നഗരത്തില്‍ സ്ഥാപിച്ച ദേശീയ പതാകകള്‍ നീക്കുന്നതിനെതിരെ കോര്‍ക്കില്‍ ഫാര്‍ റൈറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം

New Update
Nhhh

കോര്‍ക്ക്: കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ നഗരത്തില്‍ സ്ഥാപിച്ച ദേശീയ പതാകകള്‍ നീക്കുന്ന കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ ഫാര്‍ റൈറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം.മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിഷേധം പരിഗണിച്ച് വന്‍ ഗാര്‍ഡ സന്നാഹത്തെ വിന്യസിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി കൗണ്‍സില്‍ പതാകകള്‍ നീക്കം ചെയ്തു വരികയാണ്. ഇതിനെതിരെയാണ് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ രംഗത്തുവന്നത്.

Advertisment

കോര്‍ക്ക് സിറ്റി സെന്ററിലെ ഗ്രാന്‍ഡ് പരേഡില്‍ 250 ലേറെ പ്രതിഷേധക്കാര്‍ ഒത്തുകൂടി. കറുത്ത മുഖം മൂടി ധരിച്ച ഇവരില്‍ ചിലര്‍ ഐറിഷ് ത്രിവര്‍ണ്ണ പതാക വീശി.

ആഴ്ചതോറുമുള്ള പലസ്തീന്‍ അനുകൂല മാര്‍ച്ചും ഇതേസമയമുണ്ടായിരുന്നു.ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ഈ പതിവ് പ്രകടനം കൂടി ഒത്തു വന്നപ്പോള്‍ നഗരം വീര്‍പ്പുമുട്ടി.ഇരു ഗ്രൂപ്പുകളും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഏറെ പ്രയാസപ്പെട്ടു. കോര്‍ഡോണുകളും സ്ഥാപിച്ചിരുന്നു.

പാലസ്തീന്‍ അനുകൂലികള്‍ ഗ്രാന്‍ഡ് പരേഡിലേക്കാണ് മാര്‍ച്ച് ചെയ്തത്. ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ സൗത്ത് മാളില്‍ നിന്ന് സിറ്റി ഹാളിലെ വേദിയിലേക്കും നീങ്ങി.നാഷണല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ബാരറ്റാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

സമീപ മാസങ്ങളില്‍ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ രാജ്യത്തുടനീളമുള്ള പൊതു ഇടങ്ങളില്‍ ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചിരുന്നു.ദേശസ്നേഹം പ്രകടിപ്പിക്കാനാണ് ഇതെന്നായിരുന്നു വാദം.എന്നാല്‍ കുടിയേറ്റ വിരുദ്ധ വികാരമാണ് ഇതിന് പിന്നിലെന്ന് മറ്റുള്ളവരും ആരോപിച്ചു.തുടര്‍ന്ന് പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ പതാകകളും ബാനറുകളും അനുവദിക്കില്ലെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പറഞ്ഞു.

ദേശീയ പതാക എങ്ങനെ ആദരവോടെ പ്രദര്‍ശിപ്പിക്കണമെന്നതിന് വളരെ വ്യക്തമായ നിയമങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ത്രിവര്‍ണ്ണ പതാകയെ ഹൈജാക്ക് ചെയ്യാനോ ദുരുപയോഗത്തിനോ തീവ്ര വലതുപക്ഷത്തെ അനുവദിക്കില്ലെന്നും സര്‍ക്കാരും വ്യക്തമാക്കി.

Advertisment