/sathyam/media/media_files/2025/10/13/kkhj-2025-10-13-04-09-06.jpg)
ചെറിയ ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം. ഏതാനും നാളുകളായി ഡബ്ലിനില്‍ ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളും, അധിക്ഷേപങ്ങളും കുറഞ്ഞു എന്ന് കരുതുന്നതിനിടെയാണ് പുതിയ സംഭവം. ഡബ്ലിനില്‍ താമസിക്കുന്ന സ്വാതി വര്‍മ്മ എന്ന വ്യക്തിക്കാണ് ഒക്ടോബര്‍ 8-ആം തീയതി ഒരു ഐറിഷ് വനിതയില്‍ നിന്നും വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇതിന്റെ വീഡിയോ സ്വാതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ജിമ്മില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി തന്നെ സമീപിച്ച ഒരു സ്ത്രീ, ‘നിങ്ങളിവിടെ എന്താണ് ചെയ്യുന്നത്? നിങ്ങളെന്താണ് ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകാത്തത്?’ എന്ന് ചോദിച്ചുകൊണ്ട് തന്നെ സമീപിക്കുകയായിരുന്നു എന്ന് സ്വാതി പറയുന്നു. തുടര്‍ന്ന് ‘നിങ്ങള്‍ക്ക് വര്‍ക്ക് വിസ ഉണ്ടോ?’ എന്നും സ്ത്രീ ചോദിച്ചു. താനിവിടെ ജോലി ചെയ്യുകയാണെന്നും, നികുതി അടയ്ക്കുന്നുണ്ടെന്നും മറുപടി നല്‍കിയ സ്വാതിയോട് ‘നിങ്ങള്‍ വലിയ തെറ്റാണ് ചെയ്യുന്നത്, ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകൂ’ എന്നാണ് സ്ത്രീ പറഞ്ഞത്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (ഡി സി യു)-യുടെ ബാഡ്ജാണ് ഇവര്‍ ധരിച്ചിരുന്നതെന്നും സ്വാതി പറയുന്നു. സംഭവത്തിന്റെ വീഡിയോയും സ്വാതി പങ്കുവച്ചിട്ടുണ്ട്.
പിന്നീട് സ്വാതിയുടെ നേരെ നീങ്ങിയ സ്ത്രീ, ആക്രമിക്കാനെന്ന ഭാവത്തില്‍ അടുത്തെത്തുകയും ചെയ്തു. അവിടെ നിന്നും പോകാന്‍ ശ്രമിച്ച സ്വാതിയോട് അധിക്ഷേപവാക്കുകള്‍ പറഞ്ഞ സ്ത്രീ, ‘ഞാനാണ് അധികാരി, ഞാനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്’ മുതലായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുവെന്നും സ്വാതി പറയുന്നു.
സംഭവത്തില്‍ താനാകെ ഭയപ്പെട്ടു പോയെന്ന് പറഞ്ഞ സ്വാതി, ഇത് സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ലെന്നും, വംശീയമായ വിവേചനം, ഭീഷണിപ്പെടുത്തല്‍, വിദ്വേഷം എന്നിവ നമുക്ക് ചുറ്റും സൈര്യവിഹാരം നടത്തുകയാണെന്നും സ്വാതി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.