/sathyam/media/media_files/3KzpLlh3mkcqKSkFVkga.jpg)
ഡബ്ലിന്‍ : ഇന്ധന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ഓഗസ്റ്റോടെ പെട്രോളിനും ഡീസലിനും ഈടാക്കിയിരുന്ന എക്സൈസ് തീരുവ പൂര്‍ണമായും പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
എ എ അയര്‍ലണ്ടിന്റെ സര്‍വ്വേയനുസരിച്ച് ഈ മാസം പെട്രോളിന്റെ വിലയില്‍ രണ്ട് സെന്റിന്റെ വര്‍ധനവുണ്ടായിരുന്നു. അതോടെ വില ലിറ്ററിന് 1.83 യൂറോ ആയി.ഡീസല്‍ വില(1.76യൂറോ)യില്‍ രണ്ട് സെന്റിന്റെ കുറവുമുണ്ടായി. എക്സൈസ് തീരുവ പൂര്‍ണമായും പുനസ്ഥാപിച്ചാല്‍ വില വീണ്ടും ഉയരും.
ഈ വര്‍ഷം തുടക്കം മുതല്‍ പെട്രോളിന് 15 സെന്റും ഡീസലിന് 7 സെന്റും കൂടിയിരുന്നു.പെട്രോളിന് നാല് സെന്റ് ഡീസലിന് മൂന്ന് സെന്റ് എന്നിങ്ങനെയാണ് എക്‌സൈസ് തീരുവ കൂടുക. എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചാല്‍ ഡീസലിന്റെ വില 1.80 യൂറോയും പെട്രോളിന്റേത് 1.90 യൂറോയുമാകും. ഒക്ടോബറില്‍ കാര്‍ബണ്‍ നികുതിയും വര്‍ദ്ധിക്കും.അതോടെ ഇന്ധനവില വീണ്ടും കൂടും.
എക്സൈസ് തീരുവ വര്‍ദ്ധന ഒഴിവാക്കാന്‍ ധനമന്ത്രി മീഹോള്‍ മഗ്രാത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ മീഹോള്‍ കില്‍കോയ്ന്‍ പറഞ്ഞു.
ആളുകള്‍ ഇപ്പോഴും വലിയ സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഭക്ഷണത്തിന്റെ വിലയും വര്‍ദ്ധിക്കുകയാണ്. വീടുകളിലെ ഹീറ്റിംഗ്, കുക്കിംഗ് ചെലവുകള്‍ യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്നും അസോസിയേഷന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us