/sathyam/media/media_files/2026/03/05/c-2026-03-05-04-14-17.jpg)
ഡബ്ലിന്‍: യുദ്ധത്തിന്റെ പേരു പറഞ്ഞ് അയര്‍ലണ്ടില്‍ റീറ്റെയില്‍ വ്യാപാരികള്‍ ഇന്ധനവില അന്യായമായി ഉയര്‍ത്തിയെന്ന പരാതി വ്യാപകമാവുന്നു.അയര്‍ലണ്ടില്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന ഊര്‍ജ്ജ വിലയാണുള്ളത്. യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ അഞ്ചാം സ്ഥാനമാണ് ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് .
യൂറോപ്യന്‍ വിപണികളുമായുള്ള കുറഞ്ഞ ബന്ധം, ഇറക്കുമതി ചെയ്യുന്ന എനര്‍ജിയെ ആശ്രയിക്കല്‍ എന്നിവയൊക്കെയാണ് ഇതിന് കാരണമാകുന്നത്.അതിനിടെയാണ് സ്റ്റോക്കുള്ള റീറ്റെയില്‍ വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. ഇന്ധനവിലക്കയറ്റം ഡെയ്ലിലും ചൂടേറിയ ചര്‍ച്ചയായി.
ഇന്ധനവില വര്‍ദ്ധനവില്‍ ഇടപെടണമെന്നും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഡെയ്ലില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് റീറ്റെയില്‍ എനര്‍ജി മാര്‍ക്കറ്റ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്റര്‍പ്രൈസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് കോംപിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സി സി പി സി) ചെയര്‍മാന് കത്ത് നല്‍കി.
ഇപ്പോഴത്തെ അന്യായമായ വിലനിര്‍ണ്ണയ രീതികള്‍ കണക്കിലെടുത്ത് വ്യവസായത്തെയും മേഖലയെയും പരിശോധിക്കാന്‍ സിസിപിസിയോട് ആവശ്യപ്പെട്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു.ഉക്രെയ്ന്‍ യുദ്ധ സമയത്ത് വില 2 യൂറോയിലേയ്ക്കെത്താതിരിക്കാന്‍ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാന്‍ മുന്‍ ധനമന്ത്രി പാസ്‌കല്‍ ഡോണഹ് ശ്രമിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ എക്സൈസ് നികുതി കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ധനമന്ത്രി സൈമണ്‍ ഹാരിസും ഫ്യുവല്‍സ് ഫോര്‍ അയര്‍ലണ്ട് സിഇഒ കെവിന്‍ മക്പാര്‍ട്ട്ലാനും സ്ഥിതിഗതികള്‍ ചലനാത്മകമായി തുടരുമെന്നും ഏത് നിമിഷവും മാറാമെന്നും മുന്നറിയിപ്പ് നല്‍കി.സാമ്പത്തിക വിശകലനം നടത്താന്‍ തന്റെ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഹാരിസ് അറിയിച്ചു.
ഹോം ഹീറ്റിംഗ് ഓയിലിന് 75 യൂറോ വില കൂട്ടി
അടുത്ത ദിവസങ്ങളില്‍ ഹോം ഹീറ്റിംഗ് ഓയിലിന് വില വര്‍ദ്ധിച്ചതായി ലേബര്‍ ടിഡി ജോര്‍ജ്ജ് ലോലര്‍ അറിയിച്ചു. 300 ലിറ്റര്‍ ഓയിലിന് 75 യൂറോ വരെ കൂടുതല്‍ നല്‍കിയതായി വിവരമുണ്ട്.യുദ്ധം തുടങ്ങി നാല് ദിവസമേ ആയുള്ളു. എന്നിരുന്നാലും എണ്ണക്കമ്പനികള്‍ ഇതിനകം തന്നെ ആളുകളെ കൊള്ളയടിച്ചു തുടങ്ങി.
2007ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം പ്രശ്നത്തില്‍ ഇടപെടണമെന്ന് ടി ഡി ആവശ്യപ്പെട്ടു.ഈ യുദ്ധത്തിന്റെ മറവില്‍ ഹീറ്റിംഗ് ഓയിലിന്റെ വില കൂട്ടിയെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകളിലെ ജെന്നിഫര്‍ വിറ്റ്‌മോറും ചൂണ്ടിക്കാട്ടി.
ഹോം ഹീറ്റിംഗ് ഓയിലിന് വില ഒറ്റരാത്രികൊണ്ട് 10 മുതല്‍ 20% വരെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കൂട്ടിയത് ചില്ലറ വ്യാപാരികളാണ്. അതിന് സ്റ്റോക്കുണ്ടായിരുന്നു എന്നതല്ലാതെ മറ്റ് കാരണമോ യുക്തിയോ ഇല്ലെന്നും ജെന്നിഫര്‍ വിറ്റ്‌മോര്‍ ആരോപിച്ചു.
ഇന്ധനവിലയുടെ 65%വും എക്സൈസ് നികുതി
പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് നികുതി കുറയ്ക്കണമെന്ന ആവശ്യവും ഡെയ്ലില്‍ ഉയര്‍ന്നു.നിലവില്‍ ഒരു ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നത് ശരാശരി 100 യൂറോയാണ് ചെലവ്.ഒരു ലിറ്റര്‍ ഡീസലിന്റെ വിലയുടെ 60%വും പെട്രോളിന്റെ വിലയുടെ 65%വും നികുതിയാണ്. എക്സൈസ് നികുതി 54 സെന്റ്, നാഷണല്‍ ഓയില്‍ റിസര്‍വ് ഏജന്‍സി(നോറ)യുടെ 2 സെന്റ്,കാര്‍ബണ്‍ നികുതി 16 സെന്റ്, ബെറ്റര്‍ ഊര്‍ജ്ജ നികുതി 8 സെന്റ് എന്നിങ്ങനെയാണത്.ഒരു ലിറ്റര്‍ പെട്രോളിന് 1.73 യൂറോയാണ് വില.അതില്‍ 1.13 യൂറോയും സര്‍ക്കാര്‍ നികുതിയാണ്.
ഇന്ധന നികുതിയില്ലായിരുന്നില്ലെങ്കില്‍ ഒരു ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ 100 യൂറോയ്ക്ക് പകരം 35യൂറോയെ ചെലവാകുമായിരുന്നുള്ളുവെന്ന് ഡെയ്ലില്‍ ഓണ്ടു നേതാവ് പീഡോര്‍ ടോബിന്‍ ചൂണ്ടിക്കാട്ടി.എനര്‍ജി സപ്പോര്‍ട്ട് പരിഗണിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് റോഡറിക് ഒ ഗോര്‍മാന്‍ ആവശ്യപ്പെട്ടു. ഫ്യുവല്‍ അലവന്‍സും എനര്‍ജി ക്രെഡിറ്റുകളും പരിഗണിക്കണമെന്നും ഒ ഗോര്‍മാന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുന്നത് കണക്കിലെടുത്ത് വില കൂട്ടുന്നതിനെതിരെ മീഹോള്‍ മാര്‍ട്ടിന്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ക്കും ഹോം ഹീറ്റിംഗ് ഓയില്‍ വിതരണക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.യുദ്ധം ആരംഭിച്ചതിനുശേഷം ഊര്‍ജ്ജ വിലയിലെ വര്‍ദ്ധനവില്‍ സര്‍ക്കാരിന് വലിയ ആശങ്കയുണ്ടെന്ന് മാര്‍ട്ടിന്‍ അറിയിച്ചു.
അസംസ്‌കൃത എണ്ണയുടെ വില സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ ഏകദേശം 10% കൂടുതലാണിപ്പോള്‍.എന്നിരുന്നാലും, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ ഹോള്‍സെയില്‍ വില അതേ അളവില്‍ വര്‍ദ്ധിച്ചിട്ടില്ല. വിശാലമായ ആഗോള സമ്പദ്വ്യവസ്ഥയും ഷിപ്പിംഗും വിതരണവുമാണ് മൊത്തവിലയെ സ്വാധീനിക്കുന്നതെന്നതാണ് ഇതിന് കാരണം.പമ്പുകളില്‍ വില ഉയര്‍ത്തുന്നതിന് ഇപ്പോള്‍ ന്യായമില്ല.കാരണം ഇവിടെയ്ക്കുള്ള എണ്ണ നോര്‍വേയില്‍ നിന്ന് വടക്കന്‍ കടലിലൂടെയാണ് വരുന്നത്- പ്രധാനമന്ത്രി വ്യക്തമാക്കി.
വില പിടിച്ചുനിര്‍ത്തണമെന്ന് ഐ ആര്‍ എച്ച് എ
ഡീസല്‍ ലിറ്ററിന് 2 യൂറോയ്ക്ക് മുകളിലെത്തുമെന്ന ആശങ്കയുണ്ടെന്ന് ഐറിഷ് റോഡ് ഹോളേജ് അസോസിയേഷന്‍ (ഐ ആര്‍ എച്ച് എ) മുന്നറിയിപ്പ് നല്‍കി.കൂടാതെ ഓപ്പറേറ്റര്‍മാര്‍ക്ക് താല്‍ക്കാലിക പിന്തുണ നല്‍കണമെന്നും സംഘടന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ഇന്ധനവിലകള്‍ 2 യൂറോയ്ക്ക് അപ്പുറത്തേക്ക് തള്ളിവിടും. പലചരക്ക്, നിര്‍മ്മാണ സാമഗ്രികള്‍, ഗതാഗതം എന്നിവയ്ക്കെല്ലാം ചെലവ് വര്‍ദ്ധിക്കും. ഗ്രാമീണ, ചെറുകിട ബിസിനസുകളാകെ സമ്മര്‍ദ്ദത്തിലാകുമെന്നും ഗ്രൂപ്പ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us