ലൌത്തിലെ ഡൺലീർ പ്ലാന്റിൽ നിന്ന് 2025 ഒക്ടോബറിനുള്ളില്‍ 70 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഹീറ്റിംഗ് ഉപകരണ നിർമ്മാണ കമ്പനിയായ ഗ്ലെൻ ഡിമ്പ്ലെക്‌സ് അറിയിച്ചു.
തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ പുനർവിന്യാസവും പരിശീലന പിന്തുണ നൽകുന്നതിനും മാനേജ്മെന്റ് ഡൺലീറിലെ തൊഴിലാളി പ്രതിനിധികളോടും ട്രേഡ് യൂണിയനുകളോടും പ്രാദേശിക പരിശീലന-പിന്തുണ ഏജൻസികളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് ഗ്ലെൻ ഡിമ്പ്ലെക്‌സ് പ്രസ്താവനയിൽ അറിയിച്ചു.
യൂറോപ്പിൽ ഹീറ്റ് പമ്പുകളുടെ വിപണി വലിയ തോതിൽ കുറയുന്ന സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്, ഇതിന് പിന്നിൽ രാഷ്ട്രീയ ഘടകങ്ങൾ, നയമാറ്റങ്ങൾ, പിന്തുണാ പദ്ധതികളിൽ വന്ന മാറ്റങ്ങൾ, കൂടാതെ ഗ്യാസ് വിലയില്‍ ഉണ്ടായ കുറവ് എന്നിവയാണെന്നു കമ്പനി അറിയിച്ചു.
ഫെബ്രുവരി 2024-ൽ, അയര്‍ലണ്ടിലും ലിത്വാനിയയിലുമായി കമ്പനിയുടെ പ്രവർത്തനങ്ങളിൽ വലിയ പുനഃസംഘടനയും നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 300 ഓളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകാമെന്ന് പറഞ്ഞിരുന്നെങ്കിലും 2029-ഓടെ 200 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കമ്പനി അറിയിച്ചിരുന്നു.
ലേബർ പാർട്ടി ടിഡി ഗെഡ് നാഷ് പ്രഖ്യാപനത്തെ “ദുരന്തം” എന്ന് വിശേഷിപ്പിച്ചു, ഇത് തൊഴിലാളികള്‍ക്കും, അവരുടെ കുടുംബങ്ങൾക്കും, ഡൺലീർ, മിഡ്-ലൗത്ത് കമ്മ്യൂണിറ്റിക്കും വലിയ നഷ്ടമാണ്. പിരിച്ചുവിടലുകൾ ഒഴിവാക്കാൻ കഴിയാതെ വന്നാൽ, കമ്പനി യൂണിയനുകളുമായി സഹകരിച്ച് ഒരു ന്യായമായ പിരിച്ചുവിടൽ പ്രക്രിയ നടപ്പിലാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.