സെന്റ് പാട്രിക്സ് ഡേയിൽ സമരത്തിനൊരുങ്ങി ഗാർഡ; ആഘോഷം അവതാളത്തിലാകുമെന്ന് ആശങ്ക

New Update
bbbgy6777777777777777

ശമ്പളം, അലവന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സെന്റ് പാട്രിക്‌സ് ഡേയില്‍ സമരത്തിനൊരുങ്ങി ഗാര്‍ഡ. റാങ്ക് ആന്‍ഡ് ഫയല്‍ ഗാര്‍ഡകളുടെ സംഘടനയായ ദി ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്‍ (ജി ആർ എ) ആണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisment

സമ്പൂര്‍ണ്ണമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരമായി സെന്റ് പാട്രിക്‌സ് ഡേയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡ അംഗങ്ങള്‍ക്ക് പുറമെ അഡീഷണല്‍ സപ്പോര്‍ട്ട് നല്‍കുന്നതില്‍ നിന്നും വിട്ടുനല്‍കാനാണ് അംഗങ്ങളുടെ തീരുമാനം. ഇത് സെന്റ് പാട്രിക്‌സ് ഡേയിലും, അനുബന്ധ പരിപാടികള്‍ നടക്കുന്ന ദിവസങ്ങളിലും, പ്രത്യേകിച്ചും പരേഡുകളിലും ഗാര്‍ഡകളുടെ എണ്ണക്കുറവിന് കാരണമാകും. അന്നേദിവസം ജോലി ചെയ്യുന്ന മിക്ക ഗാര്‍ഡകളും ഓവര്‍ടൈം ഡ്യൂട്ടിയില്‍ ആകും. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ.

പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ഇതിന് പുറമെ രാജ്യത്ത് നടക്കുന്ന അന്താരാഷ്ട്ര പരിപാടിയായ ഇയു പ്രസിഡന്‍സി ചടങ്ങില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമെന്നും ജി ആർ എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 16, 17, 18 തീയതികളില്‍ സെന്റ് പാട്രിക്‌സ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ ഇത്തരം സമരരീതിയുമായി മുമ്പോട്ട് പോകുമെന്നാണ് ജി ആർ എ അറിയിച്ചിരിക്കുന്നത്. സമരം നടത്താന്‍ ആഗ്രഹമില്ലെങ്കിലും ഇതല്ലാതെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് ജി ആർ എ പ്രസിഡന്റ് മാര്‍ക്ക് ഒമീറ പറഞ്ഞു. വളരെ മുമ്പ് തന്നെ അംഗീകരിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ ആറ് മാസവും നടക്കുന്ന ‘പ്രസിഡന്‍സി ഓഫ് ദി കൗണ്‍സില്‍ ഓഫ് ഇയു’വിന് ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് അയര്‍ലണ്ട് ആതിഥ്യമരുളുക. പരിപാടിയില്‍ ഇയു മന്ത്രിമാരുമായി ഐറിഷ് മന്ത്രിമാര്‍ 170-ഓളം കൂടിക്കാഴ്ചകളാണ് നടത്തുക. ഈ പരിപാടി നിയന്ത്രിക്കുന്നതില്‍ നിന്നും, സുരക്ഷയൊരുക്കുന്നതില്‍ നിന്നും ഗാര്‍ഡ വിട്ടുനിന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ജി ആർ എ വാര്‍ഷികയോഗത്തിലാകും അന്തിമതീരുമാനമെടുക്കുക.

Advertisment