ഗള്‍ഫിലുള്ള ഐറിഷുകാര്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാന്‍ ആലോചനയുമായി സര്‍ക്കാര്‍

New Update
V

ഡബ്ലിന്‍: മധ്യപൂര്‍വ്വേഷ്യയില്‍ വഷളാകുന്ന സംഘര്‍ഷാവസ്ഥകളെ തുടര്‍ന്ന് അവിടെയുള്ള 22,000 ഐറിഷ് പൗരന്മാര്‍ക്ക് ആവശ്യമെങ്കില്‍ വേണ്ടത്ര പിന്തുണ നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചു.ഐറിഷ് പൗരന്മാരോട് വീടുകളില്‍ തന്നെ തുടരാനുള്ള സുരക്ഷാ സന്ദേശമാണ് ഐറിഷ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Advertisment

മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷാവസ്ഥ ഉടന്‍ ശമിക്കാനുള്ള സാധ്യത കുറഞ്ഞതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്ക- ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കും ഇറാന്റെ പ്രതികരണങ്ങള്‍ക്കും പിന്നാലെ യുദ്ധം പ്രാദേശിക തലത്തില്‍ വ്യാപിക്കുകയാണെന്ന ആശങ്ക ശക്തമാണ്. എണ്ണവിലയും ആഗോള സമ്പദ്വ്യവസ്ഥയും ബാധിക്കാമെന്ന മുന്നറിയിപ്പും യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നു. അതേസമയം, സംഘര്‍ഷം ദീര്‍ഘകാല യുദ്ധമായി മാറാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമാക്കിയിരിക്കുകയാണ്.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ പരിഹാര പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഗണനയിലാണ്.

ഇന്ന് രാവിലെ ഐറിഷ് വിദേശകാര്യ മന്ത്രി ഹെലന്‍ മക്എന്റി മധ്യപൂര്‍വ്വേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബാധിതരായ ഐറിഷ് പൗരന്മാര്‍ക്കായി ആവശ്യമായാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ സംഭവവികാസങ്ങള്‍ എങ്ങനെ മുന്നേറുന്നു എന്നത് വിലയിരുത്താന്‍ കഴിഞ്ഞ 72 മണിക്കൂറായി മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ തുടരുമെന്ന് സൂചനയുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ഏകോപനം ശക്തമാക്കി വലിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തയ്യാറെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിയന്ന ഫേയില്‍ എംഇപി ബാരി ആന്‍ഡ്രൂസാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ഥിതി ദിനംപ്രതി വഷളാകുകയാണെന്നും ഇനി സമയം കളയാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷത്തിന്റെ കേന്ദ്രങ്ങളില്‍ നിന്ന് അകലെയുള്ള വിമാനത്താവളങ്ങളിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള സാധ്യതകള്‍ എല്ലാ യൂറോപ്യന്‍ പങ്കാളികളും സജീവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് ലഭ്യമായ വിവരം

മധ്യപൂര്‍വ്വേഷ്യയിലെ വ്യോമയാന മേഖലകള്‍ വലിയൊരു ഭാഗം ഇപ്പോഴും പൂര്‍ണമായി തുറന്നിട്ടില്ല . ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലെയും എയര്‍സ്‌പേസുകളിലെയും പ്രവര്‍ത്തനം സജീവമല്ല. ഇതുകൊണ്ട് ആ മേഖലയില്‍ നിന്ന് നേരിട്ട് അയര്‍ലണ്ടിലേക്ക് വരുന്ന റഗുലര്‍ ഫ്‌ലൈറ്റുകള്‍ റദ്ദാകുകയും ,സമയം പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതേ വരെ ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള അയര്‍ലണ്ട് വിമാനങ്ങളൊന്നും സര്‍വീസ് ആരംഭിച്ചതായി വിവരം ലഭിച്ചിട്ടില്ല.

Advertisment