അയർലണ്ടിൽ കാർ കൂളിങ് ഫിലിമിന് തടയിട്ട് ഗാർഡ; ഡ്രൈവർമാർ സൂക്ഷിക്കുക

New Update
Hdhdjdj

കൗണ്ടി ഡോണഗലില്‍ വെളിച്ചം അമിതമായി തടയുന്ന കാര്‍ കൂളിങ് ഫിലിമുകള്‍ ഒട്ടിച്ച ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. ഡോനെങ്ങൾ ടൌൺ റോഡ്സ് പോലീസിങ് യൂണിറ്റ് ആണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ നിരവധി കാറുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും, അനുവദനീയമായതിലും കൂടുതല്‍ കട്ടിയുള്ള ഫിലിമുകള്‍ ഒട്ടിച്ച കാര്‍ ഡ്രൈവര്‍മാര്‍ക്ക് അവ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.

Advertisment

വിന്‍ഡോയിലൂടെ കടക്കുന്ന വെളിച്ചത്തിന്റെ അളവ് പ്രത്യേക ഉപകരണം വച്ച് അളന്നാണ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത്. നിരവധി നിയമലംഘനങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡ അറിയിച്ചു.

അനുവദനീയമായ അളവിലും വെളിച്ചം കുറച്ച് മാത്രം കടക്കുന്ന തരത്തില്‍ ഫിലിം ഒട്ടിച്ചാല്‍, അത് ഡ്രൈവിങ്ങിനെയും, സുരക്ഷയെയും ബാധിക്കുമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ചും രാത്രിയില്‍ പുറംകാഴ്ചയെ അത് മറയ്ക്കും. പുറത്ത് നിന്നും ഡ്രൈവര്‍മാരെയും മറ്റും വ്യക്തമായി കാണാനാകാത്ത തരത്തില്‍ ഇങ്ങനെ ഫിലിം ഒട്ടിക്കുന്നത് ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മുതലായ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് തടസം സൃഷിക്കുകയും ചെയ്യും.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍, മുന്‍വശത്തെ വിന്‍ഡോകള്‍ എന്നിവയ്ക്കാണ് വെളിച്ചം കടക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുള്ളത്. കുറഞ്ഞത് 65% വെളിച്ചമെങ്കിലും ഇവയിലൂടെ കടക്കണമെന്നാണ് നിയമം. കമ്പനികള്‍ തന്നെ ഇത്തരം ടിന്റെഡ് വിൻഡോസ്‌ വാഹനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും, പുറത്ത് നിന്നും വേറെ ഫിലിം ഒട്ടിക്കുന്നത് മിക്കപ്പോഴും നിയമലംഘനത്തിന് കാരണമാകുമെന്നും ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

Advertisment