ചെലവ് കൂടി….അയര്‍ലണ്ടിന്റെ ഖജനാവ് കാലിയായി, 1.8 ബില്യണ്‍ യൂറോയുടെ കമ്മി

New Update
F

ഡബ്ലിന്‍: സ്പെന്റിംഗ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവില്‍ ഫെബ്രുവരിയില്‍ 1.8 ബില്യണ്‍ യൂറോയുടെ കമ്മിയുണ്ടായതായി റിപ്പോര്‍ട്ട്.സര്‍ക്കാരിന്റെ വെല്‍ത്ത് ഫണ്ടുകളിലേക്കുള്ള കൈമാറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി വരുമാനവുമാണ് ഖജനാവിനെ ‘കാലി’യാക്കിയതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Advertisment

2024 മുതല്‍ ഐറിഷ് സര്‍ക്കാര്‍ ചെലവുകളുടെ ആഘോഷ പെരുമഴയാണ് നടത്തികൊണ്ടിരുന്നത്. 2024 ല്‍ ആപ്പിള്‍ അയര്‍ലന്‍ഡിന് നല്‍കാനുണ്ടായിരുന്ന 14 ബില്യണ്‍ യൂറോ ,ഇ യൂ കോടതി കേസിനെ തുടര്‍ന്ന് ഖജനാവിലെത്തിയിരുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി ഈ തുക മുഴുവന്‍ ചിലവഴിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. അഭയാര്‍ത്ഥികള്‍ക്കായുള്ള ചെലവും വന്‍തോതില്‍ കുതിച്ചുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ധനകാര്യ ദുരിതത്തിലായത്.

എക്സ്പെന്റിച്ചര്‍ വന്ന വഴി

ഫെബ്രുവരിയിലെ ചെലവ് 20 ബില്യണ്‍ യൂറോയില്‍ കൂടുതലാണെന്ന് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.ഫെബ്രുവരി അവസാനത്തെ വോട്ടഡ് എക്സ്പെന്റിച്ചര്‍ 17.5 ബില്യണ്‍ യൂറോയായിരുന്നു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5% കൂടുതലാണിത്.അതേസമയം നോണ്‍ വോട്ടഡ് ചെലവ് 2.8 ബില്യണ്‍ യൂറോയാണ്.2025നെ അപേക്ഷിച്ച് നോണ്‍ ചെലവ് 1.7 ബില്യണ്‍ വര്‍ദ്ധിച്ചു.ഫ്യൂച്ചര്‍ അയര്‍ലണ്ട് ഫണ്ടിലേക്കും ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൈമറ്റ് ആന്‍ഡ് നേച്വര്‍ ഫണ്ടിലേക്കും കൈമാറ്റം ചെയ്തതുകൊണ്ടാണിതെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നികുതി വരുമാനം വലിയതോതില്‍ കുറഞ്ഞതായി ധന വകുപ്പിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നു.13.6 ബില്യണ്‍ ആയിരുന്നു കഴിഞ്ഞ മാസത്തെ നികുതി വരുമാനം.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10% ത്തിലധികം കുറവാണിത്.

ആപ്പിള്‍ നികുതി കേസില്‍ നിന്നുള്ള ഒറ്റത്തവണ രസീതുകള്‍ ഒഴിവാക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ തോതിലേ (1%)ഈ നികുതി വര്‍ദ്ധിച്ചുള്ളു. ഫെബ്രുവരി അവസാനത്തോടെ ഖജനാവിന്റെ മൊത്തം വരുമാനം 18.6 ബില്യണ്‍ യൂറോയായിരുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11%ലേറെ കുറഞ്ഞു. ഫെബ്രുവരിയില്‍ 5.2 യൂറോ ബില്യണ്‍ നികുതി വരുമാനം ലഭിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 2%ല്‍ താഴെയാണിത്.

ഡയറക്ട് ടാക്സ്

ഫെബ്രുവരിയില്‍ 2.9 ബില്യണ്‍ യൂറോ വരുമാന നികുതി വരുമാനം രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 10% കൂടുതലാണിത്. ക്യുമുലേറ്റീവ് അടിസ്ഥാനത്തില്‍ 6 ബില്യണ്‍ യൂറോയാണ് വരുമാന നികുതി. 2025 ല ഇതേ കാലയളവിനേക്കാള്‍ 5% കൂടുതലാണ്.

കോര്‍പ്പറേഷന്‍ നികുതിയെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി പൊതുവെ പ്രധാനപ്പെട്ട മാസമല്ല, 800 മില്യണ്‍ യൂറോയായിരുന്നു വരുമാനം. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശേഖരിച്ച തുകയേക്കാള്‍ 20% കുറവാണിത്.ക്യുമുലേറ്റീവ് അടിസ്ഥാനത്തില്‍ 900 മില്യണ്‍ യൂറോ വരുമാനത്തില്‍ ഏകദേശം 22% കുറഞ്ഞതായി വകുപ്പ് കണ്ടെത്തി.

ഇന്‍ഡയറക്ട് ടാക്സുകള്‍

പൊതുവില്‍ വാറ്റ് അടയ്ക്കാത്ത മാസമാണ് ഫെബ്രുവരി. 500 മില്യണ്‍ മാത്രമേ ശേഖരിച്ചുള്ളൂ. 2025 ഫെബ്രുവരിയിലേതിനേക്കാള്‍ 8% ല്‍ അധികമാണിത്.മൊത്തത്തിലുള്ള 4.7 ബില്യണ്‍ യൂറോയുടെ വാറ്റ് രസീത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4% ല്‍ താഴെ കുറവാണെന്ന് വകുപ്പ് പറഞ്ഞു.

ഫെബ്രുവരിയില്‍ 500 മില്യണ്‍ യൂറോ എക്സൈസ് തീരുവ ലഭിച്ചു.കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തേക്കാള്‍ 13 മില്യണ്‍ യൂറോയുടെ നേരിയ വര്‍ധനവാണിത്.ക്യമുലേറ്റീവ് അടിസ്ഥാനത്തില്‍ 1 ബില്യണ്‍ യൂറോ എക്സൈസ് വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 മില്യണ്‍ യൂറോയുടെ കുറവുണ്ടായി.

ക്യാപിറ്റല്‍ ടാക്സ്

കഴിഞ്ഞ മാസം അവസാനം 308 മില്യണ്‍ യൂറോയുടെ സ്റ്റാമ്പ് ഡ്യൂട്ടി വരുമാനം ലഭിച്ചു.2025 ല്‍ പൊതുവെ ഫ്ളാറ്റായിരുന്നു ഇത്. അതേസമയം, ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വരുമാനം 270 മില്യണ്‍ യൂറോയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21% ത്തിലധികം കുറവാണിത്. മാസാവസാനം ക്യാപ്പിറ്റല്‍ അക്യുസിഷന്‍ ടാക്സിനത്തില്‍ 45 മില്യണ്‍ യൂറോ സമാഹരിച്ചു. വര്‍ഷാടിസ്ഥാനത്തില്‍ 8 മില്യണ്‍ യൂറോയുടെ കുറവുണ്ടായി.

മറ്റ് നികുതികള്‍

ഫെബ്രുവരി അവസാനം 164 മില്യണ്‍ യൂറോ മോട്ടോര്‍ ടാക്സ് വരുമാനവും 93 മില്യണ്‍ യൂറോ കസ്റ്റംസ് വരുമാനവും ലഭിച്ചു.കസ്റ്റംസ് ടാക്സില്‍ 5 മില്യണ്‍ യൂറോയുടെ വര്‍ദ്ധനവുണ്ടായി.

നോട്ടീസുകള്‍ പെരുകുന്നു

ചെറിയ റവന്യു കുടിശ്ശികകള്‍ക്ക് പോലും നോട്ടീസ് പ്രളയമാണിപ്പോള്‍.നികുതി കുടിശികക്കാര്‍ക്കെല്ലാം നോട്ടീസ് അയയ്ക്കാനുള്ള തീരുമാനം ഊര്‍ജിതമാക്കി നടപ്പാക്കുകയാണ് സര്‍ക്കാര്‍.

Advertisment