ഡബ്ലിനിലെ കൗണ്‍സിലര്‍ക്കും രക്ഷയില്ല ! : ഇന്ത്യക്കാർക്ക് അയർലണ്ടിൽ നിലനിൽപ്പുണ്ടോ ?

New Update
Nb

ഡബ്ലിന്‍ :തലസ്ഥാന നഗരത്തില്‍ ആക്രമിക്കപ്പെട്ടതായി വനിതാ കൗണ്‍സിലറുടെ വെളിപ്പെടുത്തല്‍.ഡബ്ലിന്‍ നഗരത്തിലൂടെ നടക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് കാബ്ര/ഗ്ലാസ്നെവിന്റെ കൗണ്‍സിലര്‍ കാറ്റ് ഒ ഡ്രിസ്‌കോള്‍ വ്യക്തമാക്കിയത്. രണ്ടാഴ്ച മുമ്പ് ഒരു ദിവസം വൈകിട്ട് ആറു മണിക്ക് മുമ്പാണ് ആക്രമണം നടന്നത്.

Advertisment

ഹെഡ്‌ഫോണില്‍ പോഡ്കാസ്റ്റ് കേട്ടുകൊണ്ട് സ്ട്രീറ്റിലൂടെ നടക്കുകയായിരുന്നു.ഒരു പുരുഷന്‍ അടുത്തേക്ക് നടന്നുവന്ന് അടിക്കുകയായിരുന്നു.കണ്ണടയും ഹെഡ്‌ഫോണും താഴേക്ക് വീണു.ഭാഗ്യം കൊണ്ട് താന്‍ നിലത്തുവീണില്ല.ആക്രമിച്ചയാള്‍ ഒന്നും സംഭവിക്കാതെ കൂളായി നടന്നുപോയി.സംഭവം ശരിക്കും ഞെട്ടിച്ചു.സ്ത്രീ സുരക്ഷയും പൊതുസമൂഹത്തിന്റെ മനോഭാവവുമെല്ലാം ഈ സംഭവം ബോധ്യപ്പെടുത്തിയെന്നും കൗണ്‍സിലര്‍ പറഞ്ഞു.

കാറില്‍ വന്ന ഒരു സ്ത്രീ മാത്രമാണ് വിന്റോ താഴ്ത്തി കാര്യമന്വേഷിച്ചത്.ഗാര്‍ഡയെ വിളിക്കാനും ഇവര്‍ പറഞ്ഞു. ഇവരല്ലാതെ മറ്റൊരാള്‍ പോലും തന്നെ സഹായിക്കാന്‍ വന്നില്ലെന്ന് അവര്‍ പറഞ്ഞു.ഗാര്‍ഡയ്ക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തെന്നും കൗണ്‍സിലര്‍ പറഞ്ഞു.

ആക്രമണത്തിന് ശേഷം ഹെഡ്‌ഫോണുകള്‍ ധരിക്കാന്‍ മടിയുണ്ടെന്നും ഒ ഡ്രിസ്‌കോള്‍ കൂട്ടിച്ചേര്‍ത്തു.പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന ചിന്തയുണ്ടാക്കാന്‍ ഈ സംഭവം സഹായിച്ചതായും അവര്‍ പറഞ്ഞു.സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് വനിതാ സുരക്ഷാ പ്രചാരകയായ ഒ’ഡ്രിസ്‌കോള്‍ പറഞ്ഞു.

ഒന്നിനും മറുപടിയില്ല, താലയിലെ ഒച്ചപ്പാടുകള്‍ വിഫലമായി

അയര്‍ലണ്ടില്‍ നടക്കുന്ന അക്രമണസംഭവങ്ങളില്‍ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. താലയില്‍ ഇന്ത്യന്‍ യുവാവ് ആക്രമിക്കപെട്ടതിന്റെ പേരില്‍ ,ആയിരക്കണക്കണക്കിന് ഇന്ത്യക്കാരോടൊപ്പം, പ്രദേശവാസികളും പ്രതിഷേധമുയര്‍ത്തിയെങ്കിലും, നാളിതുവരെ ഒരു വെളിപ്പെടുത്തലും ഉണ്ടായിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് നേരെ മാത്രമല്ല, പ്രദേശവാസികള്‍ക്ക് നേരെ പോലും ഇപ്പോഴും,ആക്രമണം ഉണ്ടാവുന്നുണ്ടെന്നതിന്റെ സൂചനയാണ് ഡബ്ലിനില്‍ വനിതാ കൗണ്‍സിലര്‍ക്ക് ലഭിച്ച ‘ഇടി’

ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ അധികവും വിവരിക്കപ്പെടുന്നത് അക്രമിക്കപെട്ടയാള്‍ ‘ഫോണില്‍ നോക്കി നടക്കുകയോ, ഹെഡ്ഡ് ഫോണില്‍ സംസാരിച്ചു നടക്കുകയോ, ചെയ്യുന്നവരാണെന്നാണ്.

ഇന്ത്യന്‍ കമ്യുണിറ്റികളുടെ അമിതാവേശം വിനയായോ ?

താലയിലെ സംഭവങ്ങള്‍ക്ക് ശേഷം ഇന്ത്യക്കാരോടുള്ള എതിര്‍പ്പ് അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുകയാണുണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. ഇന്ത്യക്കാര്‍ ഉയര്‍ത്തിയ അമിതാവേശവും, സംഭവത്തില്‍ എംബസിയുടെ സമീപനവുമൊക്കെ സംഭവത്തെ നെഗറ്റീവായി ചിത്രീകരിക്കാനേ ഇടയായുള്ളു. എംബസ്സി അധികൃതര്‍ സംഭവത്തെ മാന്യമായും,നയതന്ത്ര പരമായും നേരിടേണ്ടതിന് പകരം ,ഇന്ത്യക്കാര്‍ക്കിട്ട് അടികിട്ടുന്നേ ,രക്ഷിക്കണേ എന്ന’രീതിയില്‍ പൊതുവേദികളില്‍ പ്രസ്താവന ഇറക്കുകയാണ് ചെയ്തത്. ഐറിഷ് സര്‍ക്കാരിന് നയതന്ത്രപരമായി കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിന് എംബസി അധികൃതര്‍ പാരാജയപ്പെട്ടു.

ഒരു കടലാസ് സംഘടന നടത്താനിരുന്ന ഇന്ത്യ ഡേ ആഘോഷങ്ങള്‍ മാറ്റിവെച്ചു എന്നറിയിച്ച് സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു കുടുംബം , മാധ്യമങ്ങളിലൂടെ നടത്തിയ ‘നാടകങ്ങള്‍ക്ക് പിന്തുണയുമായി എംബസി ഇറങ്ങിയതും ഐറിഷുകാര്‍ക്കിടയില്‍ പരിഹാസ്യ വിഷയമായി.

അത് വരെ കുടിയേറ്റം വഴിയുള്ള എതിര്‍പ്പ് മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നുവെങ്കില്‍ , താല സംഭവത്തോടെ അത് ഇന്ത്യക്കാര്‍ക്ക് നേരെയുള്ള എതിര്‍പ്പായി മാറി.പാക്കിസ്ഥാന്‍കാര്‍ അടക്കമുള്ളവര്‍ വന്‍ പ്രചാരണമാണ് ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് നല്‍കിയത്. ശരിക്കും സംഭവത്തെ ആഘോഷമാക്കിയ പാകിസ്ഥാനി സംഘടനകള്‍ , താലയിലെ സംഭവം പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ച ജെന്നിഫര്‍ മുറെയ്ക്ക് നല്‍കിയത് ആവേശോജ്വലമായ സ്വീകരണമായിരുന്നു.

തോല്‍പ്പിക്കാന്‍ ആവാത്ത സാന്നിധ്യം

അയര്‍ലണ്ടില്‍ ഇപ്പോള്‍ ഇന്ത്യക്കാരുടെ സാന്നിധ്യം ,ആരോഗ്യ-ഐ ടി മേഖലകളില്‍ മാത്രമല്ല,സര്‍വ്വ പ്രവര്‍ത്തിമേഖലകളിലും സജീവമാണ്. അതുകൊണ്ടു തന്നെ എതിര്‍പ്പ് സ്വാഭാവികമാവും.എന്നാല്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാനുള്ള ജാഗ്രത ,പോളിസികള്‍ ഉണ്ടാക്കുന്നവരിലൂടെ നടപ്പാക്കാന്‍ ,അഭയാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ മെനയുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് 8 മാസം കൊണ്ട് സ്റ്റാമ്പ് 4 ലഭിക്കുമ്പോള്‍ ,ഇന്ത്യക്കാരടക്കമുള്ള ,സാമ്പത്തിക കുടിയേറ്റക്കാരിലെ ജനറല്‍ പെര്‍മിറ്റ് ഹോള്‍ഡേഴ്സിന് സ്റ്റാമ്പ് 4 ലഭിക്കാന്‍ 5 വര്‍ഷം ,അയര്‍ലണ്ടില്‍ കഠിനാധ്വാനം ചെയ്യണം.ബ്രിട്ടനിലേതിന് സമാനമായ രീതിയില്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കേണ്ട കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ചില സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അതേറ്റവും ബാധിക്കുക ഇന്ത്യാക്കാരെ ആയിരിക്കും.

എങ്കിലും ആയിരകണക്കിന് ഇന്ത്യന്‍ വംശജര്‍ ,ഏതു മേഖലകളിലും ഇടപെടാന്‍ കഴിയുന്നത്ര സ്വാതന്ത്ര്യത്തോടെ അയര്‍ലണ്ടിലുണ്ട്. അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും, സഹകരണവും നല്‍കേണ്ടതിനുള്ള കടപ്പാടാണ് ഇന്ത്യന്‍ എംബസിയും, മറ്റു സംവിധാനങ്ങളും ചെയ്യേണ്ടത്.അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും ,ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് .അവര്‍ക്ക് ഇവിടെ തുടരാനുളള സാഹചര്യം ഒരുക്കുക എന്നതാണ് പ്രധാനം.

Advertisment