/sathyam/media/media_files/2025/12/14/f-2025-12-14-03-34-16.jpg)
ഡബ്ലിന്‍: മഞ്ഞില്‍ പുതച്ച ക്രിസ്മസ് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി മെറ്റ് ഏറാന്‍. ഇക്കുറിയും വൈറ്റ് ക്രിസ്മസ് ഉണ്ടാകില്ല.മഴയും കാറ്റും വെയിലുമൊക്കെയുള്ള സമ്മിശ്ര കാലാവസ്ഥയായിരിക്കും അയര്‍ലണ്ടിലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മാത്രമല്ല,ഇനിയും കൊടുങ്കാറ്റുകള്‍ അയര്‍ലണ്ടിന്റെ വഴിയിലേയ്ക്ക് വന്നേക്കാമെന്ന സൂചനയും മെറ്റ് ഏറാന്‍ നല്‍കുന്നു.
അയര്‍ലണ്ടില്‍ വൈറ്റ് ക്രിസ്മസ് അപൂര്‍വമാണ്. ദ്വീപ് മുഴുവന്‍ മഞ്ഞുമൂടിയ അയര്‍ലണ്ടിലെ അവസാന വൈറ്റ് ക്രിസ്മസ് 2010ലായിരുന്നു. 15 വര്‍ഷം മുമ്പ്.അന്നുമുതല്‍ വൈറ്റ് ക്രിസ്മസ് ആരാധകര്‍ കാത്തിരിക്കുന്നതാണ്. എന്നിരുന്നാലും ഇനിയും കാത്തിരിക്കണമെന്നാണ് പ്രവചനത്തിലെ നിരീക്ഷണം. അതിനിടെ ക്രിസ്മസ് ദിനത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയെ സംബന്ധിച്ച് വാതുവെപ്പുമൊക്കെ നടക്കുന്നുണ്ട്.
ക്രിസ്മസ് കാലമാകെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ആ സമയത്ത് ലഭിക്കുന്ന മഴയുടെ മൊത്തം അളവ് രാജ്യത്തുടനീളം ലഭിക്കുന്ന സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.ഈ വര്‍ഷം ക്രിസ്മസ് ദിനത്തിലും അതിനുശേഷവും മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് നിരീക്ഷകര്‍ പറയുന്നു. അസ്ഥിരവും ഈര്‍പ്പമുള്ളതുമായിരിക്കും കാലാവസ്ഥ.മഞ്ഞുവീഴ്ചയ്ക്ക് ആവശ്യമായ തണുപ്പ് താപനിലയില്‍ ഉണ്ടാകില്ലെന്ന് നിരീക്ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഡിസംബര്‍ 15 മുതല്‍ 21 ഞായര്‍ വരെ അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ ന്യൂനമര്‍ദം ആധിപത്യം പുലര്‍ത്തും. അതിനാല്‍ അസ്ഥിരമായ കാലാവസ്ഥയാകും. ചിലപ്പോഴൊക്കെ മഴയും കാറ്റുമുണ്ടാകും. രാജ്യത്തുടനീളം മഴയുടെ അളവ് സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കും. ശരാശരി വായു താപനില കാലാവസ്ഥാ ശരാശരിയേക്കാള്‍ കൂടുതലുമായിരിക്കും.
ഡിസംബര്‍ 22 മുതല്‍ 28 വരെ അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥയായിരിക്കും.ആഴ്ചയിലെ മഴയുടെ ആകെത്തുക സീസണല്‍ മഴയ്ക്ക് തുല്യമായിരിക്കും. ശരാശരി വായു താപനില കാലാവസ്ഥാ ശരാശരിയോട് അടുക്കാനും സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ പറയുന്നു.
ഡിസംബര്‍ അവസാനവും ജനുവരി മാസത്തിന്റെ ആദ്യ ദിവസങ്ങളിലും (ഡിസംബര്‍ 29 മുതല്‍ ജനുവരി 04 ഞായര്‍ വരെ)മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉയര്‍ന്ന മര്‍ദ്ദത്തിന്റെ സ്വാധീനം കൂടുതലാകും. അതിനാല്‍ മഴയുടെ തോത് കുറയും. സീസണല്‍ ശരാശരിയേക്കാള്‍ താഴെയാകും.ശരാശരി വായു താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ പറയുന്നു.ജനുവരി അഞ്ച് മുതല്‍ 11 വരെയുള്ള കാലാവസ്ഥയുടെ കാര്യത്തില്‍ നിരീക്ഷകര്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
ക്രിസ്മസ് ദിവസം ബസോടില്ല ,ഡബ്ലിന്‍ എയര്‍പോര്‍ട്ട് അടച്ചിടും
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ക്രിസ്മസ് ദിനത്തില്‍ ബസ് സര്‍വീസുകളുണ്ടാകില്ല. ഡബ്ലിന്‍ എയര്‍പോര്‍ട്ടും പതിവുപോലെ അടച്ചിടും. ഡബ്ലിനില്‍ നിന്നോ,ഡബ്ലിനിലേയ്‌ക്കോ അന്നേ ദിവസം വിമാനസര്‍വീസുകള്‍ ഉണ്ടാവില്ല.എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.പതിവുപോലെ എയര്‍ പോര്‍ട്ട് ചാപ്‌ളിന്‍ വിമാനങ്ങള്‍ വെഞ്ചിരിക്കുന്ന പതിവ് ആചാരം ഇത്തവണയും ക്രമീകരിച്ചിട്ടുണ്ട്.
ഡബ്ലിനിലേക്കുള്ള എല്ലാ ഉത്സവകാല ബസ് ഷെഡ്യൂളുകളും പ്രഖ്യാപിച്ചു.അധിക നൈറ്റ്‌ലിങ്ക് സര്‍വ്വീസുകളും സ്ഥിരീകരിച്ചു.ട്രെയിന്‍, ലാസ് സര്‍വ്വീസുകള്‍ക്കായുള്ള ക്രിസ്മസ് ടൈംടേബിളുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രിസ്മസ് ഈവ്, സെന്റ് സ്റ്റീഫന്‍സ് ദിനം, പുതുവത്സരാഘോഷം എന്നിവയില്‍ അവധിക്കാല ക്രമീകരണങ്ങളോടെ സര്‍വീസുകള്‍ നടത്തും.രാജ്യത്തുടനീളമുള്ള ബസ് സര്‍വീസുകള്‍ക്കായുള്ള ക്രിസ്മസ്, പുതുവത്സര ഷെഡ്യൂളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് പ്രസിദ്ധീകരിച്ചു.അവധി ദിവസങ്ങളില്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.
ക്രിസ്മസ് ഈവ് സമയത്ത് മിക്ക ബസുകളും സാധാരണഗതിയില്‍ സര്‍വ്വീസ് നടത്തും. ക്രിസ്മസ് ദിനത്തില്‍ സര്‍വീസ് ഉണ്ടാകില്ല. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലെയും ടൈംടേബിളുകള്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തിലും പുതുവത്സര ദിനത്തിലും ബാധകമാകും.
ഡിസംബര്‍ മുഴുവന്‍ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാത്രി വൈകിയും ഡബ്ലിന്‍ ബസ് നൈറ്റ്‌ലിങ്ക് സര്‍വീസ് തുടരും. ഡിസംബര്‍ 11, 13, 18, 21 തീയതികളില്‍ അധിക നൈറ്റ്‌ലിങ്ക് ട്രിപ്പുകള്‍ ഉണ്ടാകും. അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ നാല് വരെ സര്‍വ്വീസുകളുണ്ടാകും.മറ്റ് മിക്ക റൂട്ടുകളും ദിവസവും രാത്രി 11:30 ഓടെ സര്‍വ്വീസ് അവസാനിക്കും
ഫെസ്റ്റീവ് ബസ് ഷെഡ്യൂളുകള്‍ ചുരുക്കത്തില്‍ –
ബസ് ഏറാന്‍
ക്രിസ്മസ് ഈവ്: എല്ലാ സര്‍വീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അവസാന സര്‍വ്വീസ് രാത്രി 9 മണിക്ക്
ക്രിസ്മസ് ദിനം: സര്‍വീസില്ല
സെന്റ് സ്റ്റീഫന്‍സ് ദിനം: ഞായറാഴ്ച ടൈംടേബിള്‍ ബാധകം. മിക്ക റൂട്ടുകളും രാവിലെ 9നാരംഭിക്കും. ചില പ്രാദേശിക മാറ്റങ്ങള്‍ പ്രതീക്ഷിക്കാം
ഡിസംബര്‍ 27-31: സാധാരണ സേവനങ്ങള്‍
പുതുവത്സര ദിനം: ഞായറാഴ്ച ടൈംടേബിളില്‍
ഡബ്ലിന്‍ ബസ്
ക്രിസ്മസ് ഈവ്: ശനിയാഴ്ച ടൈംടേബിളില്‍ രാത്രി 9 മണിക്ക് ലാസ്റ്റ സര്‍വ്വീസ്
ക്രിസ്മസ് ദിനം: സര്‍വീസില്ല
സെന്റ് സ്റ്റീഫന്‍സ് ദിനം: ഞായറാഴ്ച ടൈംടേബിള്‍; നൈറ്റ്‌ലിങ്ക് പ്രവര്‍ത്തിക്കില്ല
ഡിസംബര്‍ 27-30: അധിക മോര്‍ണിംഗ് സര്‍വ്വീസുകള്‍, ശനിയാഴ്ച ടൈംടേബിള്‍ ബാധകം. ഡിസംബര്‍ 27-28ന് പൂര്‍ണ്ണ നൈറ്റ്‌ലിങ്ക് സര്‍വ്വീസുകള്‍
പുതുവത്സര ഈവ്- ശനിയാഴ്ച ടൈംടേബിള്‍; പൂര്‍ണ്ണ നൈറ്റ്‌ലിങ്കും 24 മണിക്കൂര്‍ സര്‍വ്വീസുകളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us