അയര്‍ലണ്ടില്‍ ഫ്ളൂ ബാധിതരുടെ എണ്ണം കുതിക്കുന്നു; ആശുപത്രികള്‍ വന്‍ പ്രതിസന്ധിയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vhvhbgh

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഫ്ളൂ ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ആശുപത്രികള്‍ വന്‍ പ്രതിസന്ധിയില്‍.രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആശുപത്രികള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ബെഡ് കിട്ടാതെയും യഥാസമയം ചികില്‍സ ലഭിക്കാതെയും രോഗികളും ദുരിതത്തിലാണ്.

Advertisment

ശസ്ത്രക്രിയകള്‍ പോലും മാറ്റിവെച്ചിട്ടും പ്രശ്നപരിഹാരമാകുന്നില്ല. ഞായറാഴ്ച മാത്രം ആശുപത്രികളില്‍ 300 ഓളം രോഗികളാണ് ട്രോളികളിലുണ്ടായിരുന്നത്. 375 സര്‍ജ് കപ്പാസിറ്റി ബെഡുകളും ഉപയോഗിക്കേണ്ടി വന്നു.

അതേ സമയം ഫ്ളൂ ബാധിതരുടെ എണ്ണം വ്യാപകമായി പെരുകുകയാണ്.ജനുവരിയുടെ ആദ്യ ആഴ്ചയില്‍ 2645 ഫ്ളൂ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈയാഴ്ച രോഗികളുടെ എണ്ണം ഉച്ചസ്ഥായിയിലെത്തുമെന്ന് എച്ച് എസ് ഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിന്റര്‍ നാളുകളില്‍ രോഗികള്‍ പെരുകുമെന്നത് മുന്‍കൂട്ടി കാണാത്തതിന്റെ പ്രശ്നങ്ങളാണ് ഓരോ ആശുപത്രികളും നേരിടുന്നത്.

രോഗികളുടെ തിരക്ക് പരിഗണിച്ച് വാരാന്ത്യ ദിനങ്ങളില്‍ ഡിസ്ചാര്‍ജുകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ആശുപത്രികള്‍ക്ക് എച്ച് എസ് ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും നേരത്തേ ഈ ഉപദേശം നല്‍കിയിരുന്നു.

അതേ സമയം, ആശുപത്രികളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിലും ട്രോളി കുറക്കുന്നതിലും കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന അവകാശവാദമാണ് എച്ച് എസ് ഇ ഉന്നയിക്കുന്നത്.

എന്നാല്‍ ശ്വാസകോശ രോഗങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നത് കടുത്ത വെല്ലുവിളിയാണുണ്ടാക്കുന്നതെന്ന് എച്ച് എസ് ഇ മേധാവി ബെര്‍ണാര്‍ഡ് ഗോസ്റ്റര്‍ പറഞ്ഞു. ട്രോളികളുടെ ബാഹുല്യം വാര്‍ത്തയാകാത്ത അപൂര്‍വ്വം പുതുവല്‍സരമാണ് കടന്നുപോയതെന്നും ഇദ്ദേഹം പറയുന്നു.

Health ireland Flu cases
Advertisment