നിങ്ങളുടെ ഫോണുകള്‍ നിരീക്ഷിക്കാന്‍ ഗാര്‍ഡയ്ക്ക് അനുമതി നല്‍കും ,നിങ്ങളറിയാതെ….

New Update
Hh

ഡബ്ലിന്‍: ഇസ്രായേല്‍ പോലീസ് നിയമവിരുദ്ധ സോഫ്‌റ്റ്വെയറായ പെഗാസസിന് സമാനമായ സ്‌പൈവെയര്‍ ഉപയോഗിക്കാന്‍ ഗാര്‍ഡകള്‍ക്ക് അധികാരം നല്‍കുന്ന പുതിയ നിയമം അയര്‍ലണ്ടില്‍ വരുന്നു.കമ്മ്യൂണിക്കേഷന്‍സ് (ഇന്റര്‍സെപ്ഷന്‍ ആന്‍ഡ് ലോഫുള്‍ ആക്‌സസ്) ബില്‍ എന്നറിയപ്പെടുന്ന നിയമനിര്‍മ്മാണത്തിന്റെ ഭാഗമാണ് പുതിയ നിയമം.

Advertisment

അയര്‍ലണ്ടിലെ ഗാര്‍ഡയുടെ റേഞ്ച് ഉയര്‍ത്തുന്നതിനൊപ്പം സര്‍ക്കാരിനെയും ജസ്റ്റീസ് മന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്നതുമാണ് ഈ പുതിയ നിയമം.കുറ്റവാളികളുടെ പേരില്‍ നടപ്പാക്കുന്ന നിയമം പൊതുജനങ്ങള്‍ക്കെതിരായി ദുരുപയോഗം ചെയ്യുമോയെന്നതു സംബന്ധിച്ച ആശങ്കകള്‍ ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അടക്കമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണം വളരെ വൈകിപ്പോയെന്നാണ് മന്ത്രി ജിം ഒ കല്ലഗന്റെ പക്ഷം.

കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ചാരപ്പണി നടത്താന്‍ ഗാര്‍ഡയെ അനുവദിക്കുന്ന ഈ നിയമനുസരിച്ച് വാട്ട്‌സാപ്പ് പോലുള്ള എന്‍ക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ഡിവൈസുകളിലേക്ക് ആക്‌സസ് നേടാന്‍ വിവാദ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാന്‍ സേനയെ അനുവദിക്കും.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനും സംസ്ഥാനത്തിന്റെ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനും വേണ്ടി ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ആക്‌സസ് ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗമായി രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാണ് ഗാര്‍ഡയ്ക്ക് ഈ നിയമം അനുമതി നല്‍കുക. ആവശ്യമുള്ളപ്പോള്‍ മറ്റ് അധികാരപരിധികളിലും ഈ സോഫ്ട് വെയര്‍ നിയമപരമായി ഉപയോഗിക്കാനാകുമെന്ന് വകുപ്പ് പറയുന്നു.

സ്പൈ വെയര്‍ നീളുന്ന വഴികള്‍

ഇലക്ട്രോണിക് ഉപകരണത്തിലോ നെറ്റ്വര്‍ക്കിലോ ഡാറ്റയിലേക്ക് ആക്‌സസ് നേടുക, ഒരു ഡിവൈസ് ഉപയോഗിച്ച് നടത്തിയ ആശയവിനിമയങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുക ,നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേഴ്സണല്‍/ഷെയേര്‍ഡ് ഐടി നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ ഫോര്‍ ഡെമോക്രസി ത്രൂ ലോയില്‍ നിന്ന് 2024ല്‍ യൂറോപ്പ് കൗണ്‍സിലിന് ലഭിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്തായിരിക്കും ഈ നിയമം വരികയെന്ന് മന്ത്രി വ്യക്തമാക്കി.ഇസ്രായേലി പോലീസ് പെഗാസസ് ഉപയോഗിച്ചതിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്. പെഗാസസിനെ പരമ്പരാഗത നിയമ നിര്‍വ്വഹണ ഇടപെടല്‍ ഉപകരണങ്ങളുമായി തുലനം ചെയ്യരുതെന്ന് പരാമര്‍ശിച്ച യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടും ഇതില്‍ ഉദ്ധരിക്കുന്നുണ്ട്.

യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് മുന്നറിയിപ്പ്

സുരക്ഷാ മുന്‍കരുതലുകളുടെ പേരിലാണെങ്കിലും, പെഗാസസിന്റെ ഉപയോഗം പ്രായോഗികമായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പുകളുടെ നിരീക്ഷണം. നിയമത്തിനും കോടതി നിര്‍ദ്ദേശിച്ചസുരക്ഷാ മുന്‍കരുതലുകള്‍ക്കും അനുസൃതമായി ഇത് പരിഗണിക്കാമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.പ്രൊഫഷണല്‍ പ്രിവിലേജിന്റെ സംരക്ഷണത്തോടെ ഇടപെടാന്‍ കഴിയുന്നവരെയും, പത്രപ്രവര്‍ത്തകരെയും നിയമത്തില്‍ നിന്നും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു

മന്ത്രിയെ കുരിശിലേറ്റാന്‍ പ്രതിപക്ഷം

ഐറിഷ് നിയമത്തില്‍ പെഗാസസ് ശൈലിയിലുള്ള സ്പൈവെയറിനെ സാധാരണമാക്കാന്‍ മന്ത്രി ഒ കല്ലഗന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ജസ്റ്റീസ് വക്താവ് ഗാരി ഗാനോണ്‍ ആരോപിച്ചു. അടുത്തകാലത്തെ ഏറ്റവും സ്വേച്ഛാധിപതിയായ ഐറിഷ് രാഷ്ട്രീയക്കാരനാണ് മന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിയുടേത് അതിരുകടക്കാനുള്ള പ്രവണതയാണെന്ന് സിന്‍ ഫെയനിന്റെ മാറ്റ് കാര്‍ത്തി ആരോപിച്ചു.ഗാര്‍ഡ ഷിക്കോണ (പവേഴ്സ്) ബില്ലില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന നിര്‍ദ്ദേശങ്ങളുണ്ടെന്നും കാര്‍ത്തി ചൂണ്ടിക്കാട്ടി.

നിറവേറ്റുന്നത് മന്ത്രിയെന്ന നിലയിലുള്ള കടമയെന്ന് കല്ലഗന്‍

ഗാനോണിന്റെ ആക്രമണം വളരെ വ്യക്തിപരമായതാണെന്ന് മന്ത്രി ഒ കല്ലഗന്‍ പ്രതികരിച്ചു.നിഷ്‌കളങ്കരായ കുട്ടികളടക്കമുള്ള പൗരന്മാര്‍ക്ക് ഗുരുതരമായ ദോഷം വരുത്തുന്ന കുറ്റവാളികള്‍ക്കെതിരെയുള്ള നിയമമാണിത്. ആധുനിക രീതികള്‍ വഴി നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷിക്കാനും നിയമം അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. ഈ നിയമം ശക്തിപ്പെടുത്തിയില്ലെങ്കില്‍ മന്ത്രി എന്ന നിലയില്‍ കടമ നിര്‍വഹിക്കുന്നതില്‍ താന്‍ പരാജയമാണെന്ന് വിലയിരുത്തപ്പെടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment