അയർലണ്ടിൽ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ഹെൽമെറ്റ്, തിളങ്ങുന്ന ജാക്കറ്റ് എന്നിവ നിർബന്ധമാക്കാൻ സർക്കാർ; 16 വയസിൽ താഴെയുള്ളവർ ഓടിച്ചാൽ കടുത്ത ശിക്ഷ

New Update
G

രാജ്യത്ത് ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭയുടെ നീക്കം. ഹെല്‍മറ്റുകള്‍ക്കൊപ്പം വേഗപരിധി, പ്രായം കുറഞ്ഞവര്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് വിലക്ക് തുടങ്ങിയ നിയമങ്ങള്‍ കര്‍ശനമാക്കാനും ആലോചന നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്ന് പേരാണ് രാജ്യത്ത് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ മരിച്ചത്.

Advertisment

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, റോഡ് സുരക്ഷാ സഹമന്ത്രി ഷോണ്‍ കാനി എന്നിവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും, വൈകാതെ ഗതാഗതവകുപ്പ് മന്ത്രി ഡാര ഒബ്രിയനുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുമെന്നും ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍മറ്റിനൊപ്പം തിളങ്ങുന്ന ജാക്കറ്റുകളും ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധമാക്കിയേക്കും. അതേസമയം ഇ-സ്‌കൂട്ടറുകള്‍ രജിസ്റ്റര്‍ ചെയ്യുക, ഉപയോക്താക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുക എന്നിവ സര്‍ക്കാര്‍ പരിഗണിച്ചേക്കില്ല.

നിലവില്‍ ഇവ ഉപയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയോ, ലൈസന്‍സ് എടുക്കുകയോ വേണ്ട. ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയും ആവശ്യമില്ല. ഹെല്‍മറ്റ്, തിളങ്ങുന്ന ജാക്കറ്റ് എന്നിവ ധരിക്കേണ്ടതും നിയമപരമായി നിര്‍ബന്ധമല്ല. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കരുത്, വേഗത 20 കി.മീയില്‍ കൂടരുത്, ഫുട്പാത്തില്‍ ഇവ ഓടിക്കരുത്, ഒരാളില്‍ കൂടുതല്‍ ഇവയില്‍ യാത്ര ചെയ്യരുത് എന്നിവയാണ് നിലവിലെ നിയമങ്ങള്‍.

എന്നാല്‍ 16 തികയാത്ത നിരവധി കുട്ടികള്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ പെടുന്ന കുട്ടികളുടെ തലയ്ക്ക് കാര്യമായ ക്ഷതമേല്‍ക്കുന്നതായി ഡോക്ടര്‍മാര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment