/sathyam/media/media_files/2026/03/06/c-2026-03-06-03-36-02.jpg)
അയർലണ്ടിൽ നാല്പത് വർഷങ്ങൾക്ക് മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ക്രിസ്ത്യൻ ബ്രദറും അധ്യാപകനും സ്കൂൾ പ്രിൻസിപ്പലുമായിരുന്ന വ്യക്തിക്ക് അഞ്ചര വർഷം തടവ് ശിക്ഷ. ഡബ്ലിൻ സ്വദേശിയും നിലവിൽ വെസ്റ്റ്മീത്തിലെ മുള്ളിംഗാറിൽ താമസക്കാരനുമായ ലിയാം മഗ്രാത്തിനെ (75) ആണ് ലിമറിക്ക് ക്രിമിനൽ സർക്യൂട്ട് കോടതി ശിക്ഷിച്ചത്.
പീഡനത്തിനിരയായ ഒരാൾ കോടതിയിൽ “ദുഷ്ടൻ” എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്. ഇരകളായ രണ്ടുപേരും പ്രതിയുടെ പേര് വെളിപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ശിക്ഷാ വിധി പ്രസംഗത്തിനിടെ ജഡ്ജി കോളിൻ ഡാലി, മുമ്പ് “ബ്രദർ കിലിയൻ” എന്ന് അറിയപ്പെട്ടിരുന്ന ലിയാം മഗ്രാത്തിന്റെ പേര് മാദ്ധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാനുള്ള വിലക്ക് നീക്കിയത്.
ഇപ്പോൾ മുതിർന്ന വ്യക്തികളായ ഇരകൾ രണ്ടുപേരും ശിക്ഷാ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഈ ലൈംഗിക അതിക്രമങ്ങൾ മഗ്രാത്തിനാണ് നാണക്കേടുണ്ടാക്കുന്നതെന്നും, തങ്ങൾക്കല്ലെന്നും അവർ കോടതിയിൽ പറഞ്ഞു.
1980-കളിൽ ലിമെറിക്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപെട്ട് 11 കുറ്റാരോപണങ്ങളിൽ താൻ നിരപരാധിയാണെന്നാണ് മഗ്രാത്ത് വാദിച്ചിരുന്നത്. എന്നാൽ ഇതിൽ ഏഴ് കുറ്റങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ബാക്കി നാലെണ്ണത്തിൽ തെളിവില്ലെന്നും കോടതി കണ്ടെത്തി.
ഇപ്പോൾ 50-കളിൽ പ്രായമുള്ള അതിജീവിച്ചവർ, മഗ്രാത്തിന്റെ പീഡനങ്ങൾ തങ്ങളുടെ കുട്ടിക്കാലം തകർത്തുവെന്നും മുതിർന്നതിന് ശേഷവും ആ ഓർമ്മകൾ തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്നും കോടതിയിൽ പറഞ്ഞു. തന്റെ വിചാരണ വേളയിലും ശിക്ഷാ വിധി കേൾക്കുന്ന സമയത്തും മഗ്രാത്ത് യാതൊരുവിധ വികാരപ്രകടനങ്ങളും നടത്തിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us