/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ഡബ്ലിന്‍: ഡബ്ലിനിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു മലയാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്ലെയര്‍ഹാളിലെ ടെമ്പിള്‍വ്യൂ അവന്യൂവിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടായത്. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ കൈവശമുള്ളവരും സംഭവം നേരില്‍ക്കണ്ടവരും ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. ഡിവിഷണല്‍ സീന്‍സ് ഓഫ് ക്രൈം യൂണിറ്റ് സാങ്കേതിക പരിശോധന നടത്തി.
നോര്‍ത്ത് ഡബ്ലിനിലെ ക്ലെയര്‍ഹാളിന് സമീപത്ത് വെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച സംഭവം ഉണ്ടായത് .പിസാ ഡെലിവറിയ്ക്ക് പോയ മലയാളിയ്ക്കാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലനാരിഴയ്ക്കാണ് സാരമായ പരിക്കില്ലാതെ ഇദ്ദേഹം രക്ഷപ്പെട്ടത്.
ആക്രമണത്തിനുണ്ടായ കാരണം ഇതേവരെ അറിവായിട്ടില്ല. ഗാര്‍ഡായും ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി സംഭവത്തില്‍ പരിക്കേറ്റയാളെ ബൂമോണ്ട് ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.
‘2025 ഡിസംബര്‍ 11 വ്യാഴാഴ്ച വൈകുന്നേരം 7:49 ന് ഡബ്ലിന്‍ 17 ലെ ക്ലെയര്‍ഹാളിലെ ടെമ്പിള്‍വ്യൂ അവന്യൂവില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് ഏതെങ്കിലും വിവരങ്ങളോ തെളിവുകളോ കൈവശമുള്ളവര്‍ ഗാര്‍ഡയ്ക്ക് അവ കൈമാറണമെന്ന് ഗാര്‍ഡ വക്താവ് അഭ്യര്‍ത്ഥിച്ചു. ഈ സംഭവത്തിലെ സാക്ഷികള്‍ മുന്നോട്ട് വരണം. ക്യാമറ ദൃശ്യങ്ങള്‍ (ഡാഷ്-ക്യാം ഉള്‍പ്പെടെ) കൈവശമുള്ളവരും രാത്രി 7:30 നും രാത്രി 8:15 നും ഇടയില്‍ ഡബ്ലിന്‍ 17 ലെ ക്ലെയര്‍ഹാളിലെ ടെമ്പിള്‍വ്യൂ എസ്റ്റേറ്റിന് സമീപം സഞ്ചരിച്ചതുമായ വാഹന ഉടമകളും ദൃശ്യങ്ങള്‍ ലഭ്യമാക്കണം.
കൂലോക്ക് ഗാര്‍ഡ സ്റ്റേഷനിലെ അന്വേഷണ സംഘത്തെ 01 666 4200 എന്ന നമ്പറിലോ, ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലെ 1800 666 111 എന്ന നമ്പറിലോ ,ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ സാക്ഷികള്‍ക്ക് ബന്ധപ്പെടാം- വക്താവ് അറിയിച്ചു
സമാനരീതിയില്‍ വീണ്ടും വെടിവെയ്പ്പ്
ഇന്നലെ നോര്‍ത്ത് ഡബ്ലിന്‍ മേഖലയില്‍ സമാനരീതിയില്‍ വീണ്ടും വെടിവെയ്പ്പുണ്ടായി.
സംഭവത്തില്‍ ഒരു ഇരുപതുവയസുകാരനാണ് പരിക്കേറ്റത്.ഗാര്‍ഡ സംഭവസ്ഥലത്ത് കുതിച്ചെത്തി ആംബുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ സാരമായവയല്ലെന്നാണ് പ്രാഥമിക വിവരം.
ബാലിമണിലെ കൗള്‍ട്രി പ്രദേശത്തെ സെന്‍ട്ര ഷോപ്പിന് മുന്‍വശത്താണ് ആദ്യം വെടിവെച്ച കേട്ടത്. ആക്രമികളെ കണ്ട യുവാവ് ഓടാന്‍ ശ്രമിച്ചുവെന്നും, തുടര്‍ന്ന് കൗള്‍ട്രി ടെറസ് പ്രദേശത്ത് വെച്ച് ഇയാളുടെ നേരെ വെടിവെപ്പ് നടന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പിനിടെ ഒരു വെടിയുണ്ട തലയില്‍ ചെറുതായി തട്ടി കടന്നുപോയതേയുള്ളു എന്നതിനാല്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സാങ്കേതിക പരിശോധനയ്ക്കായി സംഭവ പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു.
വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. വെടിവെപ്പ് നടന്നതിന് കുറച്ചുസമയത്തിന് ശേഷം ഡബ്ലിന്‍ 5ലെ കില്ബാരണ്‍ റോഡില്‍ ഒരു മോട്ടോര്‍ വാഹനം കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടെത്തി. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകാമെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്.
”ഈ രണ്ട് സംഭവങ്ങളില്‍ ഏതെങ്കിലും കണ്ടിട്ടുള്ളവര്‍ മുന്നോട്ടുവരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6:50 മുതല്‍ 8:10 വരെ ഡബ്ലിന്‍ 9ലെ കൗള്‍ട്രി ടെറസ് പ്രദേശത്തോ ഡബ്ലിന്‍ 5ലെ കില്ബാരണ്‍ റോഡിലോ യാത്ര ചെയ്തിരുന്നവര്‍ക്ക് ക്യാമറ ദൃശ്യങ്ങള്‍ (ഡാഷ്‌ക്യാം ഉള്‍പ്പെടെ) ഉണ്ടെങ്കില്‍, അത് അന്വേഷണം നടത്തുന്ന ഗാര്‍ഡയ്ക്ക് ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു.”അറിയിപ്പില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us