/sathyam/media/media_files/2025/12/04/1f-2025-12-04-05-07-45.jpg)
ഡബ്ലിന്‍: ഡബ്ലിന്‍ പോര്‍ട്ടില്‍ സാധന സാമഗ്രികള്‍ക്ക് നികുതി ചുമത്താനുള്ള സര്‍ക്കാര്‍ നീക്കം വിമര്‍ശിക്കപ്പെടുന്നു.ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും നിര്‍മ്മാണ സാമഗ്രികളുടെയും വില വര്‍ദ്ധിക്കുമെന്ന ആക്ഷേപമാണുയരുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച് മുതലാണ് പുതിയ മാറ്റങ്ങള്‍ വരുന്നത്.കണ്ടെയ്നറിന്റെ വിലയില്‍ 5% വര്‍ദ്ധനവും കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജായി 15 യൂറോയുമാണ് ചുമത്തുന്നത്.ഐറിഷ് റോഡ് ഹൗളിയേഴ്‌സ് അസോസിയേഷന്‍ (ഐ ആര്‍ എച്ച എ) ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
അയര്‍ലണ്ടിലേക്കും പുറത്തേക്കും വരുന്ന ഒരു കണ്ടെയ്നറിന്റെ വിലയില്‍ 46% വര്‍ദ്ധനവുണ്ടാക്കുന്നതാണ് ഈ നീക്കമെന്ന് ഐ ആര്‍ എച്ച് എ കുറ്റപ്പെടുത്തി.കണ്ടെയ്നറിന്റെ മൊത്തത്തിലുള്ള ചെലവില്‍ 17 യൂറോയുടെ വര്‍ദ്ധനവുണ്ടാകും. ഇതോടെ 53യൂറോയായി ഇത് ഉയരും.ഡബ്ലിന്‍ തുറമുഖത്തെ ശരാശരി ഷിപ്പിംഗ് കണ്ടെയ്നറില്‍ 100,000 യൂറോ വിലയുള്ള സാധനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
വിലക്കയറ്റമുണ്ടാക്കും
ഈ പുതിയ നിരക്കുകള്‍ സൂപ്പര്‍മാര്‍ക്കറ്റ് വിലകളും ഇന്ധന വിലകളും വര്‍ദ്ധിപ്പിക്കും.നിര്‍മ്മാണ സാമഗ്രികളുടെ വിലയും കൂടുന്നതിന് കാരണമാകുമെന്ന് ആശങ്കയുമുയര്‍ന്നിട്ടുണ്ട്.പുതിയ നിരക്കുകള്‍ അയര്‍ലണ്ടിന്റെ മത്സരശേഷിയെയും അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കാനുള്ള കഴിവിനെയും അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്.ഐറിഷ് ഇറക്കുമതിക്കാരുടെയും കയറ്റുമതിക്കാരുടെയും ലോജിസ്റ്റിക്സ് ഓപ്പറേറ്റര്‍മാരുടെയും മത്സരശേഷിയെ ദുര്‍ബലപ്പെടുത്താന്‍ ഈ നടപടി കാരണമാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റേപ്പിളുകളില്‍ 55% വര്‍ദ്ധനവുണ്ടായി.ഈ സമയത്ത് ഇത്തരത്തിലുള്ള ഹിഡന്‍ താരിഫുകള്‍ ഗതാഗത മന്ത്രി കൊണ്ടുവന്നത് ഞെട്ടിക്കുന്നതാണെന്ന് ഐ ആര്‍ എച്ച് എ പ്രസിഡന്റ് ഗെര്‍ ഹൈലാന്‍ഡ് ആരോപിച്ചു.
ഐറിഷ് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും 15% താരിഫ് ചുമത്തിയതിന് നമ്മള്‍ ട്രംപിനെ വിമര്‍ശിച്ചിരുന്നു.അതേ നമ്മളാണ് ഐറിഷ് വ്യാപാരത്തിന് മേല്‍ പിന്‍വാതില്‍ താരിഫ് ചുമത്തിയിരിക്കുന്നത്.ഡബ്ലിന്‍ തുറമുഖത്തെ അടിസ്ഥാന സൗകര്യ പദ്ധതികളിലെ നിക്ഷേപം കെറി, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധനവിന് കാരണമാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
മാറ്റങ്ങള്‍ വരുത്തിയത് കൂടിയാലോചനകള്‍ക്ക് ശേഷം
ഉപഭോക്താക്കളുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഡബ്ലിന്‍ പോര്‍ട്ട് വിശദീകരിച്ചു.പുതിയ നിരക്കുകള്‍ മാസ്റ്റര്‍പ്ലാന്‍ 2040ന്റെ അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ടുള്ളതാണെന്നും ഡബ്ലിന്‍ പോര്‍ട്ട് കമ്പനി വക്താവ് പ്രസ്താവനയില്‍ വിശദീകരിച്ചു.
2040 വരെ ഡബ്ലിന്‍ പോര്‍ട്ടിന് ശേഷി പരിമിതികള്‍ ഉയര്‍ന്നുവരില്ലെന്ന് ഉറപ്പാക്കാനാണ് മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നത്.ഇതിനായി വാര്‍ഷിക മൂലധന നിക്ഷേപം 65 മില്യണ്‍ യൂറോയില്‍ നിന്ന് 2025നും 2030നുമിടയില്‍ 170 മില്യണായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പോര്‍ട്ടിന്റെ വക്താവ് പറഞ്ഞു.
ഓരോ വര്‍ഷവും 165 ബില്യണ്‍ യൂറോയുടെ വ്യാപാരമാണ് പോര്‍ട്ടില്‍ നടക്കുന്നത്. ഈ ശേഷി നിലനിര്‍ത്തുന്നതിന് തുടര്‍ച്ചയായ നിക്ഷേപം അത്യാവശ്യമാണ്.പുതുക്കിയ നിരക്കുകളും അടിസ്ഥാന സൗകര്യ ലെവി ഏര്‍പ്പെടുത്തലും ഈ നിക്ഷേപത്തിന് അത്യാവശ്യമാണ്. ഇതൊന്നും പണപ്പെരുപ്പമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us