അയര്‍ലണ്ടില്‍ ഫാമുകള്‍ക്കും കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും വൈദ്യുതിയുണ്ടാക്കാം… പണമാക്കാം

New Update
6666tgg

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫാമുകള്‍, സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയെയെല്ലാം വൈദ്യുതി ഉല്‍പ്പാദകരാക്കുന്നതിന് പ്രാപ്തമാക്കുന്ന വിധത്തില്‍ സ്മോള്‍ റിന്യൂവബിള്‍ ഇലക്ട്രിസിറ്റി സപ്പോര്‍ട്ട് സ്‌കീമിന്റെ(എസ് ആര്‍ ഇ എസ് എസ്) രണ്ടാം ഘട്ടം നടപ്പാക്കുന്നു. ചെറുതും വലുതുമായ വൈദ്യുതി ഉത്പാദകര്‍ക്ക് മാത്രം ബാധകമായ നിലവിലെ സ്‌കീമിന്റെ വിപുലീകരണമാണ് കൃഷിഭൂമികളെയും മറ്റും ഉള്‍പ്പെടുത്തിഈ ഘട്ടത്തില്‍ നടപ്പാക്കുന്നത്.

Advertisment

സര്‍ക്കാരിന്റെ സൗരോര്‍ജ്ജ തന്ത്രത്തിന്റെ പ്രധാനപ്പെട്ടതാണ് എസ് ആര്‍ ഇ എസ് എസ് എന്ന് പരിസ്ഥിതി മന്ത്രി എയ്മോണ്‍ റയാന്‍ പറഞ്ഞു.2025 അവസാനത്തോടെ 5 ജിഗാ വാട്ടും 2030 ഓടെ 8 ജിഗാ വാട്ടും സൗരോര്‍ജ്ജ വൈദ്യുതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ 1 ജിഗാ വാട്ടില്‍ താഴെ സോളാര്‍ വൈദ്യുതി മാത്രമേ ലഭിക്കുന്നുള്ളു.ഇക്കാര്യത്തില്‍ ഏഴ് ഇ യു രാജ്യങ്ങള്‍ക്ക് താഴെയാണ് അയര്‍ലണ്ടിന്റൈ സ്ഥാനം.2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 80 ശതമാനം വൈദ്യുതിയും റിന്യൂവബിളില്‍ നിന്നും ഉത്പാദിപ്പിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. നിലവിലെ ഉല്‍പ്പാദനത്തിന്റെ ഇരട്ടിയാണിത്.

സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം… പണം നേടാം

സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും നാഷണല്‍ ഗ്രിഡിലേക്ക് നല്‍കി പണം നേടാനുമുള്ള അവസരമാണ് സ്മോള്‍ റിന്യൂവബിള്‍ ഇലക്ട്രിസിറ്റി സപ്പോര്‍ട്ട് സ്‌കീം (എസ് ആര്‍ ഇ എസ് എസ്) ഒരുക്കുന്നത്. സോളാര്‍ ഊര്‍ജ്ജമാണ് പ്രധാനമായും ഈ സ്‌കീം ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട വിന്റ് ഫാമുകളില്‍ നിന്നുള്ള വൈദ്യുതിയും വിറ്റ് പണമാക്കാനാകും.പഴയ സ്‌കീം ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.ഇതാണ് കൃഷി ഫാമുകളും മറ്റും ഉള്‍പ്പെടുത്തി വിപുലമാക്കിയത്.

125 മുതല്‍ 12,500 സോളാര്‍ പാനലുകളുപയോഗിച്ച് 50 കിലോവാട്ട് മുതല്‍ ആറ് മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. വലിയ മേല്‍ക്കൂരകളുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മുതല്‍ കടകള്‍, സ്‌കൂളുകള്‍, നീന്തല്‍ക്കുളങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കെല്ലാം ഇനിമുതല്‍ സ്‌കീമില്‍ അവസരമുണ്ടാകും.

നിലവിലുള്ള മൈക്രോ ജനറേഷന്‍ സ്‌കീം റൂഫ്‌ടോപ്പ് സോളാര്‍ വഴി സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനാണ് വീട്ടുകാര്‍ക്കും ചെറുകിട വസ്തു ഉടമകള്‍ക്കും അവസരം നല്‍കുന്നത്.മിച്ചമുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് വിടാനോ കയറ്റുമതി ചെയ്ത് ക്രെഡിറ്റുകള്‍ നേടാനോ ഇവര്‍ക്ക് സാധിക്കും.

വ്യാവസായിക ഉല്‍പ്പാദനം ലക്ഷ്യം

ലാഭം ലക്ഷ്യമിട്ട് വ്യാവസായിക തലത്തില്‍ മുഴുവന്‍ സമയവും വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിന്റ്, സോളാര്‍ കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ പുതിയ എസ് ആര്‍ ഇ എസ് എസ് ക്രമീകരണങ്ങള്‍.

കഴിഞ്ഞ സമ്മറിലാണ് നിയന്ത്രിത എസ് ആര്‍ ഇ എസ് എസ് അവതരിപ്പിച്ചത്. ചെറുകിട ബിസിനസുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഒരു മെഗാവാട്ടില്‍ താഴെ ശേഷിയുള്ള സോളാര്‍ സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കും സ്‌കീം അനുവദിച്ചിരുന്നു. ഇതു തുടര്‍ന്നുകൊണ്ടുതന്നെ കയറ്റുമതി ലക്ഷ്യമിട്ട് പ്രത്യേകമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് പുതിയത്.

പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി

ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്കുള്ള പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.മെഗാവാട്ട് മണിക്കൂര്‍ എന്ന നിലയില്‍ കണക്കാക്കി പേയ്‌മെന്റുകളും താരിഫും സര്‍ക്കാര്‍ നിശ്ചയിക്കും.

ഫാമുകള്‍,ബിസിനസുകള്‍ എന്നിവയ്ക്ക് വിന്റ് വൈദ്യുതി മെഗാവാട്ടിന് 80 യൂറോയും സൗരോര്‍ജ്ജത്തിന് 120 യൂറോയും ലഭിക്കും. അതേസമയം കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്ക് യഥാക്രമം 90 യൂറോയും 140 യൂറോയുമാണ് ലഭിക്കുക.എസ് ആര്‍ ഇ എസ് എസ് വിതരണക്കാരന് നല്‍കേണ്ട വില വിപണി വിലയേക്കാള്‍ കൂടുതലാണെങ്കില്‍ ആ വ്യത്യാസം കമ്പനിക്ക് സര്‍ക്കാര്‍ നല്‍കും.

സ്‌കീമിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ജൂലൈയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. വര്‍ഷാവസാനത്തോടെ സ്‌കീമില്‍ അപേക്ഷ നല്‍കാനാകും.ജനങ്ങളുടെ അറിവിലേക്കുള്ള സ്‌കീമിന്റെ രൂപരേഖയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

Advertisment