അയര്‍ലണ്ടിലേക്ക് ഇപ്പോള്‍ നടക്കുന്നത് പെയ്ഡ് ഇമിഗ്രേഷനെന്ന് ഗാര്‍ഡ കമ്മീഷണര്‍

New Update
76543wfghj

ഡബ്ലിന്‍: അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും അടക്കമുള്ള ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ ഗാര്‍ഡ അന്വേഷിക്കുന്നു. ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനധികൃത കുടിയേറ്റവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രത്യേകമായി അന്വേഷിക്കുന്നുണ്ടെന്ന് ഹാരിസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് യു കെയിലെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടെന്നും ഗോള്‍വേയിലെ ആന്‍ സ്പൈഡലില്‍ സംസാരിക്കവെ ഹാരിസ് പറഞ്ഞു.

Advertisment

ബ്രിട്ടന്റെ റുവാണ്ടന്‍ നാടുകടത്തല്‍ ആരംഭിച്ചതോടെ അയര്‍ലണ്ടിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കുണ്ട്. യു കെയില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി വഴിയെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ‘നിയമവിരുദ്ധമായി ഇവിടെയെത്തുന്നവരെ തിരിച്ചറിയുക എന്നതാണ് പ്രധാനം. പിന്നീട് അവര്‍ക്ക് പിന്നിലുള്ളവരെയും അറിയണം. ലാര്‍നിലെയും ബെല്‍ഫാസ്റ്റിലെയും തുറമുഖങ്ങളില്‍ നിന്ന് ആളുകളെ ഡബ്ലിനിലേക്ക് കൊണ്ടുവരുന്ന ടാക്സി കമ്പനികളുണ്ട്. നേര്‍ത്തേണ്‍ അയര്‍ലണ്ടിലെ അധികാരികളുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തില്‍ ഇടപെടും. ഇതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്’ ഹാരിസ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരില്‍ 80%വും ഈ അതിര്‍ത്തി കടന്നാണെന്ന ജസ്റ്റിസ് മന്ത്രിയുടെ വെളിപ്പെടുത്തലും പ്രശ്നമായി. അതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഗാര്‍ഡയുടെ ഇടപെടലെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടക്കുന്നത് പെയ്ഡ് കുടിയേറ്റം

യൂറോപ്പിലുടനീളം കുടിയേറ്റ കുറ്റകൃത്യങ്ങളുടെ പെരുകുകയാണ്. അയര്‍ലണ്ടില്‍ 2016ന് ശേഷമുള്ള ഏറ്റവും വലിയ ഒഴുക്കാണ് കുടിയേറ്റക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്.ക്രിമിനല്‍ സംഘങ്ങള്‍ പണമൊഴുക്കി നടത്തുന്നതാണ് ഇവയെല്ലാം തന്നെയെന്ന് കമ്മീഷണര്‍ പറഞ്ഞു.

യൂറോപ്പിന് പുറത്ത് നിന്നു ഇങ്ങോട്ടേയ്ക്ക് വഴിതിരിച്ചു വിടുന്നതാണ് ഭൂരിപക്ഷം കുടിയേറ്റവും. അതിനാല്‍ എമിഗ്രേഷന്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും പ്രത്യേകം അന്വേഷിക്കേണ്ടതുണ്ടെന്ന് ഹാരിസ് പറഞ്ഞു. അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്ന് ഹാരിസ് പറഞ്ഞു.

പരിശോധനകള്‍ ശക്തമാക്കും

പൊതുഗതാഗതങ്ങളിലും സംശയാസ്പദമായി കാണുന്ന വാഹനങ്ങളിലും പതിവ് പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.എല്ലാ ദിവസവും അതിര്‍ത്തിയില്‍ വന്‍തോതിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അധികാരികളും അവിടുത്തെ സേനയും വിവരം ലഭ്യമാക്കേണ്ടതുണ്ട്. അതിന് അനുസരിച്ച് പരിശോധനകളും ശക്തമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

നാടുകടത്താന്‍ ഗാര്‍ഡയ്ക്ക് പരമാധികാരം

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ഗാര്‍ഡയ്ക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. നാടുകടത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലേക്ക് 100ലേറെ ഗാര്‍ഡകളെ അനുവദിച്ചിട്ടുണ്ട്.

അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വേഗം തീരുമാനമെടുക്കും. അതിനായി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ (ഐ പി ഒ) സംവിധാനമുണ്ടാക്കും. അയോഗ്യരായവരോട് ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെടും.ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് നൈജീരിയയില്‍ നിന്നാണ്. ഇവരുടെ അപേക്ഷകള്‍ വളരെ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നുണ്ട്. നാടുകടത്തല്‍ കത്തുകളും വളരെ വേഗത്തില്‍ നല്‍കുന്നുണ്ട്.

ഇതുവരെ 700 ഡിപോര്‍ട്ടേഷന്‍ ഉത്തരവുകള്‍

ഈ വര്‍ഷം ഇതുവരെ 700ഡിപോര്‍ട്ടേഷന്‍ ഉത്തരവുകളാണ് നല്‍കിയത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണിതെന്ന് മന്ത്രി പറഞ്ഞു. ഇവരെ വേഗത്തില്‍ പറഞ്ഞുവിടുന്ന പ്രവര്‍ത്തനങ്ങളിലാണ് ഗാര്‍ഡ ഇപ്പോഴുള്ളത്.

ഈ വര്‍ഷം ഇതുവരെ 8,000ത്തോളം പേര്‍ അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളായെത്തിയെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സംരക്ഷണത്തിനായി 20,000ത്തിലധികം ആളുകളും വന്നിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

സ്വമേധയാ മടങ്ങിപ്പോകുന്നവരുടെ എണ്ണം ഈ വര്‍ഷം വര്‍ദ്ധിച്ചതായി അവര്‍ പറഞ്ഞു.ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഒരിടത്തും ടെന്റുകള്‍ കെട്ടാന്‍ സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

അന്‍ ഗാര്‍ഡയും ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഇന്റഗ്രേഷന്‍ വകുപ്പുമായി ചേര്‍ന്ന് ഈ ക്യാമ്പുകള്‍ നീക്കും. ടെന്റുകളില്‍ കഴിയുന്നവര്‍ക്ക് താമസസൗകര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

paid-immigration
Advertisment