കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയ 19,000-ഓളം വാഹനങ്ങള്‍ പിടികൂടി ഗാര്‍ഡ. 2023-നെ അപേക്ഷിച്ച് 67% വര്‍ദ്ധനവാണിതെന്നും ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റബസ് (IMID), ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്, ആൻ ഗാർഡ സോച്ചനെ, ഇൻഷുറൻസ് അയർലണ്ട് എന്നിവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗതാഗതവകുപ്പ് തയ്യാറാക്കിയ ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റബസ് (IMID) പരിശോധിച്ചാല്‍ രാജ്യത്ത് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. ഇത് നോക്കിയാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നത്.
2024 അവസാനമായപ്പോഴേയ്ക്കും രാജ്യത്തെ 3.5 മില്യണ്‍ വാഹനങ്ങളുടെയും, 5.5 മില്യണ്‍ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് ഗാര്‍ഡയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ എല്ലാവരുടെയും വ്യക്തിഗത ഡ്രൈവര്‍ നമ്പറുകളും (ലൈസന്‍സില്‍ കോഡ് 4d എന്ന് കാണുന്നത്) ഐ എം ഐ ഡി ഡാറ്റാബേസില്‍ ചേര്‍ക്കും. ഈ നമ്പര്‍ ഇല്ലാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് അനുവദിക്കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്യും. അതായത് ഈ മാസത്തിന് ശേഷം വാഹനം ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ ഡ്രൈവര്‍മാര്‍ ലൈസന്‍സ് നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്.
മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ളത് പോലെ റോഡിലെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഉടനടി ഗാര്‍ഡ പോലുള്ള അധികാരികള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനത്തിനായി തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് മോട്ടോർ ഇൻഷുറർസ് ’ ബുറേയ് ഓഫ് അയർലണ്ട് (MIBI) മേധാവി ഡേവിഡ് ഫിറ്റ്‌സെജെറാള്‍ഡ് പറഞ്ഞു. ഇത് നിലവില്‍ വന്ന ശേഷം ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനവുമായി റോഡിലിറങ്ങുന്നവരെ പിടികൂടാന്‍ ഗാര്‍ഡയ്ക്ക് എളുപ്പമായി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.