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതിനുമാണ് പുതിയ നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. കര്‍ശനമായ പരിശോധനയില്ലാതെ ഇയുവിന് ഇപ്പോഴും ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടിക ഇ യു കൗണ്‍സില്‍ മുന്നോട്ട് വച്ചിരുന്നു. ഖത്തര്‍, അള്‍ജീരിയ, നൈജീരിയ എന്നിവ പട്ടികയിലുള്‍പ്പെട്ടത്.

ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ഇ യു ഓരോ മാസവും 12 ബില്യണ്‍ യൂറോ റഷ്യയ്ക്ക് നല്‍കിയിരുന്നു. ഇപ്പോഴത് 1.5 ബില്യണ്‍ യൂറോയായി കുറഞ്ഞു.അത് പൂജ്യത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യക്തമാക്കി.’യൂറോപ്പ് ഇനി ഒരിക്കലും റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളിലേക്ക് മടങ്ങില്ലെന്ന് കാണിക്കാനാണ് നിയമത്തിലൂടെ ആഗ്രഹിച്ചതെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. നഷ്ടം റഷ്യയ്ക്കും പുടിനും മാത്രമാണെന്ന് ഗ്രീന്‍ എംഇപി വില്ലെ നിനിസ്റ്റോ അഭിപ്രായപ്പെട്ടു.

Advertisment