അയര്‍ലണ്ടില്‍ ഫ്ളൂ പടരുന്നു….ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണേ…

New Update
P

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഫ്ളൂ പടരുന്നതിനിടെ ജലദോഷവും പനിയും തമ്മില്‍ തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റാതെ പോകുന്നത് പ്രശ്നമാകാറുണ്ട്. സാദാ ജലദോഷമാണെന്ന് കരുതി പനിയെ അവഗണിക്കുന്നത് സ്ഥിതി മോശമാകാന്‍ ഇടവരുത്തുന്നു. ഇതൊഴിവാക്കുന്നതിന് ലക്ഷണങ്ങള്‍ താരതമ്യം ചെയ്ത് രോഗബാധ വേര്‍തിരിച്ചറിയണ്ടേതുണ്ട്.ഒപ്പം പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതും വ്യായാമം ചെയ്യുന്നതും മദ്യം വും പുകവലിയുമൊഴിവാക്കുന്നതുമെല്ലാം രോഗബാധയെ തടയാന്‍ നമുക്ക് കരുത്തുനല്‍കുന്നതാണെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Advertisment

ലക്ഷണങ്ങളെ മനസ്സിലാക്കണം

ജലദോഷത്തിന്റെയും പനിയുടെയും ഏറ്റവും സാധാരണമായ ലക്ഷണമാണ് ചുമ. തൊണ്ടവേദന, തുമ്മല്‍ ,മൂക്കൊലിപ്പ് പോലുള്ള മറ്റ് ലക്ഷണങ്ങളും പനിക്കൊപ്പമുണ്ടാകാം. എന്നാല്‍ വിറയല്‍, ക്ഷീണം, ശരീരവേദന എന്നിവ പനിയുടെ ലക്ഷണങ്ങളാണ്.ചിലപ്പോള്‍ മാത്രമേ ജലദോഷമുള്ളവരില്‍ ഇതുണ്ടാകൂ.

പ്രതിരോധ ശേഷി മുഖ്യം

ശാസ്ത്രീയമായ തന്ത്രങ്ങളുപയോഗിച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് രോഗ ബാധയില്‍ നിന്നും ഒഴിവാകുന്നതിനുള്ള പ്രധാന കാര്യമെന്നും വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു.

അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണക്രമം ശീലിക്കണം.കാരണം ഇവ രോഗപ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും രോഗപ്രതിരോധ സംവിധാനത്തിന് വളരെ നിര്‍ണായകവുമാണ്. മെച്ചപ്പെട്ട രോഗപ്രതിരോധത്തിന് മെഡിറ്ററേനിയന്‍ ശൈലിയിലുള്ള ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് വ്യക്തമായിട്ടുണ്ട്.

ധാരാളം പഴങ്ങള്‍,പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ്,വിത്തുകള്‍, മത്സ്യം, മാംസം ,സസ്യാധിഷ്ഠിത ബദലുകള്‍ പോലുള്ള പ്രോട്ടീന്‍ ഉറവിടങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോബയോട്ടിക്കുകള്‍ ഉള്‍പ്പെടുത്തുന്നതും പരിഗണിക്കണം. ലാക്ടോബാസിലസ് ,ബിഫിഡോബാക്ടീരിയം എന്നിവയടങ്ങിയ മിശ്രിതങ്ങള്‍ രോഗപ്രതിരോധത്തിന് ഗുണം ചെയ്യുമെന്നും അണുബാധയുടെ തീവ്രത കുറയ്ക്കുമെന്നും വ്യക്തമായിട്ടുണ്ട്.

പുകവലി വേണ്ട, അമിതമായ മദ്യപാനവും

പുകവലി, അമിതമായ മദ്യപാനം എന്നിവ രോഗപ്രതിരോധ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഒരു രാത്രിയില്‍ അഞ്ചോ ആറോ ഡ്രിങ്ക്സ് പോലും 24 മണിക്കൂര്‍ വരെ രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമര്‍ത്തും.അതുപോലെ രോഗപ്രതിരോധം നിലനിര്‍ത്തുന്നതിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. രാത്രിയില്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതില്‍ കുറവാണെങ്കില്‍ സാധാരണ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ടെന്‍ഷന്‍ വേണ്ട

സ്ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ രോഗപ്രതിരോധ കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. രക്തപ്രവാഹത്തില്‍ ഹിസ്റ്റാമിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും അലര്‍ജി വഷളാക്കാനും ഇതിടയാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും.

മിതമായ വ്യായാമം

മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും. വേഗത്തിലുള്ള നടത്തം,ബോള്‍റൂം നൃത്തം പോലുള്ളവ പരിശീലിക്കാം. എന്നാല്‍ വിശ്രമമില്ലാതെ നടത്തുന്ന ദീര്‍ഘവും തീവ്രവുമായ വ്യായാമം രോഗപ്രതിരോധ പ്രവര്‍ത്തനത്തെ വഷളാക്കുമെന്നത് ഓര്‍മ്മിക്കണം. അതിനാല്‍ ശരിയായ സന്തുലിതാവസ്ഥ പാലിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കാന്‍ ഇനിയുമുണ്ട് കാര്യങ്ങള്‍

വാക്സിനേഷനും വളരെ പ്രധാനമാണ്. വാക്സിനേഷനൊപ്പം മറ്റ് ചില സംഗതികള്‍ കൂടി ശ്രദ്ധിക്കുന്നതും നല്ലതാണ്.തിരക്കേറിയ സ്ഥലങ്ങളിലും ഇന്‍ഡോര്‍ ഇടങ്ങളിലും കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതും പ്രതിരോധ നടപടികള്‍ക്കൊപ്പം ജലദോഷത്തില്‍ നിന്നും പനിയില്‍ നിന്നും സുരക്ഷ നല്‍കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

Advertisment