നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Derry-യില്‍ രണ്ട് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ശേഷം ലെക്കി റോഡ്, ലോൺ മൂർ റോഡ് പ്രദേശങ്ങളിലാണ് വലിയ കൂട്ടമായി എത്തിയ ആരാധകര്‍ തമ്മില്‍ത്തല്ലിയത്. വടികള്‍, ബാറ്റുകള്‍, ഇരുമ്പ് കമ്പികള്‍ മുതലായവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു കൗമാരക്കാരനും, പുരുഷനും പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.
ബ്രാണ്ടിവെൽ സ്റ്റേഡിയത്തില്‍ ഡെറി സിറ്റിയും, ബോകമിൻസും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ഇടയ്ക്കും, മത്സരത്തിന് ശേഷവുമായിരുന്നു പരിസരപ്രദേശങ്ങളിലായി സംഘര്‍ഷം ഉടലെടുത്തത്. നേരത്തെ പദ്ധതിയിട്ട പ്രകാരമായിരുന്നു ആക്രമണം എന്നാണ് സൂചന. പൊലീസുകാര്‍ക്ക് പുറമെ സ്റ്റേഡിയം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അതേസമയം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും, സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് സൂപ്രണ്ട് വില്യം കാൾടെർവുഡ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പറ്റി 101 (സ്‌ട്രെണ്ട് റോഡ് പോലീസ്), 0800 555 111 എന്നീ നമ്പറുകളിലോ, psni.police.uk/makeareport/ എന്ന വെബ്‌സൈറ്റ് വഴിയോ രഹസ്യമായി വിവരം നല്‍കാവുന്നതാണ്.