/sathyam/media/media_files/2026/01/18/c-2026-01-18-05-55-55.jpg)
അയര്‍ലണ്ടിലെ 2,865 കുക പ്ലഗ് - ഇൻ ഹൈബ്രിഡ് ക്രോസ്സൊവർ കാറുകള്‍ക്ക് തീപിടിത്ത മുന്നറിയിപ്പ് നല്‍കി ഫോര്‍ഡ്. രാജ്യത്ത് വിറ്റഴിച്ച ഈ മോഡല്‍ കാറുകളിലെ ബാറ്ററി പ്രശ്‌നം തീപിടിത്തത്തിന് വഴി വച്ചേക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ വഴിയൊന്നുമില്ലെന്നും, എന്നാല്‍ ഈ വര്‍ഷം പകുതിയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇതേ മോഡല്‍ കാറുകള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, അത് ഡ്രൈവിങ്ങിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കുമെന്നും ഫോര്‍ഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിക്കുമെന്നും അന്ന് ഫോര്‍ഡ് ഉറപ്പ് നല്‍കിയിരുന്നു. ബാറ്ററിയുമായി ബന്ധപ്പെട്ട് കാര്‍ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലായിരുന്നു ഈ പ്രശ്‌നം അന്ന് കാണപ്പെട്ടത്. എന്നാല്‍ ഇത്തരത്തില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്തതിന് ശേഷവും കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനമായ തീപിടിത്ത മുന്നറിയിപ്പ് കാര്‍ വീണ്ടും നല്‍കാന്‍ തുടങ്ങുകയായിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാനുള്ള വഴി കണ്ടെത്തിയാലുടന്‍ ഉടമകള്‍ക്ക് ഡീലര്‍മാരുമായി ബന്ധപ്പെടാന്‍ തങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നതാണെന്നും, അതിന് ഈ വര്‍ഷം പകുതിയോടെ സാധിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഫോര്‍ഡ് പറയുന്നത്. അതുവരെ കാര്‍ പരമാവധി 80 ശതമാനം വരെ മാത്രം ചാര്‍ജ്ജ് ചെയ്യാന്‍ കമ്പനി പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകും വരെ ഓട്ടോ ഇവി മോഡില്‍ മാത്രമേ വാഹനമോടിക്കാവൂ. ഡീപ് മഡ്, സ്‌നോ എന്നീ മോഡുകള്‍ ഉപയോഗിക്കരുത് എന്നും മുന്നറിയിപ്പ് കൂട്ടിച്ചേര്‍ക്കുന്നു.
അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും, ആവശ്യമെങ്കില്‍ ഉപയോക്താക്കള്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്നും ഫോര്‍ഡ് പറഞ്ഞു.
2023 നവംബര്‍ 28-ന് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങളിലാണ് നിലവില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വിറ്റഴിക്കപ്പെടാത്ത വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയുമാണ്.
അതേസമയം ഈ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചില ഉപയോക്താക്കള്‍ കമ്പനിക്കെതിരെ കേസ് നല്‍കിയിരുന്നു. ബാറ്ററി പാക്ക് മാറ്റി നല്‍കാത്തതെന്താണ് എന്ന ചോദ്യത്തിന് ഫോര്‍ഡ് അന്ന് മറുപടി നല്‍കിയത് കൃത്യമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുമെന്നായിരുന്നു.
ഫോര്‍ഡിന്റെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മോഡലുകളില്‍ ഒന്നാണ് കുക ക്രോസ്സൊവർ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതിന്റെ 3,124 മോഡലുകളാണ് വിറ്റുപോയത്. ഇതില്‍ 95 ശതമാനത്തിലധികം പ്ലഗ്-ഇന്‍ ഹൈബ്രിഡുകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us