Advertisment

ഡെന്‍മാര്‍ക്കില്‍ വിദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ ജോലി നേടുന്നതിന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല

New Update
denmarrrkio899

ഡെന്‍മാര്‍ക്കില്‍ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിയില്‍ നേടുന്നതിന് ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.നോണ്‍ ഇ യു,ഇ ഇ എ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ പ്രത്യേക ക്രമീകരണം നേടാനാവുന്നത്.

Advertisment

ഓതറൈസേഷന്‍ സ്‌കീമില്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ള വിദേശികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദന്തഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് ഡെന്മാര്‍ക്കില്‍ ജോലി ചെയ്യുന്നതിന് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഈ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നിയമത്തില്‍ ശ്രദ്ധേയമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഇതനുസരിച്ച് ഭേദഗതി ചെയ്ത ഡാനിഷ് ഏലിയന്‍സ് നിയമം ഈ മാസം ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.

വിദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ ജോലി നേടുന്നതിനുള്ള ചില മാനദണ്ഡങ്ങളും നിയമം നിര്‍ദ്ദേശിക്കുന്നു.ഡാനിഷ് ഭാഷ പഠിക്കണമെന്നും പ്രൊഫഷണല്‍ ടെസ്റ്റുകള്‍ വിജയിച്ച് ഡാനീഷ് ഓതറൈസേഷന്‍ നേടണമെന്നും വ്യവസ്ഥയുമുണ്ട്.

ഓതറൈസേഷന്‍ സ്‌കീമിന് കീഴില്‍, നോണ്‍ ഇ യു/ഇ ഇ എ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദന്തഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കൂ.

ഡെന്‍മാര്‍ക്കില്‍ താമസിക്കാന്‍ അനുമതി ലഭിക്കുന്നതിന്, വിദേശ ഡോക്ടര്‍മാരും നഴ്സുമാരും ദന്തഡോക്ടര്‍മാരും ഡാനിഷ് പേഷ്യന്റ് സേഫ്റ്റി അതോറിറ്റിയുടെ അസസ്മെന്റിന് വിധേയരാകണം.

തുടര്‍ന്ന് ഇവരുടെ പ്രാഥമിക യോഗ്യതകളും വിലയിരുത്തപ്പെടും.റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ആവശ്യമായ മറ്റ് രേഖകള്‍ക്കൊപ്പം ഈ മൂല്യനിര്‍ണയത്തിന്റെ പകര്‍പ്പും നല്‍കേണ്ടതുണ്ട്.

ഓതറൈസേഷന്‍ സ്‌കീമിന് കീഴില്‍ റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിന്, വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും ദന്തഡോക്ടര്‍മാരും അവര്‍ക്കും ഒപ്പമുള്ള കുടുംബാംഗങ്ങള്‍ക്കും ഇവിടെ കഴിയാനാവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്നതിന്റെ തെളിവും സമര്‍പ്പിക്കണം.

30 ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബാങ്ക് സ്റ്റേറ്റ്മെന്റടക്കമുള്ളവ നല്‍കിയാല്‍ മതിയാകും.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റസിഡന്‍സ് പെര്‍മിറ്റ് ലഭിച്ചിട്ടില്ലെന്നതിന് തെളിവും ഹാജരാക്കേണ്ടതുണ്ടെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

Advertisment