പ്ലാസ്റ്റിക് ബാഗ് മനുഷ്യരൂപത്തിലാക്കി കാറിന് നേരെ എറിഞ്ഞു; ഡോണഗലിൽ വ്യാജ അപകടം സൃഷ്ടിച്ചവരെ തേടി ഗാർഡ

New Update
Hhcfgv

കൗണ്ടി ഡോണഗലില്‍ പ്ലാസ്റ്റിക് ബാഗുകള്‍ മനുഷ്യരൂപം പോലെയാക്കി, അതില്‍ നിറയെ കെച്ചപ്പ് ഒഴിച്ച് റോഡിലൂടെ പോകുകയായിരുന്ന കാറിന് മുന്നിലേക്കെറിയുകയും, കാര്‍ ഇടിച്ച് അപകടം ഉണ്ടായത് പോലെ വ്യാജപ്രതീതി സൃഷ്ടിക്കുകയും ചെയ്ത ചെറുപ്പക്കാരെ തേടി ഗാര്‍ഡ.

Advertisment

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 12.30-ഓടെ മിൽഫോഡ് ഗ്രാമത്തിലെ ക്രാൻഫർഡിലുള്ള ദി പൻസിലെ ആർ245-ലാണ് സംഭവം. കാര്‍ ഡ്രൈവര്‍ താന്‍ ആരെയോ ഇടിച്ചുവെന്ന് കരുതി ഭയപ്പെട്ട് വണ്ടി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗും കെച്ചപ്പുമാണെന്ന് വ്യക്തമായത്. അപകടത്തില്‍ കാറിനും കേടുപാടുകളുണ്ടായിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ മൂന്ന് ചെറുപ്പക്കാരാണെന്നും, അവരെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചതായും ഗാര്‍ഡ പറഞ്ഞു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു വെളുത്ത കാറിലാണ് ഇവര്‍ ഉണ്ടായിരുന്നത്. ജൂലൈ 20 ഞായറാഴ്ച രാത്രി 12.30 മുതല്‍ 1 മണി വരെ പ്രദേശത്ത് കൂടെ ഡാഷ് ക്യാമറയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിരിക്കാം. അപകടം ഉണ്ടാക്കിയ ശേഷം ഉടന്‍ തന്നെ ഇവര്‍ കാറുമായി കറിഗാർട്ട് ഭാഗത്തേയ്ക്ക് പോയി.

സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും, പ്രതികളുടെ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈയിലുള്ളവരോ, മറ്റ് വിവരങ്ങളോ അറിയാവുന്നവരോ ഉണ്ടെങ്കില്‍ 074 9153060 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മിൽഫോഡ് ഗാര്‍ഡ അറിയിച്ചു.

Advertisment