/sathyam/media/media_files/2025/12/22/v-2025-12-22-04-28-18.jpg)
മയോ: മക്കളെ വര്‍ഷങ്ങളായി ദിവസവും ശാരീരികവും വൈകാരികവുമായി പീഡിപ്പിച്ച ക്രൂരരായ മാതാപിതാക്കളെ ജയിലിലടച്ചു. ആറ് മക്കളെയും നിരന്തരം പീഡിപ്പിച്ച മാതാപിതാക്കളെ മയോയിലെ കാസില്‍ബാര്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷിച്ചത്.അമ്പതുകാരനായ പിതാവിന് അഞ്ചര വര്‍ഷത്തെ ജയിലും 40 വയസ്സുള്ള അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ ജയിലുമാണ് വിധി.ഒന്നുമുതല്‍ 17 വയസ്സുവരെയുള്ള മക്കളാണ് രക്ഷിതാക്കളുടെ ക്രൂരതയ്ക്കിരയായത്.ഈ കുട്ടികളെല്ലാം മാനസികവും ശാരീരികവുമായി ആകെ തകര്‍ന്നിരുന്നു.
കുട്ടികള്‍ക്കുണ്ടായ ആഘാതത്തിന്റെ തോത് അളക്കാനാവാത്തതാണെന്ന് ജഡ്ജി ഷിനെഡ് മക്മുള്ളന്‍ വിധ്യന്യായത്തില്‍ ചൂണ്ടിക്കാട്ടി.സ്വന്തം വീട് അവര്‍ക്ക് സുരക്ഷിതമായ ഇടമല്ലാതായി.സംരക്ഷിക്കാന്‍ രക്ഷാകര്‍ത്താക്കളുമില്ലാതെ പോയി.
2018ജനുവരി മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇവര്‍ കുട്ടികളോട് ക്രൂരത കാട്ടിയത്.അച്ഛനെ കാണുന്നതുപോലും ഈ കുട്ടികളെ പേടിയായിരുന്നു. ഓട്ടിസം ബാധിതരെപ്പോലെ അഭിനയിച്ചാണ് ഇയാളുടെ ക്രൂരതയില്‍ നിന്നൊക്കെ രക്ഷപ്പെട്ടത്.കുട്ടികളെ പരസ്യമായാണ് പീഡിപ്പിച്ചത്.ശാരീരിക പീഡനം മാത്രമല്ല, അസഭ്യം ,ആക്രോശം, ഭീഷണി എന്നിവയുമൊക്കെയുണ്ടായി.
മൂത്ത മക്കളായ രണ്ട് കുട്ടികള്‍ ഗാര്‍ഡാ സ്റ്റേഷനിലെത്തി അവരുടെ മാതാപിതാക്കളുടെ പീഡനം വെളിപ്പെടുത്തിയതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ഗാര്‍ഡ ആറു പേരുടെയും സംരക്ഷണം ഏറ്റെടുത്തു. ഗാര്‍ഡയെ അറിയിച്ചതോടെ മക്കളെ നുണയരാണെന്ന് രക്ഷിതാക്കള്‍ ആക്ഷേപിച്ചു.
ക്രൂരമായ പീഡനം വെളിപ്പെടുത്തുന്ന 180 രഹസ്യ ഓഡിയോ റെക്കോര്‍ഡിംഗുകളാണ് ഇവര്‍ ഗാര്‍ഡയ്ക്ക് കൈമാറിയത്.ഇതില്‍ ഇരുപത്തിയൊമ്പത് എക്‌സ്ട്രാക്റ്റുകള്‍ കോടതിയില്‍ പ്ലേ ചെയ്തു.മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മൂത്ത മകന്‍ ബോധരഹിതനായതിനെ തുടര്‍ന്ന് 999ല്‍ വിളിച്ചതടക്കമുള്ള തെളിവുകള്‍ ലഭിച്ചു.
ജോലി കഴിഞ്ഞെത്തിയ മകന്‍ കുഴഞ്ഞുവീണെന്നാണ് ഇയാള്‍ എമര്‍ജെന്‍സി ടീമിനോട് വെളിപ്പെടുത്തിയത്. മാതാപിതാക്കള്‍ തന്റെ ജീവിതം ജയിലിലേതുപോലെയാക്കിയെന്ന് മകന്‍ ആഘാത പ്രസ്താവനയില്‍ വെളിപ്പെടുത്തി.മര്‍ദ്ദിച്ചും അവഗണിച്ചും വേദനിപ്പിച്ചും സന്തോഷകരമായ ബാല്യകാലമാണ് രക്ഷിതാക്കള്‍ നശിപ്പിച്ചതെന്നും ഇദ്ദേഹം തുറന്നു പറഞ്ഞു.
ഇപ്പോള്‍ 21 വയസ്സുള്ള ഈ യുവാവ് ഇപ്പോഴും ആ വേദനയും പേറി പുതിയൊരു പേരിലാണ് ജീവിക്കുന്നത്. 15 വയസ്സുള്ള മകളെ പിതാവ് ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ ഓഡിയോയും കോടതി കേട്ടു.വീട്ടില്‍ താമസിക്കുന്നതും ബോയ് ഫ്രണ്ട് ഇല്ലാത്തതുമെല്ലാം കുറവുകളായി കണ്ടായിരുന്നു ഉപദ്രവം.
മൂന്നു വയസ്സുള്ള കുട്ടിയും ഭീകരമായ ശാരീരിക പീഡനങ്ങള്‍ക്കിരയായി. ലോകത്തിലെ ഏറ്റവും മോശം ആണ്‍കുട്ടിയാണ് താനെന്നാണ് ഈ കുട്ടി സ്വയം വിലയിരുത്തുന്നത്. മാതാപിതാക്കളെ കാണാതെ ജീവിച്ചുതുടങ്ങിയതോടെ ഇവനില്‍ വലിയ പുരോഗതി ഉണ്ടായി. ഇപ്പോള്‍ അവന്‍ വളരെ സന്തോഷവാനാണെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു.
മാതാപിതാക്കള്‍ മോശമായാണ് പെരുമാറിയതെങ്കിലും എന്നാല്‍ അവരെ തനിക്കോ സഹോദരങ്ങള്‍ക്കോ ഭീഷണിയായി കാണുന്നില്ലെന്നും ഇപ്പോള്‍ 19 വയസ്സുള്ള മകള്‍ പറഞ്ഞതും കോടതി കേട്ടു.ഈ കുട്ടിക്ക് രക്ഷിതാക്കളോടുള്ള അസാധാരണമായ സ്നേഹവും കോടതിയ്ക്ക് മനസ്സിലായി.
മെയ് മാസത്തില്‍ വിചാരണയുടെ തുടക്കത്തില്‍ മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തി.തുടര്‍ന്ന് തെറാപ്പിയില്‍ ഏര്‍പ്പെടുകയും തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് ശിക്ഷയില്‍ ഇളവുണ്ടായതെന്ന് ജഡ്ജി വിശദീകരിച്ചു.കുട്ടികളില്‍ ചിലര്‍ അസാധാരണമാംവിധം വാചാലരും ബുദ്ധിമാന്‍മാരും ധീരരുമാണെന്നും ജഡ്ജി വിശേഷിപ്പിച്ചു.അവരുടെ പ്രവൃത്തികള്‍ മൂലം ഇളയ സഹോദരങ്ങളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനായെന്നും കോടതി നിരീക്ഷിച്ചു.
പിതാവിന് ആറ് വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.പിന്നീട് ഒമ്പത് മാസത്തെ ശിക്ഷ ഇളവു ചെയ്തു. അമ്മയെ മൂന്ന് വര്‍ഷവും ഒമ്പത് മാസവുമായിരുന്നു ശിക്ഷിച്ചത്. തുടര്‍ന്ന് ഒമ്പത് മാസത്തെ ശിക്ഷ സസ്പെന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us