അയര്‍ലണ്ടിലേയ്ക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്. 2024 മെയ് മാസത്തെ അപേക്ഷിച്ച് 2025 മെയില്‍ വിദേശത്തു നിന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം 10% കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് (സി എസ് ഒ) റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസം ആകെ 560,500 വിദേശികളാണ് അയര്‍ലണ്ട് സന്ദര്‍ശിച്ചത്.
മെയ് മാസത്തില്‍ ഇവിടെയെത്തിയ വിദേശികള്‍ ആകെ ചെലവഴിച്ചത് 477 മില്യണ്‍ യൂറോയാണ്. 2024 മെയ് മാസത്തെ അപേക്ഷിച്ച് 21% കുറവാണിത്.
ആകെ സന്ദര്‍ശകരില്‍ 35% പേരും ബ്രിട്ടനില്‍ നിന്നാണ്. യുഎസില്‍ നിന്നും 25% പേരും കഴിഞ്ഞ മെയില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തി. അതേസമയം 2024 മെയ് മാസത്തെ അപേക്ഷിച്ച് ഈ മെയ് മാസം ബ്രിട്ടനില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 9 ശതമാനവും, യൂറോപ്യന്‍ വന്‍കരയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 21 ശതമാനവും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരുടെ എണ്ണം 25 ശതമാനവും കുറഞ്ഞു. അതേസമയം നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 11% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സന്ദര്‍ശകരില്‍ 43% പേരും വിനോദസഞ്ചാരത്തിനായാണ് എത്തിയത്. 31% ബന്ധുക്കളെ സന്ദര്‍ശിക്കാനും എത്തി. 47% പേരും ഹോട്ടല്‍റൂമുകളിലാണ് താമസിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.