ഡബ്ലിന്‍ : ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത 19 പൊതുമേഖലാ യൂണിയനുകളുടെ പബ്ലിക് സര്‍വീസ് കമ്മിറ്റിയും ശമ്പള വര്‍ധനയെ അനുകൂലിച്ചതോടെ രാജ്യത്തെ 385000 വരുന്ന സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ കൂടിയ ശമ്പളം ലഭിക്കും.
ഗാര്‍ഡ, അധ്യാപകര്‍, നഴ്‌സുമാര്‍,ഡോക്ടര്‍മാര്‍, സിവില്‍ സര്‍വീസുകാര്‍, ടി ഡിമാര്‍, സെനറ്റര്‍മാര്‍, ജഡ്ജിമാര്‍, ഡിഫന്‍സ് സേനാംഗങ്ങള്‍, ലോക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം രണ്ടര വര്‍ഷത്തിനുള്ളില്‍ 10.25% വര്‍ധനവാണ് ശമ്പളത്തിലുണ്ടാവുക.നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പുതിയ ശമ്പള കരാറിന് 3.6 ബില്യണ്‍ യൂറോയാണ് ചെലവാകുക.
ജനുവരി 1 മുതല്‍ 2026 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍ പ്രാബല്യത്തിലുണ്ടാവുക.ഈ വര്‍ഷം 2.25 ശതമാനം(1,125 യൂറോ) വര്‍ധനവാണ് ആദ്യ ശമ്പളത്തിലുണ്ടാവുക. ജനുവരി ഒന്ന് മുതലുള്ള കുടിശ്ശികയും ഉടന്‍ ലഭിക്കും.ഈ വര്‍ഷം മൊത്തത്തില്‍ 4.25 ശതമാനം ശമ്പള വര്‍ദ്ധനവാണ് കരാര്‍ പ്രകാരം ലഭിക്കുകയെന്ന് പബ്ലിക് സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ഫോര്‍സ ജനറല്‍ സെക്രട്ടറിയുമായ കെവിന്‍ കാലിനന്‍ അഭിപ്രായപ്പെട്ടു.
പ്രതിവര്‍ഷം 50,000 യൂറോയില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് 17.3 ശതമാനം വരെ ശമ്പള വര്‍ധനയുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ വ്യക്തിഗതമായി സമര്‍പ്പിച്ച ക്ലെയിമുകളില്‍ ലോക്കല്‍ ബാര്‍ഗെയിനംഗിനുള്ള ക്രമീകരണങ്ങള്‍ ജൂണ്‍ 30നകം അംഗീകരിക്കും.ജൂലൈ മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും ഇദ്ദേഹം അറിയിച്ചു.
പുതിയ കരാര്‍ അനുസരിച്ച് ജനുവരി ഒന്നു മുതല്‍ എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും 2.25 ശതമാനമോ 1,125 യൂറോയോ ( വാര്‍ഷികാടിസ്ഥാനത്തില്‍ ഏതാണോ വലുത്) ശമ്പള വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും.ജൂണ്‍ ഒന്നിന് ശമ്പളത്തില്‍ ഒരു ശതമാനം കൂടി വര്‍ധനവുണ്ടാകും. ഒക്ടോബര്‍ ഒന്നിന് വീണ്ടും ഒരു ശതമാനം ശമ്പളം (500യൂറോ)കൂടും.
അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിന് എല്ലാവര്‍ക്കും 2 ശതമാനത്തിന്റെ (1,000 യൂറോ വരെ ) ശമ്പള വര്‍ദ്ധനവ് ലഭിക്കും. ഓഗസ്റ്റ് ഒന്നിന് ഒരു ശതമാനം (500യൂറോ) ശമ്പളം കൂടും. സെപ്റ്റംബര്‍ ഒന്നിന് അടിസ്ഥാന ശമ്പളത്തിന്റെ 1 ശതമാനം തുല്യമായ തുക ലോക്കല്‍ ബാര്‍ഗയിനിംഗ് പേയ്‌മെന്റ് ആയും ലഭിക്കും.2026 ല്‍ ഫെബ്രുവരി ഒന്നിന് ഒരു ശതമാനം(500യൂറോ) കൂടും.2026 ജൂണ്‍ ഒന്നിന് വീണ്ടും ഒരു ശതമാനം ശമ്പളം കൂടും.