അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി കമ്പനി രൂപീകരണം: വിശദീകരണവുമായി സീറോ മലബാര്‍ സഭ

New Update
Ll

R

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുസമൂഹത്തിന്റെയും , സഭയുടെയും പൊതുനന്മയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ദൃഢനിശ്ചയുമായി സീറോ മലബാര്‍ സഭ.

Advertisment

സഭയുടെ നേതൃത്വത്തില്‍ പുതിയ കമ്പനി രൂപീകരിച്ച സാഹചര്യത്തില്‍ അതിനുള്ള വിശദീകരണകുറിപ്പിലാണ് ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വിശദീകരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സഭയുടെ നേതൃത്വത്തില്‍ നിലവിലുള്ള മറ്റെല്ലാ സംവിധാനങ്ങളും അയര്‍ലണ്ടിലെ സര്‍ക്കാര്‍ നിയമം അനുസരിച്ചുതന്നെ ഒരൊറ്റ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്.

ലിമിറ്റഡ് ഗ്യാരണ്ടി കമ്പനിയായാണ് അയര്‍ലണ്ടിലെ , രൂപതകള്‍ അടക്കമുള്ള മിക്ക സര്‍ക്കാര്‍ ഇതര സംഘടനകളും ,രജിസ്റ്റര്‍ ചെയ്യുന്നത്. സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലണ്ടില്‍ രൂപതയില്ലാത്തതിനാല്‍ ,നിലവിലുള്ള സമിതിയുടെ കീഴില്‍ അയര്‍ലണ്ടിലെ മുഴുവന്‍ മാസ് സെന്ററുകളും ഒരൊറ്റ സി എല്‍ ജിയ്ക്ക് കീഴിലാണ് പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.റീജിയനുകളിലെ ട്രസ്റ്റികള്‍ അടക്കം, പിന്നീട് കമ്പനി ഡയറക്ടര്‍മാരാകും. ഓരോ വര്‍ഷവുമൊ ,അഥവാ എപ്പോള്‍ വേണമെങ്കിലുമോ ,ഡയറ്കടര്‍മാരെ കൂട്ടിച്ചേര്‍ക്കാനോ , ഡയറ്കടര്‍ക്ക് ഒഴിവാകാനോ നിയമം അനുശാസിക്കുന്നുണ്ട്. പ്രാഥമികമായി ബ്‌ളാഞ്ചഡ്‌സ് ടൌണ്‍ കമ്യുണിറ്റിയാണ് സി എല്‍ ജിയുടെ പ്രയോജകരെങ്കിലും ,അയര്‍ലണ്ടിലെ എല്ലാ മാസ് സെന്ററുകളും , ഏതെങ്കിലും വിധത്തിലുള്ള പ്രോപ്പര്‍ട്ടി സംബന്ധമായ ഇടപാടുകള്‍ നടത്തുന്ന സാഹചര്യത്തില്‍ കമ്പനിയുടെ ഭാഗമാകുമെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു.

ഉത്തരവാദിത്വപൂര്‍വ്വം സഭ

അയര്‍ലണ്ടില്‍ മലയാളി കുടിയേറ്റത്തിന്റെ ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതാണ് സീറോ മലബാര്‍ കമ്യുണിറ്റികള്‍. രണ്ടായിരമാണ്ടില്‍ അയര്‍ലണ്ടിലെത്തിയ 7 നഴ്സുമാരുടെ സംഘം ,ബ്ളാക്ക്റോക്ക് മങ്ക്‌സ്ടൗണില്‍ ,അക്കാലത്ത് അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന മലയാളി മിഷനറി വൈദീകന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഒന്നിച്ചു ചേര്‍ന്നത് മുതല്‍ മലയാളി കമ്യുണിറ്റിക്ക് സജീവമായ നേതൃത്വം നല്കാന്‍ സീറോ മലബാര്‍ സഭയ്ക്ക് കഴിഞ്ഞിരുന്നു. അയര്‍ലണ്ടില്‍ എമ്പാടുമായി നാല്പതോളം മാസ് സെന്ററുകളൂം, പതിനായിരക്കണക്കിന് വിശ്വാസികളും സഭയ്ക്കിന്നുണ്ട്.

ആദ്യകാലത്ത് സീറോമലബാര്‍ സഭയോട് ചേര്‍ന്ന് നിന്ന് ആരാധന നിര്‍വഹിച്ചുപോന്ന ഇതര സഭാ വിഭാഗങ്ങള്‍ പോലും സ്വന്തമായി പള്ളിയും,സൗകര്യങ്ങളും ഒരുക്കിയപ്പോഴും, അയര്‍ലണ്ടില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് കൃത്യമായ നിയമ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും, നാമമാത്രമായവരുടെ തടസ്സവാദങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങളുടെ വേഗതയെ പിടിച്ചു നിര്‍ത്തി.അത്തരം സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള കൃത്യമായതും സുതാര്യമായതുമായ സംവിധാനമാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

ഓരോ ഇടവകയും ഓരോ മാസവും ആയിരക്കണക്കിന് യൂറോയാണ് ചിലവിനത്തില്‍ മുടക്കുന്നത്.ഇത് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന പള്ളികളുടെ വാടകയും, വിവിധ തലത്തിലുള്ള ഭക്ത സംഘടനകളുടെയും,പൊതുസമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചിലവുകളും അടക്കമാണ്. സമ്മേളന സ്ഥലങ്ങളുടെയും, ഹാളുകളുടെയും,മൈതാനങ്ങള്‍ അടക്കമുള്ള മറ്റു സൗകര്യങ്ങളുടെയും അഭാവം , സഭയെ മാത്രമല്ല , അയര്‍ലണ്ടിലെ ഇന്ത്യന്‍ പൊതുസമൂഹത്തെയും കാര്യമായ തോതില്‍ ബാധിക്കുന്നുണ്ട്. ആദ്യ തലമുറയിലെ കുടിയേറ്റക്കാരുടെ മക്കളുടെ വിവാഹസൗകര്യങ്ങൾ മുതല്‍ , സ്വന്തം സംസ്‌കാരത്തിലും ,ഭക്ഷണരീതിയിലുമുള്ള നഴ്സിംഗ് ഹോമുകള്‍ വരെ രൂപീകരിക്കേണ്ട സമയം ആയിക്കഴിഞ്ഞു. അയര്‍ലണ്ടിലെ ഓരോ കുടിയേറ്റ പ്രദേശത്തും ഏറ്റവും കൂടുതല്‍ , അംഗങ്ങള്‍ ഉള്‍പ്പെടുന്നതും, ഏറ്റവും സംഘടിതമായ നേതൃത്വം ഉള്ളതുമായ ഒരു കമ്യുണിറ്റി എന്ന നിലയില്‍ സീറോ മലബാര്‍ സഭയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. നിരവധി പള്ളികള്‍ ഒരു പക്ഷെ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായേക്കുമെങ്കിലും ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്കായി ചൈല്‍ഡ് സെന്ററുകള്‍, ആഫ്റ്റര്‍ സ്‌കൂള്‍ സെന്ററുകള്‍ , ഇന്ത്യന്‍ ഭാഷയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇവയൊക്കെ ഒരുക്കണമെങ്കില്‍ കൃത്യമായ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കിയേ മതിയാവുകയുള്ളു. അതിനായാണ് പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും, സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

Advertisment